നയ്റോബി: നൈജീരിയയിൽ വീണ്ടും ക്രൈസ്തവ കൂട്ടക്കൊല. കഴിഞ്ഞ ദിവസങ്ങളിൽ മൂന്നു വയസുള്ള ഒരു പെൺകുട്ടി ഉൾപ്പെടെ പത്തു ക്രൈസ്തവരാണ് കൊല്ലപ്പെട്ടത്. കദുനാ സംസ്ഥാനത്തെ കജ്ജൂരാ ഗ്രാമത്തിൽ മുസ്ലിം ഫുലാനി തീവ്രവാദികളാണ് ക്രൈസ്തവ വേട്ട നടത്തിയത്.
ഫുലാനി അക്രമകാരികൾ കദുനാ സംസ്ഥാനത്ത് നടത്തിവരുന്ന ക്രൈസ്തവ കൂട്ടക്കൊലകളിൽ ഏറ്റവും പുതിയതാണ് ഈ സംഭവമെന്നു യുകെ കേന്ദ്രമായുള്ള ക്രിസ്ത്യൻ സോളിഡാരിറ്റി വേൾഡ് വൈഡ് എന്ന സംഘടന വ്യക്തമാക്കി.
വാക്കത്തിക്ക് വെട്ടിയാണ് തീവ്രവാദികൾ ക്രൈസ്തവരെ കൊലപ്പെടുത്തിയത്. മൂന്നുവയസുകാരിയായ കുട്ടിയുടെ തലയിൽ മൂർച്ചയേറിയ വാക്കത്തികൊണ്ടുള്ള നിരവധി മുറിവുകളുണ്ടായിരുന്നു. ജൂൺ നാലിന് ആശുപത്രിയിൽവച്ചാണ് കുട്ടിയുടെ അന്ത്യം. ആക്രമണത്തിൽ പരിക്കേറ്റ നിരവധി ക്രൈസ്തവർ ചികിത്സയിൽ കഴിയുകയാണ്.
നൈജീരിയയുടെ വടക്കൻ പ്രദേശങ്ങളിൽ ബൊക്കോഹറാമും മധ്യഭാഗങ്ങളിൽ ഫുലാനിയും ക്രൈസ്തവ വേട്ട തുടരുന്നതിന്റെ പ്രധാന കാരണം നൈജീരിയൻ ഭരണകൂടത്തിന്റെ പരാജയവും തീവ്രവാദികളോടുള്ള നിസംഗതയുമാണെന്നു ക്രിസ്ത്യൻ സോളിഡാരിറ്റി കുറ്റപ്പെടുത്തി.
അബൂജാ മെത്രാപ്പോലീത്ത ഇഗ്നേഷ്യസ് കായിഗാമ, തീവ്രവാദികളെ അമർച്ചചെയ്യണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു. അതേസമയം, കൂട്ടക്കൊലയെ ശക്തമായി അപലപിച്ച് സൗദി അറേബ്യയും യുഎഇയും രംഗത്തുവന്നിട്ടുണ്ട്.
2015-നു ശേഷം 11,500 ക്രൈസ്തവര്‍ നൈജീരിയയില്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.