തെലുങ്കിലെ യുവ നടിയായ നിഹാരിക കൊനിഡേലയുടെ വിവാഹമോചനം വലിയ തോതിൽ ചർച്ചയായതാണ്. ബിസിനസുകാരനായ ചൈതന്യ ജെവിയെയാണ് നിഹാരിക വിവാഹം ചെയ്തത്. രണ്ടു വർഷം മാത്രമേ ഇവരുടെ ബന്ധത്തിന് ആയുസുണ്ടായുള്ളൂ.
തെലുങ്ക് സൂപ്പർതാരങ്ങളായ ചിരഞ്ജീവി, പവൻ കല്യാൺ എന്നിവരുടെ സഹോദരൻ നാഗേന്ദ്ര ബാബുവിന്റെ മകളാണ് നിഹാരിക. അതുകൊണ്ടു വിവാഹമോചനം വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. വിവാഹമോചനത്തെക്കുറിച്ചു പല ഗോസിപ്പുകൾ വന്നെങ്കിലും നിഹാരികയോ ചൈതന്യയോ ഇതേക്കുറിച്ചു പ്രതികരിച്ചില്ല.
എന്നാൽ കഴിഞ്ഞ ദിവസം വിവാഹമോചനത്തെക്കുറിച്ച് ഒരഭിമുഖത്തിൽ നിഹാരിക തുറന്നു സംസാരിച്ചു. വിവാഹ ജീവിതം എനിക്കൊരു പാഠമായിരുന്നു. ആരെയും എളുപ്പം വിശ്വസിക്കാൻ പാടില്ലെന്നു ഞാൻ മനസിലാക്കി. വിവാഹ ജീവിതത്തെക്കുറിച്ച് ആലോചിക്കുമ്പോൾ ഇപ്പോഴും കരയാറുണ്ട്.
കാരണം വിവാഹം ഒരു ചെറിയ കാര്യമല്ല. പിരിയണമെന്നു വിചാരിച്ച് ആരും വിവാഹിതരാകുന്നില്ല. പ്രതീക്ഷിച്ചതു പോലെയല്ല എന്റെ വിവാഹ ജീവിതം മുന്നോട്ടുപോയത്. കുടുംബവും അടുത്ത സുഹൃത്തുക്കളുമല്ലാതെ മറ്റുള്ളവർ പറയുന്നതൊന്നും ഞാൻ കാര്യമാക്കാറില്ല. രണ്ടു വർഷത്തിനുള്ളിൽ കുടുംബ ബന്ധങ്ങളുടെ മൂല്യം മനസിലാക്കി. കാരണം വിഷമഘട്ടത്തിൽ അച്ഛനും അമ്മയും മാത്രമേ നമുക്കൊപ്പം ഉണ്ടാകൂ. വളരെയധികം ബുദ്ധിമുട്ടിയ സമയത്തും അച്ഛനും അമ്മയും ഒപ്പം നിന്നു- നിഹാരിക തുറന്നു പറഞ്ഞു. പരാമർശം വലിയ തോതിൽ ചർച്ചയായതോടെ നിഹാരികയുടെ മുൻ ഭർത്താവ് ചൈതന്യ പ്രതികരണവുമായെത്തി.
യൂട്യൂബിൽ നിഹാരികയുടെ അഭിമുഖം പോസ്റ്റ് ചെയ്തതിനു പിന്നാലെ വീഡിയോയ്ക്കു താഴെ കമന്റ് ചെയ്യുകയായിരുന്നു ചൈതന്യ. ഇന്റർവ്യൂ ചെയ്ത അവതാരകനോടാണ് ചൈതന്യ തന്റെ എതിർപ്പറിയിച്ചത്. നിഹാരികയ്ക്കെതിരേ വരുന്ന നെഗറ്റിവിറ്റി ഇല്ലാതാക്കാൻ താങ്കൾ നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിക്കുന്നു.
പക്ഷെ വിക്ടിം ടാഗുകൾ ഒരാൾക്കു മാത്രം കൊടുക്കുന്നതു ശരിയല്ലെന്നും ചൈതന്യ വ്യക്തമാക്കി. ഇതു രണ്ടാമത്തെ തവണയാണു സംഭവിക്കുന്നത്. കാര്യങ്ങൾ മുന്നോട്ടു പോകാത്തതിന്റെ വേദന രണ്ടു പേർക്കും ഒരുപോലെയാണ്.
വിവാഹമോചനത്തെപ്പറ്റി സംസാരിക്കാത്തതിന്റെയും പ്രത്യേകിച്ചും ഒരു വശം മാത്രം സംസാരിക്കാതിരിക്കുന്നതിന്റെയും പിന്നിലുള്ള കാരണം രണ്ടു പേരുടെയും വിഷമഘട്ടത്തെ മറികടക്കലിനെ തടസപ്പെടുത്താതിരിക്കലാണ്.
ഭാവിയിൽ ഇത്തരം വിഷയങ്ങൾ സംസാരിക്കുമ്പോൾ രണ്ടു വശത്തുള്ളവരും അഭിമുഖത്തിൽ ഉണ്ടാകേണ്ടതുണ്ടെന്നും ചൈതന്യ തുറന്നടിച്ചു. അഭിമുഖം ചെയ്ത നിഖിൽ വിജയേന്ദ്ര സിംഹ നിഹാരികയുടെ സുഹൃത്താണ്. ഈ സാഹചര്യത്തിൽ കൂടിയാണ് ചൈതന്യയുടെ പ്രതികരണം.