ഗാന്ധിനഗർ: ഇരട്ടപ്പാത വന്നപ്പോൾ നാട്ടുകാർക്ക് നടപ്പാതയെങ്കിലും വേണമെന്നാവശ്യപ്പെട്ട ജൈന (37) ട്രെയിൻ തട്ടി മരിച്ചു.
കോട്ടയം നഗരസഭ ഒന്നാം വാർഡിലും അന്പത്തിരണ്ടാം വാർഡിലും റെയിൽവേ ട്രാക്കിനരികിൽ താമസിക്കുന്ന അറുപതോളം വീട്ടുകാർ റെയിൽപ്പാത ഇരട്ടിപ്പിച്ചപ്പോൾ മുതൽ അപകട ഭീതിയിലായിരുന്നു.
എംസി റോഡ് ഭാഗത്തേക്ക് റെയിൽപ്പാളം മുറിച്ചു കടന്നാണ് ഇവിടത്തുകാർ പുറം ലോകത്തെത്തിയിരുന്നത്.
ഇവർക്ക് റെയിൽപാതയുടെ സമീപത്തുകൂടി സഞ്ചരിക്കാൻ റെയിൽവേയുടെ കൈവശമുള്ള സ്ഥലത്തിന് വാടക നൽകാൻ തയാറാണെന്ന് കോട്ടയം നഗരസഭ റെയിൽവേ അധികൃതരെ അറിയിച്ചിരുന്നു.
കെഎസ്ടിപിയുടെ നേതൃത്വത്തിൽ ഗാന്ധി നഗർ – മെഡിക്കൽ കോളജ് റോഡ് നവീകരിക്കുന്പോൾ ഒരു ആംബുലൻസെങ്കിലും ഇറങ്ങത്തക്ക വഴി നിർമിച്ചു നൽകണമെന്ന് എല്ലാ അധികാരികൾക്കും വാർഡ് കൗണ്‍സിലർ സാബു മാത്യു നിവേദനം നൽകിയതിനും ഇതുവരെ അനുകൂല മറുപടി ഉണ്ടായിട്ടില്ല.
ബുധനാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ജൈന വീട്ടിലേക്കാവശ്യമായ സാധനങ്ങൾ വാങ്ങി ട്രാക്ക് മുറിച്ചുകടന്ന് വീട്ടിലേക്ക് വരുന്പോഴാണ് കോട്ടയം ഭാഗത്തേക്ക് പോയ എൻജിൻ തട്ടി അപകടമുണ്ടായത്.
ഭർത്താവ് ഓട്ടോറിക്ഷ ഡ്രൈവറായ ചുള്ളിക്കൽ സജി ജോർജും വീടിന് സമീപത്തുണ്ടായിരുന്നു. മകൻ ജിത്തു പ്ലസ് വണ്‍ വിദ്യാർഥിയാണ്.
ഫയർ ഫോഴ്സും ഗാന്ധിനഗർ പോലീസും സ്ഥലത്തെത്തി മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.
പ്രായമായവരും കുട്ടികളും രോഗികളും താമസിക്കുന്ന ഈ പ്രദേശത്ത് സുരക്ഷിതമായി യാത്ര ചെയ്യാൻ റെയിൽവേയും കെഎസ്ടിപിയും മനുഷ്യത്വപരമായ നിലപാടു സ്വീകരിക്കണമെന്ന് വാർഡ് കൗണ്‍സിലർ സാബു മാത്യു ആവശ്യപ്പെട്ടു.