മേപ്പയൂർ: ചാത്തമംഗലം വെള്ളനൂരിൽ ഭർതൃവീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ കീഴരിയൂർ സ്വദേശി നിജിന(30), മകൻ റുഡ്വിച്ച് (എട്ട്) എന്നിവരുടെ മരണത്തിൽ ദുരൂഹതകളേറെയെന്ന് നിജിനയുടെ ബന്ധുക്കൾ.
ഇരുവരുടെയും മരണം പത്തിന് രാത്രിയിൽ നടന്നിരിക്കാമെന്നും 11ന് നിജിനയും കുഞ്ഞും ഒഴികെ മറ്റെല്ലാവരും കൂടി കാലത്ത് ആറിന് തിരൂരിൽ മരണവീട്ടിൽ പോയി പത്തിന് തിരികെ വീട്ടിൽ എത്തിയപ്പോഴാണ് നിജിനയേയും കുട്ടിയേയും കാണാതിരുന്നതെന്ന് നിജിനയുടെ ഭർത്താവ് രഖിലേഷും ബന്ധുക്കളും പറയുന്നത് സംശയാസ്പദമാണെന്നാണ് പോലീസിന്റെ നിഗമനം.
ഇതിനെ സാധൂകരിക്കുന്ന കാര്യങ്ങളാണ് കീഴരിയൂരിലെ നിജിനയുടെ വീട്ടിൽ മൊഴിയെടുക്കാനെത്തിയ കുന്നമംഗലം എസ്എച്ച്ഒ സി.എച്ച്. ശ്രീജിത്തിനോട് നിജിലയുടെ സഹോദരൻ നിജേഷ് പറഞ്ഞത്. സംഭവദിവസം വെള്ളന്നൂരിലെ വീട്ടിൽ നിന്നും നിജേഷിന്റെ ഫോണിലേക്ക് സഹോദരിയേയും കുഞ്ഞിനെയും കാണാനില്ലെന്ന് പറഞ്ഞ് ഒരു സ്ത്രീ വിളിച്ചിരുന്നു.
തലേ ദിവസം രാത്രിയിൽ വീട്ടിൽ കശപിശ നടന്നിട്ടുണ്ടെന്നും അമ്മയെ വിളിക്കണമെന്നും പറഞ്ഞ് അവർ ഫോൺ കട്ട് ചെയ്യുകയായിരുന്നു. അമ്മയെ അഞ്ചു തവണ വിളിച്ചിട്ടും ഫോൺ എടുത്തില്ല. പിന്നെ വിളിച്ചപ്പോൾ നിജിന കുളിക്കുകയാണെന്നും കുഞ്ഞ് തന്റെ കയ്യിലുണ്ടെന്നും ഫോൺ എടുത്ത സ്ത്രീ പറഞ്ഞു. അഞ്ച് മിനിട്ടുകഴിഞ്ഞപ്പോൾ വീണ്ടും വിളിച്ച സ്ത്രീ നിജിനയും കുഞ്ഞും കിണറ്റിൽ വീണെന്നും മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊണ്ടുപോയിട്ടുണ്ടെന്നും പറഞ്ഞു.
നിജേഷും കുടുംബവും മെഡിക്കൽ കോളജ് ആശുപത്രിയിലെത്തുമ്പോഴേക്കും ഇരുവരുടെയും മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഭർത്താവിനേയോ കുടുംബക്കാരെയോ കാണാൻ കഴിഞ്ഞില്ലെന്നും നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചതെന്നും അന്വേഷണത്തിൽ വ്യക്തമായി.
പോസ്റ്റ്മോർട്ടത്തിനുശേഷം നിജിനയേയും കുഞ്ഞിന്റെയും മൃതദേഹം നിജിനയുടെ കീഴരിയൂരിലെ വീടായ കരടിപറമ്പത്ത് സംസ്കരിക്കുന്ന സമയത്തും ഭർത്താവ് രഖിലേഷും കുടുംബവും പങ്കെടുക്കാതിരുന്നതും സംശയാസ്പദമാണെന്ന് നിജേഷ് കീഴരിയൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഗോപാലൻ നായരുടെ സാന്നിധ്യത്തിൽ പോലീസിനോട് പറഞ്ഞു. വിശദമായ അന്വേഷണത്തിന് കോഴിക്കോട് ഡിവൈഎസ്പി കെ. അഷറഫ് ഇന്ന് നിജിനയുടെ വീട് സന്ദർശിക്കും.