മേപ്പയൂർ: കീഴരിയൂർ സ്വദേശിനി നിജിനയുടെയും (30) മകൻ റുഡ് വിച്ച് (എട്ട് മാസം) എന്നിവരെ ചാത്തമംഗലം വെള്ളന്നൂരിൽ ഭർത്തൃ വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ പോലീസ് തെളിവെടുപ്പ് തുടങ്ങി. കോഴിക്കോട് നോർത്ത് അസി.കമ്മീഷണറുടെ ചുമതലയുള്ള അസി.കമ്മീഷണർ പി.കെ.രാജുവാണ് ഇന്നലെ കീഴരിയൂരിലെ നിജിനയുടെ വീട്ടിലെത്തി ബന്ധുക്കളുടെ മൊഴിയെടുത്തത്.
മരണപ്പെട്ട നിജിനയുടെ സഹോദരൻ നിജേഷ്, അമ്മ ചന്ദ്രിക, നിജിനയുടെ ചേച്ചി നിഷ, അയൽവാസികൾ എന്നിവരുടെ വിശദമായ മൊഴികളാണ് പോലീസ് അസി.കമ്മീഷണർ രേഖപ്പെടുത്തിയത്. ഭർത്തൃഗൃഹത്തിൽ മരിച്ച യുവതിയെയും കുഞ്ഞിനേയും ആശുപത്രിയിലെത്തിക്കാനോ, പോസ്റ്റ് മോർട്ട സമയത്തോ ശവസംസ്കാര ചടങ്ങിനോ ഭർത്താവും കുടുംബവും പങ്കെടുക്കാതിരുന്നത് മരണം കൊലപാതകമായതു കൊണ്ടാണെന്ന് നിജിനയുടെ സഹോദരൻ നിജേഷ് അസി.കമ്മീഷണറോട് പറഞ്ഞു.
നിജിനയുടെ വിവാഹത്തിന് ശേഷം ഭർത്തൃവീട്ടിൽ രഖിലേഷും അമ്മയും സ്വർണ്ണത്തിന്റെ കുറവ് പറഞ്ഞ് നിജിലയെ പീഡിപ്പിക്കാറുണ്ടായിരുന്നു എന്ന മൊഴിയും സംഭവ ദിവസം വീട്ടിൽ കശപിശ നടന്നതും ഇക്കാര്യം നിജേഷിനെ ഫോണിൽ വിളിച്ച് സ്ത്രീ പറഞ്ഞ കാര്യങ്ങളും മൊഴിയെടുപ്പിൽ ബന്ധുക്കൾ പറഞ്ഞു.
മരണം നടന്നിട്ട് പത്തു ദിവസമായിട്ടും ഒളിവിൽ കഴിയുന്ന നിജിനയുടെ ഭർത്താവ് രഖിലേഷ്, മാതാപിതാക്കൾ എന്നിവരെ അറസ്റ്റ് ചെയ്യാത്തതിലുള്ള പ്രതിഷേധം ആക്ഷൻ കമ്മിറ്റി ഭാരവാഹികളും അസി.കമ്മീഷണറെ അറിയിച്ചു. ചാത്തമംഗലം വെള്ളന്നൂരിലെ നിജിനയും കുഞ്ഞും മരിച്ച നിലയിൽ കണ്ടെത്തിയ ഭർത്തൃ വീട്ടിലും പോലീസ് അസി.കമ്മീഷണർ പി.കെ.രാജു സന്ദർശിച്ചു.