മേപ്പയൂർ: ചാത്തമംഗലം വെള്ളന്നൂരിൽ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ കീഴരിയൂരിലെ കരടി പറമ്പത്ത് നിജിനയുടെയും മകൻ റൂഡ് വിച്ചിന്റെയും മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് കണ്ടെത്തിയിട്ടും അന്വേഷണം ഇഴയുന്നു.
മരണം നടന്നിട്ട് 10 ദിവസം പിന്നിട്ടിട്ടും ഒളിവിൽ കഴിയുന്ന രഖിലേഷിനേയും മാതാപിതാക്കളെയും കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല. നിജിനയുടെ സഹോദരൻ നിജേഷും അമ്മ ചന്ദ്രികയും കുന്നമംഗലം മംഗലം പോലീസിൽ നൽകിയ പരാതിയിൽ ക്രൈം നമ്പർ 719/19 കേസ് റജിസ്ട്രർ ചെയ്തതല്ലാതെ ഒളിവിൽ പോയ പ്രതികളെ ഇതേ വരെ അറസ്റ്റ് ചെയ്തിട്ടില്ല.
പോസ്റ്റ് മോർട്ടം റിപ്പോർട്ട് വരുന്നതിന് മുൻമ്പേ ആൽമഹത്യയാണെന്നു വരുത്തി തീർക്കാൻ പോലീസ് വ്യഗ്രത കാട്ടുന്നതിൽ ദുരൂഹതയുണ്ടെന്നു നിജിനയുടെ ബന്ധുക്കൾ പറയുന്നു. പോസ്റ്റുമോർട്ട സമയത്തോ, ശവസംസ്കാര ചടങ്ങിലോ ഭർതൃവീട്ടുകാർ പങ്കെടുക്കാത്തതിൽ തന്നെ മരണ കാരണം കൊലപാതകം തന്നെയാണെന്ന് നിജിനയുടെ സഹോദരൻ നിജേഷും അമ്മ ചന്ദ്രികയും പറയുന്നു.
ഭർതൃവിട്ടിൽ ക്രൂരമായ പീഡനമാണ് യുവതിയും കുഞ്ഞും അനുഭവിച്ചതെന്ന യുവതിയുടെ വിട്ടുകാരുടെ മൊഴി പോലീസ് ഗൗരവത്തി ലെടുക്കാത്തതിലും സംശയമുണ്ട്. മരണം നടന്ന് പത്ത് ദിവസമായിട്ടും പ്രതികളെ കണ്ടെത്താൻ പോലീസിന് സാധിക്കാത്തത് ഗുരുതര വീഴ്ചയാണ്.
അന്വേഷണ ഉദ്യോഗസ്ഥനായ സിറ്റി അസി. കമ്മീഷണർ കെ.അഷറഫ് ശബരിമല ഡ്യൂട്ടിയിൽ പോയതിനാൽ സിറ്റി നോർത്ത് ഡിവൈഎസ്പി രാജുവിനാണ് ഇപ്പോൾ ചുമതലയെന്ന് കുന്നമംഗലം എസ് ഐ ശ്രീജിത്ത് പറഞ്ഞു. പ്രതികളെ അറസ്റ്റ് ചെയ്യാത്തതിലും പ്രതിഷേധിച്ച് ശക്തമായ പ്രക്ഷോ ഭത്തിനൊരുങ്ങുകയാണ് കീഴരിയൂരിലെ സർവ്വകക്ഷി ആക്ഷൻ കമ്മിറ്റി.