മേപ്പയൂർ: ചാത്തമംഗലം വെള്ളന്നൂരിൽ ഭർത്തൃഗൃഹത്തിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ നിജിനയുടെയും മകൻ റുഡ് വിച്ചിന്റേയും ദുരൂഹമരണവുമായി ബന്ധപ്പെട്ട് ആക്ഷന് കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്. മരണം നടന്ന് 11 ദിവസം പിന്നിട്ടിട്ടും ഒളിവിൽ കഴിയുന്ന നിജിനയുടെ ഭർത്താവിനേയും മാതാപിതാക്കളെയും പോലീസ് അറസ്റ്റു ചെയ്യാത്തത് ഗുരുതരമായ വീഴ്ചയാണെന്നും ഇതിനെതിരെ പൊലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പടെയെള്ള ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാനും ആക്ഷൻ കൗൺസിൽ യോഗം തീരുമാനിച്ചു.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഇരുവരുടെയും ശരീരത്തിൽ കണ്ട പോറലുകൾ മരണം കൊലപാതകമാണെന്നതിന് തെളിവുകളാണെന്ന് കീഴരിയൂർ പഞ്ചായത്ത് ഹാളിൽ നടന്ന ആക്ഷൻ കമ്മറ്റി യോഗം ആരോപിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിലെ ഫീസറിൽ ബോഡികൾ വെക്കുന്നതിന് എഴുമണിക്കൂറുകൾക്ക് മുമ്പ് മരണം നടന്നിരിക്കാം എന്നതായിരുന്നു ഡോക്ടറുടെ നിഗമനം.
11ന് പുലർച്ചെ മരണം നടന്നിട്ടുണ്ടാവാം. രാവിലെ ആറിന് തിരൂരിലെ മരണവീട്ടിൽ മതാപിതാക്കളോടൊപ്പം പോയെന്നും തിരിച്ച് 10 മണിക്ക് വീട്ടിൽ വന്നപ്പോഴാണ് നിജിനയേയും കുട്ടിയേയും കാണാതായതെന്നും തിരച്ചിലിൽ കിണറിൽ ഇരുവരേയും കണ്ടെത്തുകയായിരുന്നുവെന്നുമുള്ള നിജിനയുടെ ഭർത്താവും കുടുംബവും പറയുന്നത് കൊലപാതകം മറച്ചുവെക്കാനാണെന്ന് ആക്ഷൻ കമ്മിറ്റി യോഗം ചൂണ്ടിക്കാട്ടി.
മരണ ദിവസം നിജിനയുടെ സഹോദരന്റെ ഫോണിൽ കാലത്ത് ഭർത്തൃ വീട്ടിൽ നിന്ന് വിളിച്ച സ്ത്രീ പറഞ്ഞത് നിജില കുളിക്കുകയാണെന്നും കുട്ടി തന്റെ കൈയിലുണ്ടെന്നുമാണ്. ഈ സ്ത്രീ ആരാണെന്ന് പോലീസ് കണ്ടെത്തിയിട്ടില്ല. കീഴരിയൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ഗോപാലൻ നായർ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്തംഗം രാജേഷ് കീഴരിയൂർ, സിപിഎം ലോക്കൽ സെക്രട്ടറി പി.കെ.ബാബു, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ.കെ.ദാസൻ, മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി ടി.യു.സൈനുദ്ദീൻ, സിപിഐ ലോക്കൽ സെക്രട്ടറി ഇ.ടി.ബാലൻ, എൻസിപി മണ്ഡലം പ്രസിഡന്റ് ടി.കുഞ്ഞിരാമൻ, മാധ്യമ പ്രവർത്തകൻ ഇടത്തിൽ രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.