വാഷിംഗ്ടൺ ഡിസി: ഖലിസ്ഥാൻ നേതാവും കനേഡിയൻ പൗരനുമായ ഹർദീപ് സിംഗ് നിജ്ജാറിനെ വധിച്ചത് ആറു പേർ ചേർന്നാണെന്ന് യുഎസ് മാധ്യമമായ വാഷിംഗ്ടൺ പോസ്റ്റിന്റെ റിപ്പോർട്ട്.
ലഭ്യമായ വീഡിയോ ദൃശ്യങ്ങളുടെയും മൊഴികളുടെയും അടിസ്ഥാനത്തിലാണു യുഎസ് മാധ്യമം വിവരം പുറത്തുവിട്ടത്. 50 ബുള്ളറ്റുകൾ കൊലയാളികൾ പായിച്ചുവെന്നും അതിൽ 34 എണ്ണം നിജ്ജാറിന്റെ ശരീരത്തിൽ തുളഞ്ഞുകയറിയെന്നുമാണു റിപ്പോർട്ട്.
ജൂൺ 18ന് ബ്രിട്ടീഷ് കൊളംബിയയിലെ സറേയിലുള്ള ഗുരുനാനാക്ക് സിക്ക് ഗുരുദ്വാരയ്ക്കു സമീപമായിരുന്നു നിജ്ജാർ കൊല്ലപ്പെട്ടത്.
രണ്ടു വാഹനങ്ങളും ആറു പുരുഷന്മാരും കൊലപാതകത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഗുരുദ്വാരയുടെ സിസിടിവി കാമറയിൽ പതിഞ്ഞ കൊലപാതകദൃശ്യങ്ങളാണ് വാഷിംഗ്ടൺ പോസ്റ്റിനു ലഭിച്ചത്. 90 സെക്കൻഡുള്ള വീഡിയോ ദൃശ്യങ്ങളാണു ലഭിച്ചത്.
നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ ഏജൻസികൾക്കു പങ്കുണ്ടെന്ന കാനഡയുടെ ആരോപണം ഇന്ത്യ-കാനഡ ബന്ധം വഷളാക്കിയിട്ടുണ്ട്.