മലയാളത്തിന്റെ സൂപ്പർതാരങ്ങൾക്കൊപ്പം ചിത്രമെടുത്തും ഭക്ഷണം കഴിച്ചും സമയം ചിലവിട്ട് ലോക പ്രശസ്ത ഫോട്ടോഗ്രാഫർ നിക്ക് ഉട്ട്. മീഡിയ അക്കാദമിയുടെ ഈ വർഷത്തെ മികച്ച മാധ്യമ ഫോട്ടോഗ്രാഫർ അവാർഡ് സ്വീകരിക്കാൻ കേരളത്തിലെത്തിയതായിരുന്നു അദ്ദേഹം. കൊച്ചിയിൽ മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം ഏതാനും സമയം ചെലവഴിച്ച നിക്ക് താരത്തിനൊപ്പം നിരവധി ചിത്രങ്ങളുമെടുത്തു.
ഡോക്യുമെന്ററി ചിത്രീകരണത്തിനായി ഒളപ്പമണ്ണ മനയിലെത്തിയ അദ്ദേഹം മോഹൻലാൽ അഭിനയിക്കുന്ന ഒടിയൻ സിനിമയുടെ ചിത്രീകരണം കാണാനും സമയം കണ്ടെത്തി. സിനിമാ ചിത്രീകരണത്തെക്കുറിച്ച് അദ്ദേഹം മോഹൻലാലിനോടും സംവിധായകൻ ശ്രീകുമാർ മേനോനോടും കാര്യങ്ങൾ ചോദിച്ചറിഞ്ഞു. മോഹൻലാലിന്റെ അഭിനയ മുഹൂർത്തങ്ങൾ അദ്ദേഹം കാമറയിൽ പകർത്തി.
മലയാളികളുടെ പെരുമാറ്റം ഹൃദ്യമാണെന്നും കേരളത്തിന്റെ ഭൂപ്രകൃതി വിയറ്റ്നാമിന് സമമാണെന്നും അദ്ദേഹം പറഞ്ഞു. വിയറ്റ്നാം യുദ്ധത്തിൽ നഗ്നയായി ഓടുന്ന നാപാം പെണ്‍കുട്ടിയുടെ ചിത്രത്തിലൂടെയാണ് നിക്ക് ഉട്ട് ലോകപ്രശസ്തനായത്. ഫോട്ടോയിലൂടെ യുദ്ധഭീകരത ലോകത്തിന്റെ ശ്രദ്ധയിലെത്തിക്കാൻ അദ്ദേഹത്തിനായി. പുലിറ്റ്സർ അവാർഡ് ജേതാവാണ് നിക്ക് ഉട്ട്.