അങ്കമാലി: അങ്കമാലി നഗരസഭയിൽ അങ്ങാടിക്കടവ് പ്രദേശത്ത് മണ്ണടിച്ച് കൃഷിഭൂമി നികത്തുന്നതായി നാട്ടുകാരുടെ പരാതി. അങ്കമാലി-പീച്ചാനിക്കാട് പ്രധാനറോഡിന്റെ വശങ്ങളിൽ അങ്ങാടിക്കടവ് പാലത്തിനു ശേഷം മാഞ്ഞാലി തോടിന് സമീപമുള്ള കൃഷിഭൂമികളാണ് റിയൽ എസ്റ്റേറ്റ് ബിസിനസ് ആവശ്യത്തിനായി സ്വകാര്യ വ്യക്തികൾ നികത്തുന്നത്.
ടിപ്പറിൽ മണ്ണടിച്ചപ്പോൾ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയെങ്കിലും അതൊന്നും ഗൗനിക്കാതെ മണ്ണടിക്കുകയായിരുന്നു. നിലവിൽ കുടിവെള്ളക്ഷാമം നേരിടുന്ന പീച്ചാനിക്കാട് പ്രദേശത്ത് കൃഷിഭൂമി നികത്തിയാൽ കുടിവെള്ളക്ഷാമം രൂക്ഷമാകും. പ്രളയ സമയത്ത് ഈ പ്രദേശമെല്ലാം വെള്ളത്തിനടിയിലായിരുന്നു.
അധികാരികൾക്ക് നികത്തുന്നത് സംബന്ധിച്ചു പരാതി നൽകിയെങ്കിലും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. കൃഷിഭൂമി നികത്തിയവർക്കെതിരേ ജില്ലാ കളക്ടർക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് നാട്ടുകാർ.