ചെങ്ങന്നൂർ: ഓണാവധിയുടെ മറവിൽ വീണ്ടും ചെങ്ങന്നൂരിൽ വ്യാപക മണ്ണെടുപ്പും, നിലം നികത്തലും നടന്നതായി ആക്ഷേപം. കരിങ്കൽ ക്വാറികൾക്കും, മണ്ണുമടകൾക്കും സർക്കാർ താത്കാലിക വിലക്കേർപ്പെടുത്തിയിട്ടും ഇതു വകവയ്ക്കാതെയാണ് മണ്ണ് മാഫിയ-നിലംനികത്തൽ സംഘം ചെങ്ങന്നൂരിൽ വിലസുന്നത്.
അനധികൃത മണ്ണെടുപ്പിനും നിലം നികത്തലിനുമെതിരെ കർശന നടപടി സ്വീകരിക്കുന്നതിന് എംഎൽഎ സജി ചെറിയാന്റെ അധ്യക്ഷതയിൽ വില്ലേജ് ഓഫീസർമാർ, പഞ്ചായത്ത് സെക്രട്ടറിമാർ, തഹസിൽദാർ, ആർഡിഒ, ഡപ്യൂട്ടി തഹസിൽദാർമാർ, മറ്റ് റവന്യൂ ഉദ്യോഗസ്ഥർ പോലീസ് എന്നിവരുടെ അടിയന്തര യോഗം ജൂണ് മാസം ചെങ്ങന്നൂർ ഐഎച്ച്ആർഡി എൻജിനീയറിംഗ് കോളജിൽ വിളിച്ചു ചേർത്തിരുന്നു.
യോഗത്തിൽ എംഎൽഎ സജി ചെറിയാൻ, ആർഡിഒ അലക്സ് ജോസഫ് എന്നിവർ ഉദ്യോഗസ്ഥർക്ക് അനധികൃത മണ്ണടിക്കലിനെതിരെ കർശനമായി നടപടി എടുക്കാനും, ഉദ്യോഗസ്ഥർ പിടികൂടുന്ന അനധികൃത മണ്ണുഖനനവും വാഹനവും നിലംനികത്തലും അപ്പോൾ തന്നെ ആർഡിഒ ,പോലീസ്, കളക്ടർ എന്നിവരെ അറിയിക്കണമെന്നും കർശന നിർദേശം നൽകിയിരുന്നു.
കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം 2008 പ്രകാരം നിലം നികത്തുന്നത് കുറ്റകരമാണെന്നിരിക്കെയാണ് ചെങ്ങന്നൂരിൽ വീണ്ടും അനധികൃത മണ്ണെടുപ്പും, നിലം നികത്തലും സജീവമായി നടത്തുന്നത്. ഓണാവധി ദിവസങ്ങളിൽ മുളക്കുഴ വില്ലേജിൽ അറന്തക്കാട് ഷാപ്പിനു എതിർവശമുള്ള മണ്ണുമല ഇടിച്ച് അനധികൃതമായി മണ്ണെടുപ്പു നടത്താനുള്ള ശ്രമം നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ച് റവന്യു ഉദ്യോഗസ്ഥർ എത്തി തടഞ്ഞു. തുടർന്ന് നിരോധന ഉത്തരവ് നൽകി കേസ് ബുക്ക് ചെയ്തതായി താലൂക്ക്-റവന്യൂ സ്ക്വാഡ് സംഘം അറിയിച്ചിരുന്നു.
ശനിയാഴ്ച ചെങ്ങന്നൂർ വില്ലേജിൽ ഹാച്ചറി ജംഗ്ഷനു സമീപം അനധികൃത മണ്ണെടുപ്പ് നടത്തിയ. കെഎൽ 35 ബി- 5420 നന്പർ ടിപ്പർ ലോറി ഡെപ്യൂട്ടി തഹസിൽദാർ ജോബിൻ കെ. ജോർജിന്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിൽ എടുത്തു. ഇതിനിടയിൽ തിരുവോണനാളിൽ മുളക്കുഴയിൽ നിന്നും അനധികൃതമായി മണ്ണുമായി വന്ന ടിപ്പർ ലോറി താലൂക്ക് റവന്യു സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയിരുന്നു.
തുടർന്നുള്ള പരിശോധനയിൽ പിടികൂടിയ വാഹനത്തിൽ കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട വ്സ്റേ്റ് ആണെന്നു കണ്ടെത്തിയതിനെ തുടർന്ന് വാഹനം വിട്ടയച്ചതായാണ് റവന്യു-ഉദ്യോഗസ്ഥ സംഘം വെളിപ്പെടുത്തിയത്. എന്നാൽ അവധി ദിവസങ്ങളിൽ ജെസിബി/ടിപ്പർ എന്നിവ പ്രവൃത്തിപ്പിക്കാൻ പാടില്ലെന്ന നിയമം ലംഘിച്ച് മണ്ണുമായി വന്ന ടിപ്പർ ലോറിയും ജെസിബിയും രാഷ്ട്രീയ സമ്മർദത്തിനു വഴങ്ങി ഉദ്യോഗസ്ഥർക്കു വിട്ടുകൊടുക്കൂകയാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
രാഷ്ട്രീയ പാർട്ടികളുടെ സമ്മർദത്തിനു വഴങ്ങാത്ത ഉദ്യോഗസ്ഥർക്ക് ദൂരസ്ഥലങ്ങളിലേയ്ക്ക് സ്ഥലം മാറ്റമുണ്ടാകുമെന്ന ഭീഷണിയുമുണ്ടത്രെ. ഇതു ഭയന്നാണ് പലരും പിടികൂടുന്ന വണ്ടികൾ വിട്ടുനൽകുന്നതെന്നുമാണ് പരസ്യമായ രഹസ്യം. അതേ സമയം ഉദ്യോഗസ്ഥരും മണ്ണുമാഫിയയുമായുള്ള ബദ്ധത്തിന്റെ അടിസ്ഥാനത്തിലാണ് പിടിച്ച വണ്ടികൾ വിട്ടുനൽകുന്നതെന്നും ഇതിൽ തങ്ങൾക്കു പങ്കില്ലന്നും ഉള്ള നിലപാടിലാണ് രാഷ്ട്രീയ സംഘടനകൾ.
ഇങ്ങനെ ഇരു കൂട്ടരും പരസ്പരം പഴിചാരി മണ്ണ് മാഫിയ സംഘങ്ങൾക്ക് സ്വതന്ത്ര വിഹാരം നടത്താൻ താലൂക്കിൽ വിളനിലം ഒരുക്കുകയാണ്. റവന്യു അധികാരികൾ പിടികൂടുന്ന അനധികൃതമായി മണ്ണ് കയറ്റി വരുന്ന വാഹനങ്ങളുടെ വിവരം പോലീസ്, ആർഡിഒ, കളക്ടർ എന്നിവരെ അറിയിക്കാറില്ലെന്ന പരാതിയും നിലനിൽക്കുന്നുണ്ട്