വടകര: കൊച്ചി മുതൽ മംഗലാപുരം വരെ നീളുന്ന ഗെയിൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനോടനുബന്ധിച്ച് ആയഞ്ചേരി തുലാറ്റുംനടയിൽ നിർമിക്കുന്ന പ്രഷർ സ്റ്റേഷനു വേണ്ടി വയൽ നികത്തി തുടങ്ങി. വൻ പോലീസ് സന്നാഹത്തോടെ ടിപ്പർ ലോറി ഉപയോഗിച്ചാണ് തുലാറ്റുംനടയിലെ 30 സെന്റ് സ്ഥലം നികത്തുന്നത്. ഇക്കാര്യം അന്വേഷിക്കാൻ സ്ഥലത്തെത്തിയ തുലാറ്റുംനട ഗൈയ്ൽ വിരുദ്ധ സമര സമിതി കണ്‍വീനർ സി.കെ.ഇർഫാദിനെയും കൂടെയുണ്ടായിരുന്ന നടക്കൽ മുഹമ്മദലിയെയും വടകര പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ പിന്നീട് വിട്ടയച്ചു.
സ്വകാര്യ വ്യക്തിയോട് വിലക്കുവാങ്ങിയ തുലാറ്റുംനടയിലെ സ്ഥലമാണ് നികത്തുന്നത്. ഇത് പ്രദേശത്തെ കുടിവെള്ളം മുട്ടിക്കുമെന്നും പൈപ്പ് ലൈൻ കടന്നുപോകുന്നത് അപകട സാധ്യത ഉണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടി നാട്ടുകാർ ഗെയിൽ വിരുദ്ധ സമര സമിതി രൂപീകരിച്ചിരുന്നു. ആയഞ്ചേരി, വേളം പഞ്ചായത്തുകളുടെ അതിർത്തികളിൽ ഏക്കർ കണക്കിന് വയലുകൾ ഉള്ളതാണ് കുടിവെള്ള ക്ഷാമത്തിന് ഒരു പരിധി വരെ പരിഹാരമായിരുന്നത്.
എന്നാൽ കോൾനില വികസന പദ്ധതിയുടെ ഭാഗമായി ഇവിടെ നിലവിലുണ്ടായിരുന്ന തോടിന് ആഴവും വീതിയും കൂട്ടിയതോടെ പരിസരത്തെ കിണറുകളിൽ വെള്ളം കുറഞ്ഞു. ഇതുവരെ വറ്റാത്ത കിണറുകൾ പോലും കഴിഞ്ഞ വേനലിൽ വറ്റുകയുണ്ടായി. കോൾനില വികസന പദ്ധതിയാകട്ടെ പാതിവഴിയിൽ കിടക്കുകയാണ്. ഇനി ഗെയിലിനായി വയൽ നികത്തുന്നതോടെ കുടിവെള്ള ക്ഷാമം രൂക്ഷമാകാനാണ് സാധ്യതയെന്ന് നാട്ടുകാർ പറഞ്ഞു.