വടക്കഞ്ചേരി: കിഴക്കഞ്ചേരി പഞ്ചായത്തിലെ കൊഴുക്കുള്ളിയിൽ കനാൽ നികത്തുന്നതു നേരിട്ടുകണ്ടു ബോധ്യമായിട്ടും ആരുടെയും രേഖാമൂലമുള്ള പരാതിയില്ലെന്ന കാരണം പറഞ്ഞ് നടപടിയിലേക്ക് നീങ്ങാതെ ഇറിഗേഷൻ കനാൽവിഭാഗം അധികൃതർ.ഇവിടെ പത്തടിയോളം താഴ്ചയുള്ള കനാലാണ് കനാൽ പുറന്പോക്കിലെ തന്നെ മണ്ണ് ഉപയോഗിച്ച് പത്തടി വീതിയിൽ നികത്തി റോഡ് നിർമിക്കുന്നത്.
ഇതുസംബന്ധിച്ച് കഴിഞ്ഞമാസം നാലിന് ദീപികയിൽ കനാൽ നികത്തിയതിന്റെ പടം സഹിതം വാർത്ത നല്‍കിയിരുന്നു.ഇതേ തുടർന്ന് റവന്യൂവകുപ്പും ഇറിഗേഷൻ വകുപ്പും സ്ഥലത്തെത്തി പരിശോധന നടത്തി കനാൽ നികത്തിയതും ബോധ്യപ്പെട്ടതാണ്.എന്നാൽ ആരുടെയും രേഖാമൂലമുള്ള പരാതിയില്ലെന്ന കാരണം പറഞ്ഞാണ് ഇപ്പോഴും ഇറിഗേഷൻ വകുപ്പ് ഉത്തരവാദിത്വത്തിൽനിന്നും മാറിനില്‍ക്കുന്നതെന്നാണ് ആക്ഷേപം.
കഴിഞ്ഞവർഷവും തൊഴിലുറപ്പുപദ്ധതിയിൽ വൃത്തിയാക്കിയ കനാലാണ് മണ്ചാക്കും മണ്ണുമിട്ട് നികത്തിയിട്ടുള്ളത്. ഇതുമൂലം ഇനി താഴേയ്ക്ക് വെള്ളം ഒഴുകുന്നതും ഇല്ലാതാകും.കനാലിനു മുകളിലൂടെ പാലംനിർമിച്ച് റോഡുണ്ടാക്കാമെന്നിരിക്കേ കനാൽതന്നെ ഇല്ലാതാക്കുന്പോഴും നടപടിയെടുക്കേണ്ടവർ മൗനത്തിലാണ്.