പുതുക്കാട്: ദേശീയപാതയോരത്തെ കേളിപാടത്ത് തണ്ണീർത്തടം മണ്ണിട്ടുനികത്തി. പാടത്തിനോട് ചേർന്നുള്ള നീർച്ചാലുകളും മണ്ണിട്ട് മൂടിയ നിലയിലാണ്. ഒരേക്കറോളം തണ്ണീർത്തടമാണ് സ്വകാര്യ വ്യക്തി അനധികൃതമായി മണ്ണടിച്ച് നികത്തിയിരിക്കുന്നത്. എഐവൈഎഫ് പ്രവർത്തകർ പുതുക്കാട് തൊറവ് വില്ലേജ് അധികൃതരെ വിവരമറിയിച്ചിട്ടും യാതൊരു നടപടിയും എടുത്തില്ലെന്ന ആക്ഷേപമുണ്ട്.
മണ്ണിട്ടു നികത്തിയ സ്ഥലത്ത് കെട്ടിടം നിർമിക്കാനാന്നെന്നാണ് കരുതുന്നത്. മാസങ്ങൾക്ക് മുന്പ് സ്ഥലത്തിന്റെ ഒരു ഭാഗത്ത് മണ്ണടിച്ച് വാഴകൃഷി നടത്തിയിരുന്നു. കൃഷി അവസാനിപ്പിച്ചതോടെ പല ഘട്ടങ്ങളായി രാത്രികളിലാണ് തണ്ണീർത്തടം നികത്തിയെടുത്തത്. കഴിഞ്ഞ ദിവസം ജെസിബി ഉപയോഗിച്ച് മണ്ണടിച്ച് നികത്തിയ സ്ഥലം നിരപ്പാക്കിയിരുന്നു.
ആന്പല്ലൂർ പാടവും കേളി പാടവും തമ്മിൽ ബന്ധിപ്പിക്കുന്ന നീർച്ചാലുകളാണ് മണ്ണിട്ടുമൂടിയിരിക്കുന്നത്. ദേശീയപാതയോരത്തെ തണ്ണീർത്തടങ്ങൾ മണ്ണിട്ടു നികത്തുന്നതിന് പിന്നിൽ ഭൂമാഫിയകളാണെന്നാണ് പരിസര വാസികൾ ആരോപിച്ചു. മാസങ്ങളായി തുടരുന്ന അനധികൃത പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടും പഞ്ചായത്തും റവന്യു അധികൃതരും നടപടിയെടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.