കാട്ടാക്കട: വിദ്യാർഥികളിരുന്ന ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് പെട്രോൾ ബോംബെറിഞ്ഞ പ്രതിയെ പോലീസ് തിരിച്ചറിഞ്ഞു. ഉത്തരംകോട് സ്വദേശിയായ നിഖിലാണ് വിദ്യാർഥികൾക്കു നേരെ ബോംബ് എറിഞ്ഞതെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം ബസില് വന്നിറങ്ങിയ നിഖിലിനെ വിദ്യാർഥികൾ കളിയാക്കിയതിനെ തുടർന്ന് സംഘർഷമുണ്ടായിരുന്നു.
തുടർന്ന് സ്ഥലത്തുനിന്നു പോയ യുവാവ് ബൈക്കിൽ തിരികെയെത്തി വിദ്യാർഥികൾ ഇരുന്ന സ്ഥലത്തേക്ക് ബോംബ് എറിയുകയായിരുന്നു.
സംഭവത്തിനു ശേഷം രക്ഷപ്പെട്ട നിഖിലിനെ പിടികൂടാൻ അന്വേഷണം ഉൗർജിതമാക്കിയതായി പോലീസ് പറഞ്ഞു. കാട്ടാക്കടയിൽ നിന്നും നെയ്യാർ ഡാമിൽ നിന്നും പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
വിദ്യാർഥികൾക്ക് നേരെ ബോംബെറിഞ്ഞ സംഭവം; ബാലാവകാശ കമ്മീഷൻ സന്ദർശനം നടത്തി
കാട്ടാക്കട: സ്കൂൾ വിദ്യാർഥികൾക്ക് നേരെ ബോംബേറ് നടന്ന പരുത്തിപള്ളിയിൽ ബാലാവകാശ കമ്മീഷൻ കെ.വി. മനോജ് കുമാർ സന്ദർശിച്ചു.
പരുത്തിപ്പള്ളി ഹയർസെക്കൻഡറി സ്കൂൾ അധികൃതരിൽ നിന്നുംപിടിഎ ഭാരവാഹികളുമായും കമ്മീഷൻ വിവരങ്ങൾ ശേഖരിച്ചു. തുടർന്ന് അക്രമി ബോംബ് പൊട്ടിയ സ്ഥലത്തും കമ്മീഷൻ പരിശോധന നടത്തി.
കുട്ടികൾക്ക് നേരെ അതിക്രമം നടത്തിയാൽ കൈയും കെട്ടി നോക്കി നിൽക്കാനാവില്ലെന്ന് ബാലാവകാശ കമ്മീഷൻ പറഞ്ഞു. ഇത്തരം സംഭവങ്ങൾ നടക്കാൻ പാടുള്ളതല്ല. കുട്ടികൾക്ക് നേരെ സാമൂഹ്യവിരുദ്ധർ ആക്രമണം നടത്തുന്നത് അനുവദികാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്കൂളുകളിൽ ലഹരി ഉപയോഗം കൂടുന്നതായി കമ്മീഷന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ഇതു സംബന്ധിച്ച് പോലീസിനും എക്സൈസിനും നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.