വ്യാജ ഡിഗ്രിക്കേസില്‍ പിടിയിലായ കായംകുളത്തെ മുന്‍ എസ്എഫ്ഐ നേതാവ് നിഖില്‍ തോമസിന് എംകോം പ്രവേശനത്തിനായി ഛത്തിസ്ഗഡിലെ കലിംഗ സര്‍വകലാശാലയുടെ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് തയാറാക്കിയ എറണാകുളത്തെ എജന്‍സി നടത്തിപ്പുകാരന് പിടിയില്‍.
കൊച്ചിയിലെ ഓറിയോണ്‍ എഡ്യുവിങ് സ്ഥാപന നടത്തിപ്പുകാരന് സജു എസ്. ശശിധരനാണ് അറസ്റ്റിലായത്.
ഈ എജന്‍സി വഴിയാണ് സുഹൃത്തും മുന്‍ എസ്എഫ്ഐ നേതാവുമായ അബിന്‍ സി.രാജ് നിഖിലിനു വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.
അതേസമയം ഒന്നാം പ്രതി നിഖില്‍ തോമസിന്റെ ഏഴു ദിവസത്തെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും.
രണ്ടാം പ്രതി അബിന്‍ സി. രാജിനെ കസ്റ്റഡിയില്‍ കിട്ടാന്‍ പോലീസ് ഇന്ന് അപേക്ഷ നല്‍കും. വ്യാജ സര്‍ട്ടിഫിക്കറ്റ് തയാറാക്കിയ കംപ്യൂട്ടര്‍ അടക്കമുള്ളവയും കണ്ടെത്തേണ്ടതുണ്ട്.
രണ്ടു ലക്ഷം രൂപയാണ് സര്‍ട്ടിഫിക്കറ്റിനും മറ്റ് രേഖകള്‍ക്കുമായി നിഖില്‍ തോമസ്, അബിന്‍ സി.രാജിനു നല്‍കിയത്.
ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്, ടിസി, മൈഗ്രേഷന്‍, പ്രൊവിഷനല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് ഏജന്‍സി ഉടമ നല്‍കിയത്.
നിഖിലിനെ കൂടാതെ മറ്റാര്‍ക്കെങ്കിലും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയിട്ടുണ്ടോ എന്ന് വ്യക്തമാകാന്‍ ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ട്.