കട്ടപ്പന: കട്ടപ്പനയിൽ അജ്ഞാത വാഹനമിടിച്ച് ഗൃഹനാഥൻ മരിച്ച സംഭവത്തിൽ 37 ദിവസത്തിനുശേഷം പ്രതിയെയും വാഹനവും പോലീസ് കണ്ടെത്തി.
വെള്ളയാംകുടി ലക്ഷംവീട് കോളനി മുണ്ടൻകുന്നേൽ കുഞ്ഞുമോൻ (53) മരിച്ച കേസിലാണ് അപകടമുണ്ടാക്കിയ വെള്ള ഇയോണ്‍ കാറും വാഹനമോടിച്ച യുവാവിനെയും പോലീസ് പിടികൂടിയത്.
വാഹനമോടിച്ചിരുന്ന ഉപ്പുതോട് കരിക്കുംമേട് ഉറുന്പികുന്നേൽ രാജുവിന്റെ മകൻ നിഖിൽ രാജ് (കണ്ണൻ -27) ആണ് അറസ്റ്റിലായത്.
ഡിസംബർ 24ന് രാത്രിമുതൽ കുഞ്ഞുമോനെ കാണാനില്ലെന്ന് കാണിച്ചു ബന്ധുക്കൾ കട്ടപ്പന പോലീസിൽ പരാതി നൽകിയിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വെള്ളയാംകുടി മാസ് ഹോട്ടലിനു സമീപം റോഡിന്റെ അഴുക്കുചാലിൽനിന്ന് കുഞ്ഞുമോന്റെ മൃതദേഹം കണ്ടെടുത്തത്.
മരണത്തിൽ ദുരൂഹത തോന്നിയതിനാൽ ബന്ധുക്കൾ സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കാറിടിച്ചാണ് കുഞ്ഞുമോൻ മരിച്ചതെന്ന് വ്യക്തമായത്.
ആളെ ഇടിച്ചിട്ട് നിർത്താതെപോയത് വെള്ള നിറത്തിലുള്ള ഹ്യൂണ്ടായി ഇയോണ്‍ കാറാണെന്ന് സിസിടിവിയിൽനിന്ന് വ്യക്തമായിരുന്നു.
ഡിസംബർ 24ന് രാത്രി അപകടമുണ്ടാകുന്നതിന് തൊട്ടുമുൻപ് ഈ കാർ ഇടുക്കി റൂട്ടിലെ പെട്രോൾ ബങ്കിനു മുൻപിൽ അപകടകരമായ രീതിയിൽ ഓടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു.
അപകടകരമായ വേഗത്തിൽ കട്ടപ്പന ടൗണിലേക്കു കാർ ഓടിച്ചുപോകുന്പോഴാണ് ഇടുക്കി റോഡിൽ മാസ് ഹോട്ടലിന് മുൻപിൽകൂടി നടന്നുപോകുകയായിരുന്ന കുഞ്ഞുമോനെ കാർ ഇടിച്ചുതെറിപ്പിച്ചത്.
കാർ കടന്നുപോയ സ്ഥലങ്ങളിലെ 55 സിസിടിവി കാമറ ദൃശ്യങ്ങളാണ് പോലീസ് പരിശോധിച്ചത്. ഇടുക്കി, കോട്ടയം, എറണാകുളം, കന്പം തുടങ്ങിയ സ്ഥലങ്ങളിലെ വർക്ക് ഷോപ്പ്, ഷോറൂം, പെയിന്റിംഗ് സ്ഥാപനങ്ങൾ എന്നിവടങ്ങളിലെ 1700ഓളം വാഹനങ്ങളുടെ വിവരങ്ങൾ ശേഖരിച്ചു.
540 വാഹനങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കി. സംഭവംനടന്ന സമയത്തെ വിവിധ ടവർ ലൊക്കേഷനുമായി ബന്ധപ്പെട്ടു 35000 ഫോണ്‍ കോളുകൾ പരിശോധിച്ചാണ് പോലീസ് പ്രതിയിലേക്ക് എത്തിയത്.
അപകടത്തിനുശേഷം വാഹനത്തിന്റെ ബീഡിംഗ് ഇളക്കിമാറ്റി തങ്കമണി ഭാഗത്ത് ഒളിപ്പിച്ചിരിക്കുകയായിരുന്നു.
അറസ്റ്റിലായ പ്രതിയെ അപകടം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുത്തു. മനഃപൂർവമല്ലാത്ത നരഹത്യക്കാണ് കേസെടുത്തത്.
അപകടം നടന്ന ഉടൻതന്നെ കുഞ്ഞുമോനെ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ ഒരുപക്ഷേ കുഞ്ഞുമോന്റെ ജീവൻ രക്ഷിക്കാനായേനെയെന്ന് പോലീസ് പറഞ്ഞു.
അപകടം നടന്നശേഷം പ്രതിയുടെ ബന്ധുക്കളിൽ ഒരാൾ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. കട്ടപ്പന കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡുചെയ്തു.
കട്ടപ്പന ഡിവൈഎസ്പി വി.എ. നിഷാദ്, സിഐ വിശാൽ ജോണ്സൻ, എസ്ഐ കെ. ദിലീപ്കുമാർ, എഎസ്ഐ മനോജ്, എബിൻ, സുനിൽ, രഞ്ജിത്, സുമേഷ്, ശ്രീജിത്ത്, ജിൻസ്, അനീഷ്, ടോണി എന്നിവരുടെ നേതൃത്യത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.
ഗ്രേഡ് എസ്ഐ വിനോദ്കുമാറിന് ലഭിച്ച രഹസ്യവിവരമാണ് കേസിന് തുന്പുണ്ടാക്കാൻ സഹായിച്ചത്.