തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജ് പ്രിന്‍സിപ്പൽ എസ്എഫ്ഐയുടെ കൈയിലെ കളിപ്പാവയാണെന്ന് മുന്‍വിദ്യാർഥിനി. യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐയുടെ പീഡനത്തെ തുടർന്ന് നേരത്തെ ജീവനൊടുക്കാൻ ശ്രമിച്ച നിഖിലയാണ് വെളിപ്പെടുത്തൽ നടത്തിയത്. കോളജില്‍ എസ്എഫ്ഐക്ക് എല്ലാ ഒത്താശയും ചെയ്തുകൊടുക്കുന്നത് പ്രിന്‍സിപ്പലാണ്.
അഖിലിനെ കുത്തിയ കേസിലെ പ്രതിയായ നസീം മുമ്പ് മറ്റൊരു കേസിൽ ഒളിവില്‍ കഴിഞ്ഞത് കോളജില്‍ തന്നെയായിരുന്നെന്നും നിഖില പറഞ്ഞു. കാമ്പസിൽ എസ്എഫ്ഐയുടെ ഫാസിസമാണ് നടക്കുന്നത്. ആർത്തവം ആണെന്നു പറഞ്ഞാൽപോലും പെൺകുട്ടികളെ എസ്എഫ്ഐയുടെ സമരങ്ങളിലും ജാഥകളിലും നിർബന്ധിച്ച് പങ്കെടുപ്പിക്കും. കുഴഞ്ഞുവീണാൽ ഒരു തുള്ളിവെള്ളംപോലും നൽകില്ല.
ഒന്നാം വര്‍ഷ വിദ്യാർഥികളെ കോളജ് കാന്റീനില്‍ പ്രവേശിക്കാന്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ അനുവദിക്കില്ല. അതിനെ ചോദ്യം ചെയ്താല്‍ പഠിക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തും- നിഖില ഒരു വാർത്താ ചാനലിനോട് വെളിപ്പെടുത്തി.
കോളജിൽ ശാന്തമായ അന്തരീക്ഷം; അക്രമികളെ ന്യായീകരിച്ച് പ്രിൻസിപ്പൽ
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജ് കാന്പസിലുണ്ടായ സംഘർഷത്തിൽ എസ്എഫ്ഐയെ ന്യായീകരിച്ച് വിചിത്ര വാദങ്ങളുമായി പ്രിൻസിപ്പൽ കെ.വിശ്വംഭരൻ. വിദ്യാർഥി സംഘർഷങ്ങൾ ഒന്നുമില്ലാതെ ശാന്തമായി പ്രവർത്തിക്കുന്ന കലാലയമാണ് യൂണിവേഴ്സിറ്റി കോളജെന്ന് പ്രിൻസിപ്പൽ അവകാശപ്പെട്ടു.
കഴിഞ്ഞ ദിവസമുണ്ടായ സംഘർഷങ്ങൾ ദൗർഭാഗ്യകരമാണ്. മൂവായിരത്തിലധികം കുട്ടികൾ പഠിക്കുന്ന കോളജിൽ അഭിപ്രായ വ്യത്യാസങ്ങൾ സ്വാഭാവികമാണ്. കോളജിൽ എസ്എഫ്ഐയുടെ യൂണിറ്റ് കമ്മിറ്റി ഓഫീസിനോട് ചേർന്ന് ഇടിമുറിയുണ്ടെന്ന ആരോപണത്തെക്കുറിച്ച് തനിക്ക് അറിയില്ല. സംഘർഷങ്ങളുമായി ബന്ധപ്പെട്ട് പരാതിയൊന്നും വിദ്യാർഥികൾ നൽകിയിട്ടില്ലെന്നും പ്രിൻസിപ്പൽ പറഞ്ഞു.
വെള്ളിയാഴ്ച വിദ്യാർഥികൾ തമ്മിൽ സംഘർഷമുണ്ടായപ്പോൾ ആദ്യം താൻ സ്ഥലത്ത് എത്തിയിരുന്നു. അപ്പോൾ പ്രശ്നമൊന്നുമില്ലെന്ന് അവർ അറിയിച്ചതിനാൽ തിരിച്ചുപോവുകയായിരുന്നു. കോളജിൽ അഡ്മിഷൻ നടക്കുന്നതിനാൽ താൻ അതിന്‍റെ തിരക്കിലായിരുന്നു. കോളജിൽ നിന്നും വിദ്യാർഥികളെ നിർബന്ധിച്ച് സമരത്തിനും പ്രതിഷേധ പ്രകടനങ്ങൾക്കും എസ്എഫ്ഐ യൂണിറ്റ് നേതാക്കൾ കൊണ്ടുപോകുന്നത് താൻ കണ്ടിട്ടില്ലെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി.
കേസിൽ ഉൾപ്പെട്ട വിദ്യാർഥികൾക്കെതിരേ കോളജ് അച്ചടക്ക നടപടി സ്വീകരിക്കും. തിങ്കളാഴ്ച യോഗം ചേർന്ന് ഇവരെ സസ്പെൻഡ് ചെയ്യും. കുത്തേറ്റ അഖിൽ എന്ന വിദ്യാർഥിയെ താനും സ്റ്റാഫ് പ്രതിനിധികളും ആശുപത്രിയിൽ പോയി സന്ദർശിച്ചുവെന്നും അപകടനില തരണം ചെയ്തുവെന്ന് ഡോക്ടർമാർ അറിയിച്ചുവെന്നും പ്രിൻസിപ്പൽ കൂട്ടിച്ചേർത്തു.
അഖിലിനെ കുത്തിയത് കൊലവിളിയോടെ; സംഘർഷം ആസൂത്രിതമെന്ന് എഫ്ഐആർ
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലെ സംഘർഷം ആസൂത്രിതമെന്ന് എഫ്ഐആർ റിപ്പോർട്ട്. കുത്തേറ്റ വിദ്യാര്‍ഥിയെ ഉള്‍പ്പെടെ പ്രകോപിപ്പിച്ച് സംഘര്‍ഷത്തിലേക്ക് തള്ളിവിടുകയായിരുന്നു. അഖിലിനെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ കുത്തുകയായിരുന്നുവെന്നും എഫ്ഐആറില്‍ പറയുന്നു.
യൂണിറ്റ് കമ്മിറ്റി അംഗങ്ങളുടെ നിർദേശം പ്രവർത്തകനായ അഖിൽ അനുസരിച്ചില്ല. ഇതിലുള്ള വിദ്വേഷമാണ് അക്രമത്തിന് കാരണമായത്. എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്ത് കൊലവിളിയോടെയാണ് അഖിലിനെ കുത്തിയതെന്നും എഫ്ഐആർ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
കേസിൽ പ്രതികളായ ഏഴു പേരും ഒളിവിലാണ്. ഇവർ കഴിഞ്ഞ രാത്രി കീഴടങ്ങുമെന്നു സൂചനയുണ്ടായിരുന്നെങ്കിലും ശനിയാഴ്ച രാവിലെ വരെ കീഴടങ്ങിയില്ല. ഇവരെ പിടികൂടാൻ ശ്രമം ആരംഭിച്ചതായി പോലീസ് അറിയിച്ചു.