ഡി. ദിലീപ്
ആറ്റിങ്ങൽ സ്വദേശിയായ നിഖില എന്ന പെണ്കുട്ടി ഒരുപാട് ആഗ്രഹിച്ചാണു യൂണിവേഴ്സിറ്റി കോളജിലേക്ക് പഠനത്തിനായി എത്തിയത്. വീടിനടുത്തുള്ള കോളജിലെ പഠനം വേണ്ടെന്നു വച്ചാണ് ആറ്റിങ്ങലിൽ നിന്നു ദിവസവും ഒരു മണിക്കൂർ യാത്ര ചെയ്ത് തലസ്ഥാനത്തെ കോളജിലെത്തിയത്.
ഉന്നതമായ പാരന്പര്യം പേറുന്ന തന്റെ സ്വപ്നകലാലയത്തിൽ പക്ഷേ ആ കുട്ടിക്ക് സഹിക്കേണ്ടി വന്നത് എസ്എഫ്ഐ നേതാക്കളിൽ നിന്നുള്ള അധിക്ഷേപങ്ങളും മാനസിക പീഡനങ്ങളും. പഠനമുപേക്ഷിച്ചു സമരപരിപാടികളിൽ പങ്കെടുക്കാൻ വിസമ്മതം പ്രകടിപ്പിച്ചതിന്റെ പേരിലാണിതെല്ലാം.
ക്ലാസുപേക്ഷിച്ച് സമരപരിപാടികൾക്കിറങ്ങാൻ നേതാക്കൾ നിർബന്ധിച്ചപ്പോൾ അവൾ പ്രിൻസിപ്പലിനു പരാതി നൽകി. അക്കാരണത്താൽ അവർ നിഖിലയെ ഒറ്റപ്പെടുത്തി. സമരം കാരണം തുടർച്ചയായി ക്ലാസുകൾ മുടങ്ങിയത് പ്ലസ്ടുവിന് ഉന്നത മാർക്കു നേടി വിജയിച്ചെത്തിയ കുട്ടിയെ വല്ലാതെ വിഷമിപ്പിച്ചു. അതിനുപുറമെ സമരത്തിനിറങ്ങാനുള്ള നേതാക്കളുടെ സമ്മർദം ചെലുത്തലും അതിന്റെ പേരിലുള്ള അധിക്ഷേപങ്ങളും ഭീഷണികളും.
കോളജിലെ ഒന്നാം വർഷ ഡിഗ്രി കെമിസ്ട്രി വിദ്യാർഥിയായ ആ കുട്ടി പഠനം നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ കഴിയാതായതോടെ മാനസികമായ വിഷമങ്ങളിലകപ്പെട്ടു. ഒടുവിൽ ആത്മഹത്യാക്കുറിപ്പ് എഴുതിവച്ച് അവൾ കൈ ഞരന്പ് മുറിച്ചു. അടുത്ത ദിവസം ക്ലാസ്മുറിയിൽ രക്തം വാർന്ന നിലയിൽ കണ്ടെത്തിയ നിഖില ജീവിതത്തിലേക്കു തിരിച്ചെത്തിയത് ഭാഗ്യം കൊണ്ടു മാത്രമാണ്.
ആ പെണ്കുട്ടിയുടെ ആത്മഹത്യാ കുറിപ്പ് കോളജിലെ എസ്എഫ്ഐ നേതാക്കൾക്കും പ്രിൻസിപ്പലിനുമെതിരായ കുറ്റപത്രമായിരുന്നു. ആത്മഹത്യാ കുറിപ്പിൽ അവളെഴുതിയത് ഇങ്ങനെയാണ്, “ജീവിക്കാൻ താത്പര്യമില്ല. എന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദികൾ ഇവിടുത്തെ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി അംഗങ്ങളും എസ്എഫ്ഐക്കാരും കോളജ് പ്രിൻസിപ്പലുമായിരിക്കും. ഭ്രാന്ത് പിടിച്ചതു പോലെയാണ് എന്റെ അവസ്ഥ. അത്രത്തോളം എന്റെ സ്വപ്നങ്ങൾ നിങ്ങൾ കാരണം തകർന്നു. എന്റെ ഈ ഗതി ഒരു പെണ്കുട്ടിക്കും ഇനി ഉണ്ടാകരുത്’.
ആ സംഭവത്തിനു ശേഷവും അവൾക്കും കുടുംബത്തിനും നേരേയുള്ള എസ്എഫ്ഐ നേതാക്കളുടെ ഭീഷണി അവസാനിച്ചില്ല. ഒടുവിൽ ആത്മഹത്യയ്ക്കു ശ്രമിച്ചത് മാനസിക സമ്മർദം മൂലമാണെന്നും ആർക്കെതിരേയും പരാതിയില്ലെന്നും എങ്ങനെയെങ്കിലും കേസിൽ നിന്ന് ഒഴിവാക്കിത്തരണമെന്നും അവൾ പോലീസിന് മൊഴി നൽകി. ശേഷം യൂണിവേഴ്സിറ്റി കോളജിൽ നിന്നു ടി.സി. വാങ്ങി വർക്കല എസ്.എൻ. കോളജിലേക്കു പോയി.
പരാതിയില്ലെന്ന് പെണ്കുട്ടി പറഞ്ഞതിനാൽ എസ്എഫ്ഐ നേതാക്കൾക്കെതിരായ കേസ് അവസാനിച്ചു. ആത്മഹത്യാശ്രമത്തിനു തന്റെ പേരിലുള്ള കേസ് മാത്രമാണ് ഇപ്പോൾ നിലനിൽക്കുന്നതെന്ന് നിഖില രാഷ്ട്രദീപികയോടു പറഞ്ഞു.
അധികാരത്തിന്റെ തണലിൽ വിരാജിക്കുന്ന എസ്എഫ്ഐ നേതാക്കളിൽ നിന്നു നിഖില എന്ന പെണ്കുട്ടിക്കുണ്ടായ ദുരനുഭവും ഒറ്റപ്പെട്ട സംഭവമായി വ്യാഖ്യാനിക്കപ്പെട്ടു. കാന്പസിനുള്ളിൽ നേതാക്കൾ അവരുടെ ഭീഷണിയും അക്രമവും അധികാരവാഴ്ചയും തുടർന്നു. അവർക്കു സംരക്ഷണ കവചം തീർക്കുന്ന സിപിഎം നേതാക്കൾ തങ്ങളുടെ സ്വാഭാവിക മൗനവും തുടർന്നു.
മാസങ്ങൾക്കു ശേഷം എസ്എഫ്ഐ പ്രവർത്തകൻ കൂടിയായ അഖിലിനെ ഓടിച്ചിട്ടു കുത്തിക്കൊല്ലാൻ നോക്കിയ എസ്എഫ്ഐ നേതാക്കൾക്കെതിരേ, എസ്എഫ്ഐ പ്രവർത്തകർ ഉൾപ്പെടെയുള്ള വിദ്യാർഥികൾ തെരുവിലിറങ്ങിയപ്പോൾ മാത്രമാണ് സിപിഎം നേതാക്കൾ മൗനം വെടിഞ്ഞത്. തലസ്ഥാനത്തെ തങ്ങളുടെ ഗുണ്ടായിസം നടപ്പിലാക്കുന്നതിനായി പാർട്ടി തന്നെ ചെല്ലും ചെലവും കൊടുത്തു സംരക്ഷിച്ചു പോന്നിരുന്ന കുട്ടിനേതാക്കളെ അവർ ഒറ്റക്കെട്ടായി തള്ളിപ്പറഞ്ഞു. യൂണിവേഴ്സിറ്റി കോളജിൽ നടന്നതെല്ലാം നടക്കാൻ പാടില്ലാത്തതാണെന്ന് അവർ ഏറ്റുപറഞ്ഞു.
കേസ് ഒതുക്കിത്തീർക്കാനും തണുപ്പിക്കാനുമു ള്ള നേതൃത്വത്തിന്റെ ശ്രമങ്ങൾക്കെതിരേ പൊതുസമൂഹവും മാധ്യമങ്ങളും ശക്തമായി നിലയുറപ്പിച്ചപ്പോൾ, പോലീസിന്റെ കൈകളിലെ പാർട്ടിയുടെ വിലങ്ങ് അഴിഞ്ഞു. കുട്ടിനേതാക്കളുടെ സ്ഥിരം ഒളിത്താവളങ്ങളായ സ്റ്റുഡന്റ് സെന്ററിലും യൂണിവേഴ്സിറ്റി ഹോസ്റ്റലിലും പോലീസ് റെയ്ഡ് നടത്തി. അഖിലിനെ കുത്തിവീഴ്ത്തിയ കേസിലെ മുഖ്യപ്രതികളായ എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്ത്, സെക്രട്ടറി നസീം എന്നിവരുൾപ്പെടെ ആറു പേർ പിടിയിലുമായി. തുടർന്നു നടക്കുന്ന പോലീസ് അന്വേഷണത്തിൽ ഓരോ ദിവസവും ഞെട്ടിപ്പിക്കുന്ന വിവരങ്ങളും വാർത്തകളുമാണ് പുറത്തുവരുന്നത്.
ഒന്നാം പ്രതിയുടെ വീട്ടിലും, “ഇടിമുറി’യെന്ന പേരിൽ കുപ്രസിദ്ധിയാർജിച്ച കോളജിലെ യൂണിയൻ ഓഫീസിലും നിന്ന് പോലീസ് കണ്ടെടുത്തത് കേരള സർവകലാശാലയുടെ കെട്ടുകണക്കിന് ഉത്തരക്കടലാസുകൾ. അതിനുപുറമെ അധ്യാപകരുടെയും ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടറുടെയും സീലുകളും കണ്ടെടുത്തു. സിവിൽ പോലീസ് ഓഫീസർ പരീക്ഷയിൽ ആദ്യ റാങ്കുകൾ നേടിയ പ്രതികൾ പിഎസ്സിപരീക്ഷയിൽ ക്രമക്കേട് നടത്തിയെന്ന ആരോപണവും ശക്തമാണ്. സംഭവവുമായി ബന്ധപ്പെട്ട് കേരള സർവകലാശാലയും പോലീസിന്റെ ഇന്റലിജൻസ് വിഭാഗവും അന്വേഷണവും പ്രഖ്യാപിച്ചു.
കാന്പസിനുള്ളിൽ എസ്എഫ്ഐക്കാർ വർഷങ്ങളായി തുടരുന്ന താന്തോന്നിത്തരത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ഇപ്പോൾ കുട്ടികളും അധ്യാപകരും മുൻ അധ്യാപകരും രംഗത്തുവരികയാണ്. യൂണിവേഴ്സിറ്റി കോളജിൽ എസ്എഫ്ഐ ഏകാധിപത്യം ആരംഭിച്ചതു മുതലുള്ള അക്രമങ്ങളും പരീക്ഷാക്രമക്കേട് അടക്കമുള്ള സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളും ഇതിനെല്ലാം ഒത്താശ ചെയ്യുന്ന അധ്യാപകരെക്കുറിച്ചുമുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമൊക്കെയാണു പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
ഇത്രയും കാലം എസ്എഫ്ഐയുടെ ഭീഷണിക്കു മുന്നിൽ നിശബ്ദരായിരുന്നവർക്ക് ഇപ്പോൾ കാര്യങ്ങൾ വെളിപ്പെടുത്താനുള്ള ധൈര്യമുണ്ടായിരിക്കുന്നു എന്നത് ജനാധിപത്യ കേരളത്തിന് കൂടുതൽ കരുത്തു പകരുന്ന കാര്യമാണ്.
അഡ്മിഷൻ സമയത്തെ “ഹെൽപ് ഡെസ്കു’കൾ
കോളജിൽ അഡ്മിഷൻ നടക്കുന്ന സമയത്ത് അധ്യാപകർക്കൊപ്പം യൂണിറ്റ് നേതാക്കളും ഒരു ബഞ്ചും ഡസ്ക്കും പിടിച്ചിട്ട് വന്നിരിക്കും. ഹെൽപ്പ് ഡസ്ക് എന്നായിരിക്കും എഴുതി വച്ചിരിക്കുക. ഓരോ വിദ്യാർഥിയിൽ നിന്നും കുറഞ്ഞത് 200 രൂപ വരെ ഇവർ പിരിക്കും. കുട്ടിയുടെ അഡ്മിഷനുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നോക്കിക്കോളാമെന്നു പറഞ്ഞാണ് അവർ നിർബന്ധപൂർവം പണം പിരിക്കുന്നത്.
ഇതിനൊപ്പം തന്നെ എസ്എഫ്ഐയിൽ അംഗത്വവുമെടുപ്പിക്കും. ഓരോ വർഷവും അഡ്മിഷൻ കഴിയുന്പോൾ വലിയൊരു തുക ഇത്തരത്തിൽ നേതാക്കളുടെപോക്കറ്റിലെത്തും. ഈ പണം കൊണ്ടാണ് നേതാക്കൾ ആർഭാട ജീവിതം നയിക്കുന്നതെന്നും ആരോപണമുണ്ട്.
(തുടരും)