ഭക്ഷണത്തിനായി മൃഗങ്ങളെ കൊല്ലുമ്പോള് പശുക്കള്ക്ക് മാത്രമായി എന്തിന് ഇളവ് നല്കണമെന്ന് നടി നിഖില വിമല് പറഞ്ഞത് ചര്ച്ചയായിരുന്നു.
ഇതിന്റെ പേരില് ധാരാളം പേര് നടിയെ അനുകൂലിച്ചപ്പോള് ചിലര് വിമര്ശങ്ങളുമായി രംഗത്തു വന്നിരുന്നു.
എന്നാല് ഇപ്പോള് താന് അതേ നിലപാടില് ഉറച്ചു നില്ക്കുകയാണെന്ന് തുറന്നു പറയുകയാണ് നടി.
എന്തെങ്കിലും ഒരു കാര്യം പറയണമെന്ന് ഉദ്ദേശിച്ച് നടത്തിയ അഭിമുഖമല്ല അത്. അങ്ങനെയൊരു ചോദ്യം വന്നപ്പോള് എല്ലാവരും അവരവരുടെ നിലപാടുകള് പറയുന്നതുപോലെ ഞാനെന്റെ നിലപാട് പറഞ്ഞു.
എല്ലാവര്ക്കും നിലപാട് ഉണ്ടായിരിക്കുമെന്ന് വിശ്വസിക്കുന്നു. അതുണ്ടായിരിക്കണമെന്ന് ആഗ്രഹിക്കുകയും തുറന്നുപറയാന് ആര്ജവം കാണിക്കണമെന്നും നടി ദുബായില് മാധ്യമപ്രവര്ത്തകരോട് പറഞ്ഞു.
ഈ പ്രസ്താവനയ്ക്ക് ശേഷം സിനിമാ മേഖലയിലെ ചിലര് അതു വേണ്ടായിരുന്നുവെന്നും ചിലര് നന്നായെന്നും പറഞ്ഞു.
നിഖില അഭിനയിച്ച് ഹിറ്റായ ഏറ്റവും പുതിയ മലയാള ചിത്രം ജോ ആന്ഡ് ജോയുടെ വിജയാഘോഷത്തില് പങ്കെടുക്കാനെത്തിയതായിരുന്നു താരം.
തന്റെ പ്രസ്താവനയെ തുടര്ന്നു സൈബര് ആക്രമണം ഉണ്ടായതായി ഞാനെവിടെയും പറഞ്ഞിട്ടില്ലെന്നും അങ്ങനെ ഉണ്ടായിട്ടുണ്ടെങ്കില്ത്തന്നെ അതു തന്നെ ബാധിക്കുന്ന പ്രശ്നമല്ലെന്നും നിഖില പറഞ്ഞു.
നിഖിലയുടെ അഭിമുഖം വിവാദമായത് ചിത്രത്തിന്റെ പബ്ലിസിറ്റിക്ക് ഗുണകരമായെന്ന് നിര്മാതാവ് ഹാരിസ് ദേശം വ്യക്തമാക്കി.
സൂപ്പര് സ്റ്റാറുകളെ ഉള്പ്പെടുത്തി ആദ്യ സിനിമ സംവിധാനം ചെയ്യണമെന്ന് ആഗ്രഹം ഉണ്ടായിരുന്നുവെന്നും പക്ഷേ, തന്റെ കഥയ്ക്ക് അനുയോജ്യമായ അഭിനേതാക്കള് മാത്യു തോമസും നസ്ലിനും നിഖില വിമലുമായിരുന്നു എന്ന് സംവിധായകന് അരുണ് ഡി.ജോസ് പറഞ്ഞു.
നേരത്തെ സൂപ്പര് സ്റ്റാറുകള്ക്കായി ഒരു കഥ ആലോചിച്ചിരുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. ജോ ആന്ഡ് ജോയ്ക്ക് പിന്നാലെ തന്നെ തേടി ഒട്ടേറെ അവസരങ്ങള് വരുന്നതായി നടന് നസ്ലിന് പറഞ്ഞു.
നടന്മാരായ മാത്യു തോമസ്, മെല്വിന് എന്നിവരും വാര്ത്താ സമ്മേളനത്തില് പങ്കെടുത്തു.