തലശേരി: ബിജെപി പ്രവര്‍ത്തകനും ലോറി ക്ലീനറുമായിരുന്ന വടക്കുമ്പാട് പാറക്കെട്ടിലെ മാലയാട്ട് നിഖിലി (23) നെ വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ വിചാരണയും വിചാരണയുടെ അടിസ്ഥാനത്തിലുള്ള പ്രോസിക്യൂഷന് വാദവും അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് മുമ്പാകെ പൂര്‍ത്തിയായി. ഇത് മൂന്നാമത്തെ ജഡ്ജിയാണ് ഈ കേസ് പരിഗണിക്കുന്നത്. കേസില്‍ വിസ്തരിച്ച 44 സാക്ഷികളില്‍ ദൃക്സാക്ഷികളുള്‍പ്പെടെ പതിനാറ് പേര് കൂറു മാറി.
വിദേശത്തുണ്ടായിരുന്ന രണ്ടാം സാക്ഷി നിട്ടൂര്‍ കൈതേരിപറമ്പത്ത് ലിഷിന്‍ നാട്ടില്‍ തിരിച്ചെത്തുകയും കോടതിയിലെത്തി മൊഴി നല്‍കുകയും ചെയ്തു. പ്രതികള്‍ നിഖിലിന്റെ പിന്നാലെ ആയുധങ്ങളുമായി പായുന്നതും വെട്ടുന്നതും കൊലയ്ക്കു ശേഷം ചോര പുരണ്ട ആയുധങ്ങളുമായി തിരിച്ചു പോകുന്നത് കണ്ടതായും ലിഷിന്‍ കോതിയില്‍ നല്കിയ മൊഴിയില്‍ പറഞ്ഞു. കേസിലെ ആറ് പ്രതികളേയും തിരിച്ചറിഞ്ഞ ലിഷിന്‍ പ്രതികള്‍ കൊലയ്ക്കുപയോഗിച്ച ആയുധങ്ങളും തിരിച്ചറിഞ്ഞിരുന്നു.
നിഖില്‍ ക്ലീനറായിരുന്ന ലോറിയുടെ ഡ്രൈവറുള്‍പ്പെടെയുള്ള സാക്ഷികളാണ് കൂറുമാറിയതായി പ്രോസിക്യൂഷന് വിചാരണ വേളയില്‍ പ്രഖ്യാപിച്ചിരുന്നത്. കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന ഡിവൈഎസ്പിമാരായ യു.പ്രേമന്, എം.വി സുകുമാരന്‍, സിഐ പി.ജെ.രാജു ഐഡിയ സെല്ലുലാര്‍ നോഡല്‍ ഓഫീസര്‍ അഗസ്റ്റിന് ജോസഫ് തുടങ്ങി 44 സാക്ഷികളെയാണ് വിസ്തരിച്ചത്. 65 സാക്ഷികളാണ് ഈ കേസിലുണ്ടായിരുന്നത്.
സംഭവ സമയത്ത് ധര്‍മടം പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ആയിരുന്ന ഐപിഎസ് ട്രെയിനി ജെ.വി.എന്‍. സുബ്ഹമണ്യന്റെ പരാതി പ്രകാരം പോലീസ് സ്വമേധയാലാണ് കേസ് രജിസ്റ്റര്‍ ചെയ്ത. 67 രേഖകകളും ആയുധങ്ങളുള്‍പ്പെടെ 16 തൊണ്ടി മുതലുകളും പ്രോസിക്യൂഷന് കോടതിയില്‍ ഹാജരാക്കി.
ബിജെപി നേതാവ് എം.പി. സുമേശിനെ പുതിയ ബസ്സ്റ്റാൻഡിലെ നാരാങ്ങാപ്പുറത്ത് വെച്ച് വെട്ടി പരിക്കേല്‍പ്പിച്ചതിന്റെ തുടര്‍ച്ചയായിട്ട് നടന്ന കൊലപാതക പരമ്പരയിലാണ് നിഖില്‍ കൊല്ലപ്പെട്ടത്. ലോറിയില്‍ വരികയായിരുന്ന നിഖിലിനെ കൂളി ബസാറില്‍ വെച്ച് രണ്ട് ബൈക്കുകളിലായെത്തിയഅക്രമി സംഘം ലോറി തടഞ്ഞു നിര്‍ത്തുകയും ഓടി രക്ഷപെടാന്‍ ശ്രമിച്ച നിഖിലിനെ പിന്തുടര്ന്ന് ഒരു വീടിനു പിന്നിലിട്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നു.
സിപിഎം പ്രവര്‍ത്തകരായ എരഞ്ഞോളി വടക്കുമ്പാട് തെക്കേ കണ്ണോളി വീട്ടില്‍ ശ്രീജിത്ത് ( 39), വടക്കുമ്പാട് ഗുംട്ടി ചാലില്‍ വീട്ടില്‍ വിനോയ് (31), എരഞ്ഞോളി റസീന മന്‍സിലില്‍ കെ.പി. മനാഫ്(40), നിട്ടൂര്‍ ഉമ്മാലില്‍ യു. ഫിറോസ് (36), എരഞ്ഞോളി ജയരാജ് ഭവനില്‍ സുനില്‍കുമാര്‍ (50),നിട്ടൂര്‍ കളത്തില്‍ വീട്ടില്‍ മര്‍സൂഖ് (33), എരഞ്ഞോളി നടുവോതിയില് വല്സന്എന്ന വല്സന് വയനാന്‍ (55) എന്നിവരാണ് കേസിലെ പ്രതികള്‍ എട്ടാം പ്രതി പാറക്കെട്ടിലെ മൂലന് ശശിധരന് സംഭവത്തിനു ശേഷം മരണമടഞ്ഞിരുന്നു. പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വി.ജെ മാത്യുവും പ്രതിഭാഗത്തിനു വേണ്ടി അഡ്വ.പി.വി ഹരി, അഡ്വ.വി.പി ഗോപാലകൃഷ്ണന് എന്നിവരുമാണ് ഹാജരാകുന്നത്.