തിരുവനന്തപുരം : വർക്കലയിൽ നവ വധുവിനെ ഭർത്താവ് തലയ്ക്കടിച്ചു കൊലപ്പെടുത്തി. വെട്ടൂർ അയണിവിള വീട്ടിൽ അനീഷിന്റെ ഭാര്യ ആലപ്പുഴ തത്തപ്പള്ളി സ്വദേശി നിഖിത(26) യാണ് കൊല്ലപ്പെട്ടത്.
ഭർത്താവ് അനീഷിനെ വർക്കല പോലീസ് കസ്റ്റഡിയിലെടുത്തു. സംശയമാണ് കൊലപാതകത്തിനു കാരണമെന്ന് പോലീസ് പറഞ്ഞു.
പോലീസ് പറയുന്നത് ഇങ്ങനെ- ഇന്ന് പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം. വാക്കേറ്റത്തെ തുടർന്ന് നിലവിളക്ക് കൊണ്ട് അനീഷ് നിഖിതയെ തലക്ക് അടിക്കുകയായിരുന്നു.
സംഭവം നടക്കുന്ന സമയത്ത് അനീഷിന്റെ മാതാപിതാക്കളും വീട്ടിൽ ഉണ്ടായിരുന്നു. നിലവിളി കേട്ട് ഇവർ ബന്ധുക്കളെ കൂട്ടി വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തു കടന്ന് പരിക്കേറ്റ നിഖിതയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൂന്ന് മാസം മുൻപായിരുന്നു ഇരുവരുടെയും വിവാഹം. വിദേശത്തായിരുന്ന ഇരുവരും ഈ മാസം ഒന്നാം തീയതിയാണ് അനീഷിന്റെ വീട്ടിൽ എത്തിയത്.
അനീഷിനെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. വൈകുന്നേരത്തോടെ അറസ്റ്റ് രേഖപ്പെടുത്തും. നിഖിതയുടെ മൃതദേഹം വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ആർഡിഒയുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടത്തിയശേഷം പോസ്റ്റ്മോർട്ടം നടത്തും.