വടകര: എൻജിനിയറിംഗിൽ നികിത ഹരി എന്ന വടകരക്കാരി ലോകോത്തര കുതിപ്പിൽ. 35 വയസിനുതാഴെയുള്ള ലോകത്തെ ഏറ്റവും മികച്ച 50 വനിത എൻജിനീയർമാരുടെ പട്ടികയിൽ നികിത ഹരി ഇടം നേടി. ബ്രിട്ടീഷ് പത്രമായ ടെലിഗ്രാഫും വിമണ്‍സ് എൻജിനീയറിങ് സൊസൈറ്റിയും ചേർന്നാണ് പട്ടിക തയാറാക്കിയത്.
ഗവേഷണത്തിനൊപ്പം സാമൂഹികപ്രസക്തമായ രണ്ട് തുടക്കസംരംഭങ്ങൾക്കും നികിത നേതൃത്വം നൽകുന്നു. വുഡി, ഫവാലി എന്നിവയാണ് സ്റ്റാർട്ടപ്പുകൾ. എഞ്ചിനീയറിംഗ് വിദ്യാർഥി അനുജൻ അർജുനും ഇതിൽ പങ്കാളിയാണ്.പട്ടികയിൽ ഇടംനേടാനായതിൽ സന്തോഷമുണ്ടെന്ന് നികിത അറിയിച്ചു. ലോകത്തെ മാറ്റിമറിക്കുന്നതിനായി പ്രയത്നിക്കുന്ന ഇന്ത്യൻ പെണ്‍കുട്ടികൾക്കുള്ളതാണ് തന്റെ നേട്ടമെന്നും അവർ പറഞ്ഞു.
2013ൽ കേംബ്രിജ് സർവകലാശാലയിൽ പ്രവേശനം ലഭിച്ച നികിത രണ്ടുവർഷം പിന്നിടുന്പോഴേക്കും യുറോപ്പിൽ പ്രസിദ്ധീകരിക്കുന്ന ഫോർബ്സ് മാസികയുടെ അണ്ടർ 30 ലിസ്റ്റിൽ നോമിനിയായി ഇടം നേടിയിരുന്നു. ഇന്ത്യയിൽനിന്ന് ഫോർബ്സ് മാസികയുടെ ലിസ്റ്റിൽ സ്ഥാനം പിടിക്കുന്ന ആദ്യ വനിത എൻജിനീയറാണ് നികിത.
ഗവേഷണത്തിനൊപ്പം സമൂഹത്തിനു ഗുണകരമായ സംരംഭങ്ങൾക്കും നേതൃത്വം നൽകുന്ന നികിതക്ക് നെഹ്റു ട്രസ്റ്റ് കേംബ്രിജ് യൂനിവേഴ്സിറ്റി സ്കോളർഷിപ്, എഫ്എഫ്ഡബ്ല്യുജി റിസർച്ച് ഫൗണ്ടേഷൻ ഗ്രാൻറ്, ചർച്ചിൽ കോളജ് ഗ്രാൻറ്, സ്നോഡൽ ട്രസ്റ്റ്, ഗൂഗിൾ സ്കോളർഷിപ് എന്നിവയും ലഭിച്ചിട്ടുണ്ട്. മലയാളിക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ അഗീകാരങ്ങളിൽ ഒന്നായാണ് നികിത ഇതിനെ വിലയിരുത്തുന്നത്. വടകര പഴങ്കാവിലെ വി.പി.ഹരിദാസിെൻറയും ഗീതയുടെയും മകളാണ് നികിത ഹരി.