ജമ്മു: കാഷ്മീരിലെ പുൽവാമയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച മേജറുടെ ഭാര്യ സൈന്യത്തിൽ ചേർന്നു.
2019 ഫെബ്രുവരി 18നായിരുന്നു മേജർ വിഭൂതി ശങ്കർ ധൗണ്ടിയാൽ വീരമൃത്യു വരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യ ലഫ്. നികിത കൗളിനെ ഇന്നലെ നോർത്തേൺ കമാൻഡ് തലവൻ വൈ. കെ. ജോഷി സ്ഥാനചിഹ്നങ്ങൾ അണിയിച്ചു.
വിവാഹിതനായി ഒന്പതു മാസം പിന്നിട്ടപ്പോഴായിരുന്നു വിഭൂതി ശങ്കർ വീരമൃത്യു വരിച്ചത്. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന നികിത അത് ഉപേക്ഷിച്ച് ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാഡമിയിൽ ചേർന്നു.
വനിതാ കേഡറ്റുകൾക്കൊപ്പമായിരുന്നു 11 മാസത്തെ പരിശീലനം. ഇന്ത്യൻ കരസേനയുടെ സൗത്ത് വെസ്റ്റേൺ കമാൻഡിലാണു നികിതയ്ക്കു നിയമനം.