ന്യൂഡൽഹി: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരാത് സിംഗ് റാവത്തിന്റെ വിവാദ ജീൻസ് പരാമർശത്തെ കളിയാക്കി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരിയും ട്രൗസർ ധരിച്ച ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്തായിരുന്നു പ്രിയങ്കയുടെ പരിഹാസം.
ആർഎസ്എസ് യൂണിഫോം ധരിച്ച മോദി, ഗഡ്ഗരി എന്നിവരുടെ ചിത്രത്തിനൊപ്പം “ഓ..! എന്റെ ദൈവമേ, അവരുടെ കാൽമുട്ടുകൾ അനാവൃതമായിരിക്കുന്നു’ എന്ന് പ്രിയങ്ക കുറിച്ചു. കഴിഞ്ഞ ദിവസമാണ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി സ്ത്രീകളുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവന നടത്തിയത്.
കീറിപ്പറിഞ്ഞ ജീൻസ് ധരിക്കുന്ന സ്ത്രീകൾക്ക് എങ്ങനെ വീട്ടിൽ കുട്ടികൾക്ക് നല്ല അന്തരീക്ഷം ഒരുക്കുമെന്നായിരുന്നു റാവത്തിന്റെ പ്രസ്താവന. ചൊവ്വാഴ്ച ഡറാഡൂണിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ ശിൽപ്പശാലയിലായിരുന്നു റാവത്ത് വിവാദ പരാമർശം നടത്തിയത്.
കീറിപ്പറിഞ്ഞ ജീൻസ് ധരിക്കുന്ന സ്ത്രീ എന്ത് സന്ദേശമാണ് സമൂഹത്തിന് നൽകുന്നതെന്ന് റാവത്ത് ചോദിച്ചു. ഇത്തരത്തിലൊരു സ്ത്രീ പുറത്തുപോയി ആളുകളെ കണ്ട് അവരെ പ്രശ്നങ്ങൾ പരിഹരിക്കുമ്പോൾ അവർ സമൂഹത്തിനും നമ്മുടെ കുട്ടികൾക്കും എന്തുതരം സന്ദേശമാണ് നൽകുന്നത്.
ഇതെല്ലാം ആരംഭിക്കുന്നത് വീടുകളിലാണ്. വീട്ടിൽ ശരിയായ സംസ്കാരം പഠിക്കുന്ന ഒരു കുട്ടി, അവൻ എത്ര ആധുനികനായി തീർന്നെങ്കിലും ജീവിതത്തിൽ ഒരിക്കലും പരാജയപ്പെടുകയില്ല- റാവത്ത് പറഞ്ഞു.