ന്യൂഡല്‍ഹി: പങ്കാളിയായ യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ധാബയില്‍ ഒളിപ്പിക്കുകയും അന്നുതന്നെ മറ്റൊരു യുവതിയെ വിവാഹം കഴിക്കുകയും ചെയ്ത യുവാവ് അറസ്റ്റില്‍.
ഹരിയാനയിലെ ജജ്ജാര്‍ സ്വദേശിനിയായ നിക്കി യാദവ് (22) ആണ് കൊല്ലപ്പെട്ടത്. പ്രതിയായ സഹില്‍ ഗെലോട്ടിനെ(24) ചൊവ്വാഴ്ച രാവിലെ ഡല്‍ഹിയിലെ കെയര്‍ വില്ലേജ് ക്രോസിംഗില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു.
ഈ മാസം ഒമ്പതിന് രാത്രിയാണ് കൊലപാതകം. കാറില്‍ വെച്ച് തന്റെ മൊബൈല്‍ ഫോണിന്റെ ഡാറ്റ കേബിള്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് നിക്കിയെ സഹില്‍ കൊലപ്പെടുത്തുകയായിരുന്നു. 10ന് ഇയാള്‍ മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുകയും ചെയ്തു. നിക്കിയുടെ മൊബൈല്‍ ഫോണ്‍ സഹിലിന്റെ പക്കല്‍ നിന്ന് കണ്ടെടുത്തതായി പോലീസ് പറഞ്ഞു.
പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ സഹിലും നിക്കിയും തമ്മില്‍ പ്രണയത്തിലായിരുന്നു. 2018 ല്‍ ഉത്തംനഗര്‍ പ്രദേശത്ത് കോച്ചിംഗ് സെന്ററില്‍ എസ്എസ്സി പരീക്ഷയ്ക്ക് തയ്യാറെടുക്കു ന്നതിനിടെയാണ് മിത്രോണ്‍ ഗ്രാമവാസിയായ സാഹില്‍ നിക്കിയെ പരിചയപ്പെടുന്നത്.
മെഡിക്കല്‍ പ്രവേശനത്തിന് തയ്യാറെടുക്കുകയായിരുന്നു നിക്കി. ഇഷ്ടത്തിലായ ഇരുവരും ഗ്രേറ്റര്‍ നോയിഡയില്‍ വാടക വീട്ടില്‍ ഒരുമിച്ച് താമസം തുടങ്ങി. കോവിഡ് കാലത്ത് സ്വന്തം വീടുകളിലേക്ക് മടങ്ങിയ ഇരുവരും ശേഷം ദ്വാരക ഏരിയയിലെ ഒരു വാടക വീട്ടില്‍ വീണ്ടും ഒരുമിച്ച് താമസിക്കാന്‍ തുടങ്ങി.
നിക്കിയുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് പ്രതി വീട്ടുകാരെ അറിയിച്ചിരുന്നില്ല. വീട്ടുകാര്‍ സഹിലിന് മറ്റൊരു വിവാഹം ഉറപ്പിക്കുകയും ചെയ്തു.
സഹിലിന്റെ വിവാഹം നിശ്ചയിച്ചതായി നിക്കി അറിഞ്ഞതിനെത്തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്കായി. തന്റെ വിവാഹ വാര്‍ത്ത സത്യമല്ലെന്നും രാത്രി ഹിമാചല്‍ പ്രദേശിലെ ഒരു ഹില്‍സ്റ്റേഷനിലേക്ക് പോകുകയാണെന്നും ഇയാള്‍ യുവതിയെ പറഞ്ഞ് വിശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും യുവതിക്ക് ബോധ്യപ്പെട്ടില്ല.
തുടര്‍ന്ന രാത്രി 11 ന് സാഹില്‍ കാറില്‍ ബിന്ദാപൂരിലെത്തി. കാറില്‍വച്ച് പ്രതി യുവതിയെ കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം സീറ്റ് ബെല്‍റ്റിട്ട് യാത്രക്കാരിയെന്ന വ്യാജേന ഇയാളുടെ സ്വന്തം ഭക്ഷണശാലയില്‍ എത്തിച്ചു.
ധാബയിലെത്തിയ സഹില്‍ മൃതദേഹം ഫ്രിഡ്ജില്‍ കയറ്റി കേബിള്‍ വയര്‍ ഉപയോഗിച്ച് കെട്ടിവച്ചു. വിവാഹമായതിനാല്‍ അടുത്ത രണ്ട് ദിവസത്തേക്ക് ധാബ അടച്ചിടുകയും ചെയ്തു.
അതേസമയം, നിക്കിയെ കാണാതായിട്ടും വീട്ടുകാരില്‍ നിന്ന് പരാതി ലഭിച്ചിരുന്നില്ല. എന്നാല്‍ സഹിലും നിക്കിയും ഒരുമിച്ചുള്ളത് അറിയാവുന്ന നാട്ടുകാര്‍ യുവതിയെ കാണാതായത് പോലീസിനെ അറിയിക്കുയായിരുന്നു.
ചൊവ്വാഴ്ച ധാബയിലെ ഫ്രിഡ്ജിനുള്ളിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് സഹിലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
അടുത്തിടെ ഡല്‍ഹിയില്‍ ശ്രദ്ധ വാക്കര്‍(27) എന്ന യുവതിയെ ലിവ്-ഇന്‍ പങ്കാളിയായ അഫ്താബ് അമിന്‍ പൂനാവാല കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവം ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. ശ്രദ്ധ കേസുമായി ഏറെ സാമ്യത പുലര്‍ത്തുന്നതാണ് നിക്കിയുടേത്.