സിനിമാതാരങ്ങളുടെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമൊക്കെ അറിയാൻ ആരാധകർക്കു പ്രത്യേകമായൊരു ഇഷ്ടമാണ്. പലപ്പോഴും ഗോസിപ്പുകൾ വരുന്നതിനു പിന്നിലെ കാരണവും ഈ ആകാംക്ഷയാണ്.
കഴിഞ്ഞ മാസങ്ങളിൽ തെന്നിന്ത്യൻ നടി സഞ്ജന ഗൽറാണി വിവാഹിതയാവുന്നു എന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. ഒരു അഭിമുഖത്തിൽ സഞ്ജനതന്നെയാണ് താൻ വിവാഹിതയാവുന്ന കാര്യം വ്യക്തമാക്കിയത്.
ഇപ്പോഴിതാ സഞ്ജനയുടെ സഹോദരിയും നടിയുമായ നിക്കി ഗൽറാണിയുടെ വിവാഹത്തെക്കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. അതു സൂചിപ്പിക്കുന്ന വിധത്തിലുള്ള ചില ചിത്രങ്ങൾ ട്വിറ്റർ അടക്കമുള്ള സോഷ്യൽ മീഡിയ പേജുകളിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.
തെന്നിന്ത്യൻ സിനിമാലോകത്ത് തിളങ്ങിനിൽക്കുന്ന രണ്ടു താരസഹോദരിമാരാണ് നിക്കി ഗൽറാണിയും സഞ്ജന ഗൽറാണിയും. സഞ്ജന തമിഴിലും തെലുങ്കിലും കന്നഡയിലുമൊക്കെ അഭിനയിക്കുന്പോൾ നിക്കി ശ്രദ്ധിക്കപ്പെട്ടത് മലയാളത്തിലും തമിഴിലുമൊക്കെയായിട്ടാണ്.
ഒന്നു രണ്ടു മാസം മുൻപായിരുന്നു താൻ വിവാഹിതയാവുന്ന കാര്യം സഞ്ജന പറഞ്ഞത്. തനിക്ക് ഒരു ബോയ്ഫ്രണ്ട് ഉണ്ട്. എന്നാൽ ആ ഫ്രണ്ടിനെത്തന്നെയാണോ വിവാഹം കഴിക്കുക എന്നത് പറയാനാകില്ലെന്നും എന്തായാലും ഈ വർഷം തന്നെ ഉണ്ടാവുമെന്നും സഞ്ജന പറഞ്ഞിരുന്നു.
ഇപ്പോഴിതാ നിക്കിയും നടൻ ആദി പിനിസെറ്റിയും തമ്മിലുള്ള വിവാഹത്തെക്കുറിച്ചുള്ള വാർത്തകളാണ് പ്രചരിക്കുന്നത്. ചില ഫോട്ടോകൾ പുറത്തുവന്നതോടെയായിരുന്നു ആരാധകർ ഇക്കാര്യം അന്വേഷിച്ചുതുടങ്ങിയത്.
കഴിഞ്ഞ ദിവസമായിരുന്നു ആദിയുടെ പിതാവും സംവിധായകനുമായ രവി രാജ പിനിസെറ്റിയുടെ പിറന്നാൾ. കൊവിഡ് പ്രതിസന്ധി നിലനിൽക്കുന്നതിനാൽ കുടുംബത്തിനൊപ്പമായിരുന്നു ആഘോഷം. ഇതിന്റെ ചിത്രങ്ങൾ ആദി തന്നെയായിരുന്നു ട്വിറ്ററിലൂടെ പങ്കുവച്ചത്. ആദിയുടെ അച്ഛനും അമ്മയും സഹോദരിമാരും അടക്കമുള്ള കുടുംബത്തിനൊപ്പം പുറമേനിന്ന് നടി നിക്കിയും ഉണ്ടായിരുന്നു.
ചെന്നൈയിൽ കൊവിഡ് രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലും താരങ്ങൾ ഒന്നിച്ചതിനെക്കുറിച്ച് ചോദ്യങ്ങൾ ഉയരുകയാണ്. ഇതോടെ ആദിയും നിക്കിയും തമ്മിൽ പ്രണയത്തിലാണോ എന്ന് ആരാധകരിലും സംശയത്തിനു വഴിയൊരുക്കിയത്.
വിവാഹം ഉണ്ടാവുമെന്നൊരു സൂചന മുന്പു തന്നെ നിക്കി നൽകിയിരുന്നെങ്കിലും ഇതു സംബന്ധിച്ച് താരങ്ങളോ അടുത്ത ബന്ധുക്കളോ കൂടുതൽ കാര്യങ്ങളൊന്നും വ്യക്തമാക്കിയിട്ടില്ല.
ഒമർ ലുലുവിന്റെ സംവിധാനത്തിലെത്തിയ ധമാക്ക എന്ന മലയാള സിനിമയിലായിരുന്നു നിക്കി അവസാനമായി അഭിനയിച്ചത്. ഈ സിനിമയുമായി ബന്ധപ്പെട്ടൊരു അഭിമുഖത്തിൽ പങ്കെടുക്കവേയാണ് വിവാഹത്തെക്കുറിച്ച് നിക്കി ചെറിയൊരു സൂചന നൽകിയത്.
ഞങ്ങൾ ചെന്നൈയിൽനിന്നുമാണ് കണ്ടുമുട്ടിയതെന്നും അധികം വൈകാതെതന്നെ അതാരാണെന്ന് പറയുമെന്നും നിക്കി പറഞ്ഞിരുന്നു. വിവാഹം വൈകാതെ ഉണ്ടാവുമെന്നും ആ അഭിമുഖത്തിൽ നടി സൂചിപ്പിച്ചിരുന്നു.