തമിഴ് സൂപ്പർതാരം സൂര്യ നായകനായ അയണ്‍ സിനിമയിലെ നൃത്തരംഗവും സ്റ്റണ്ടും പുനരാവിഷ്ക്കരിച്ച് വൈറലായ ചെങ്കൽച്ചൂളയിലെ കുട്ടികൾ ഇനി സിനിമയുടെ വെള്ളിത്തിളക്കത്തിൽ.
കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന വിരുന്ന് എന്ന സിനിമയിലാണ് ഇനി ഇവരുടെ പ്രകടനം കാണാനാകുക. തമിഴ് നടൻ അർജുനും നിക്കി ഗൽറാണിയും നായികാ നായകൻമാരാകുന്ന സിനിമയാണ് വിരുന്ന്.
ഇഷ്ടതാരമായ സൂര്യയുടെ ജന്മദിനത്തിലാണ് ചെങ്കൽച്ചൂളയിലെ ഈ കുട്ടികൾ അയണ്‍ സിനിമയിലെ നൃത്തരംഗം പുനരാവിഷ്ക്കരിച്ച് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്.
മൊബൈൽ കാമറ ഉപയോഗിച്ച് കുട്ടികൾ തന്നെയാണ് ചിത്രീകരണവും എഡിറ്റിംഗും നിർവഹിച്ചത്.
തേടിയെത്തിയ സിനിമ
സൂര്യ അടക്കമുള്ള പ്രമുഖർ വീഡിയോ ഷെയർ ചെയ്തതോടെ സംഭവം വൈറലായി. മാത്രമല്ല സൂര്യ ഇവരെ അഭിനന്ദിച്ച് പോസ്റ്റിടുകയും ചെയ്തു. സിനിമയിൽ അഭിനയിക്കാനാണ് ആഗ്രഹമെന്ന് അന്ന് ഇന്റർവ്യൂവിൽ കുട്ടികൾ വ്യക്തമാക്കിയിരുന്നു.
ഇത് ശ്രദ്ധയിൽപ്പെട്ട സംവിധായകൻ കണ്ണൻ താമരക്കുളവും നിർമാതാവും നടനുമായ ഗിരീഷ് നെയ്യാറും ഇവരെ തേടിയെത്തുകയായിരുന്നു.
ഇപ്പോൾ കുട്ടിക്കാനത്ത് ചിത്രീകരണം നടക്കുന്ന സിനിമയിൽ 11 അംഗ സംഘത്തിന് വേഷവും നൽകി. സിനിമയിൽ നായിക നിക്കി ഗൽറാണിയെ തട്ടിക്കൊണ്ടുപോകുന്ന സംഘത്തിലെ അംഗങ്ങളായാണ് ഇവർ ആദ്യമായി വെള്ളിത്തിരയിലെത്തുക.
എഡിറ്റിംഗ് സഹായി
സംഘത്തിന്റെ തലവനായി അഭിനയിക്കുന്നത് പ്രമുഖ സംവിധായകൻ അജയ് വാസുദേവാണെന്നതും മറ്റൊരു പ്രത്യേകതയാണ്.
മൊബൈൽ കാമറയിൽ നൃത്തരംഗം എഡിറ്റുചെയ്ത കുട്ടികളുടെ സംഘത്തിലെ അബിക്ക് സിനിമയിൽ എഡിറ്ററാകണമെന്നായിരുന്നു ആഗ്രഹം.
ഇത് തിരിച്ചറിഞ്ഞ ഈ സിനിമയുടെ എഡിറ്റർ കൂടിയായ വി.ടി.ശ്രീജിത്ത് അബിയെ അദ്ദേഹത്തിന്റെ സഹായിയാക്കുകയും ചെയ്തിട്ടുണ്ട്. മികച്ച കഴിവുള്ള കുട്ടിയെ വരും സിനിമകളിലും ഒപ്പം കൂട്ടുമെന്ന് വി.ടി. ശ്രീജിത്ത് പറഞ്ഞു.
സിനിമയിൽ എടുത്തതിലും തങ്ങളുടെ എളിയശ്രമം ഇഷ്ടതാരമായ സൂര്യ അടക്കമുള്ളവർ സ്വീകരിച്ചതിലും സന്തോഷമുണ്ടെന്നും അബിയും കാർത്തിക്കും പറഞ്ഞു. രവിചന്ദ്രനാണ് സിനിമയുടെ ക്യാമറ കൈകാര്യം ചെയ്യുന്നത്.