ഷാജിമോന്‍ ജോസഫ്
കൊച്ചി: ആദ്യം ജീവന്, പിന്നെ ജീവിതം… രണ്ടും വീണ്ടുകിട്ടിയതിനു പിന്നില്‍ മലയാളത്തിന്റെ മഹാനടന് മമ്മൂട്ടിയോടുള്ള കടപ്പാട് വിവരിക്കാന്‍ ഇരട്ടസഹോദരങ്ങളായ ജിക്സനും നിക്സനും വാക്കുകള്‍ പോര.
ഹൃദ്രോഗത്താല്‍ ഒമ്പതാം വയസില്‍ അണഞ്ഞുപോയേക്കാമായിരുന്ന ജീവന് നിലനിര്‍ത്താന്‍ തുണയായതും പിന്നീട് ജീവിതം കരുപ്പിടിപ്പിക്കാന്‍ നിമിത്തമായതും ആ കരുതല്സ്പര്ശമാണെന്ന്, തുറന്നുപറയാന്‍ തെല്ലും മടിയുമില്ല കോതമംഗലം സ്വദേശികളായ ഈ ബയോമെഡിക്കല്‍ എന്‍ജിനീയര്‍മാര്‍ക്ക്.
നായകനായി ജീവിതത്തിലേക്ക്
സിനിമയിലെ പഞ്ച് ഡയലോഗുകള്‍കൊണ്ട് ആരാധകരെ കോരിത്തരിപ്പിക്കുന്ന മമ്മൂക്ക മലയാളികള്‍ക്ക് നടനവിസ്മയവും മെഗാസ്റ്റാറുമൊക്കെയാവാം. എന്നാല്‍ കടുത്ത രോഗം വില്ലന്‍വേഷമണിഞ്ഞ ഞങ്ങളുടെ ജീവിതത്തില്‍ നായകനായി അവതരിച്ച ആ മഹാപ്രതിഭ, അതിനപ്പുറം ജീവകാരുണ്യത്തിന്റെ വേറിട്ട മുഖമാണ്.
ഇന്ന് ഈ ലോകത്ത് ഏറ്റവുമധികം കടപ്പെട്ടിരിക്കുന്നത് ആ വലിയ മനസിനോടാണെന്ന് ഒരേ സ്വരത്തില്‍ പറയുന്ന ഇവര്‍ മമ്മൂട്ടിയുടെ സപ്തതി ആഘോഷിക്കുന്ന ഈ ദിനത്തില്‍ ഹൃദയപൂര്‍വം പിറന്നാള്‍ ആശംസകള്‍ നേരുകയാണ്.
പിറന്നാള്‍ മാത്രമല്ല, മലയാളികള്‍ നെഞ്ചിലേറ്റുന്ന മമ്മൂക്കയുടെ ജീവിതത്തിലെ ഓരോ വിശേഷദിനവും തങ്ങള്‍ക്കും പ്രിയപ്പെട്ടതാണെന്ന് ഇരുപത്തിനാലുകാരായ സഹോദരങ്ങളുടെ നേര്‍സാക്ഷ്യം.
മമ്മൂട്ടിയുടെ നിര്‍ദേശം
ഒന്‍പതാം വയസില്‍ ജിക്സനിലാണ് ആദ്യം ഹൃദ്രോഗം കണ്ടെത്തിയത്. ഓപ്പറേഷന് മാത്രമാണ് പോംവഴിയെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. കൂലിപ്പണിക്കാരനായ പിതാവ് ജോണ്സണ് പണം കണ്ടെത്താനാവാതെ അലയുന്നതിനിടെ, ഒരു ബസ് യാത്രയ്ക്കിടെയാണ് മമ്മൂട്ടി ഫാന്‍സ് അസോസിയേഷന് പ്രസിഡന്റ് റോബര്‍ട്ട് കുര്യാക്കോസിന്റെ നമ്പര്‍ കിട്ടുന്നത്.
റോബര്‍ട്ട് ഇക്കാര്യം ശ്രദ്ധയില്പ്പെടുത്തിയപ്പോള്തന്നെ ചികില്‍സയ്ക്കുള്ള ഏര്‍പ്പാടുകള്‍ ചെയ്തുകൊള്ളാന്‍ മമ്മൂട്ടിയുടെ നിര്‍ദേശം. മമ്മൂട്ടിയും നിംസ് ഹോസ്പിറ്റലും ചേര്‍ന്നുള്ള ഹാര്‍ട്ട് ടു ഹാര്‍ട്ട് എന്ന ജീവകാരുണ്യ പദ്ധതിക്കും അവിടെ ജീവന് വയ്ക്കുകയായിരുന്നു.
നെയ്യാറ്റിന്‍കര നിംസില്‍ ശസ്ത്രക്രിയയിലൂടെ ഹൃദയതാളം വീണ്ടെടുത്ത ജിക്സന് ജീവിതത്തിലേക്കു മടങ്ങിവരുമ്പോഴാണ് നിക്സനേയും അതേരോഗം അലട്ടുന്നത്. വീണ്ടും ഫാന്‍സ് അസോസിയേഷന് ജോണ്‍സന്റെ വിളി.
കുട്ടികളില്‍ ഹൃദ്രോഗം വര്‍ധിച്ചുവരുന്ന ഒട്ടേറെ കേസുകള്‍ ഇതിനകം ശ്രദ്ധയില്‍പ്പെട്ടിരുന്ന മമ്മൂട്ടി സമാനമനസ്കരുമായി ചേര്‍ന്ന് കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനു തുടക്കമിട്ടു. ഈ പദ്ധതിയുടെ ആദ്യകാല ഗുണഭോക്താവായത് നിക്സനും. പിന്നീട് ഇരുവര്‍ക്കും എന്‍ജിനീയറിംഗിന് സീറ്റ് തരപ്പെടുത്തുന്നതിലും മമ്മൂക്കയുടെ ഇടപെടലുണ്ടായിരുന്നു.
കെയര്‍ ആന്‍ഡ് ഷെയര്‍
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യസംഘടനയായ കെയര്‍ ആന്‍ഡ് ഷെയര്‍ പദ്ധതിയിലൂടെ നൂറുകണക്കിന് കുട്ടികള്‍ക്ക് സൗജന്യമായി ഹൃദയ ശസ്ത്രക്രിയ നടത്തിയിട്ടുണ്ടെങ്കിലും പല തവണ നേരില്‍ കണ്ടിട്ടുള്ള നിക്സനും ജിക്സനും മമ്മൂട്ടിക്ക് ഇന്ന് ഏറെ പരിചിതരാണ്.
എന്‍ജിനീയറിംഗിന് ചേരുംമുമ്പ്, മമ്മൂട്ടി ചിത്രമായ “ഉട്ട്യോപ്യയിലെ രാജാവി’ന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ എത്തി രണ്ടുപേരും അനുഗ്രഹവും തേടിയിരുന്നു. നിക്സന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റിലാണ് ജോലി. തിരുവനന്തപുരം നിംസില്‍ ജോലി ചെയ്തുവരികയായിരുന്ന ജിക്സന് ഉപരിപഠനത്തിനായി അടുത്ത മാസം വിദേശത്തേക്ക് പോകാനൊരുങ്ങുകയാണ്.
പഠിച്ചു മിടുക്കരായി ഇന്ന് ഭേദപ്പെട്ട ജീവിതസാഹചര്യത്തില്‍ എത്തിനില്ക്കുമ്പോള് ഇരുവര്‍ക്കും ഒരാഗ്രഹം ബാക്കിയാവുന്നു. മമ്മൂക്കയെ ഒരിക്കല്‍കൂടി നേരില്‍ കാണണം, എന്‍ജിനീയറിംഗ് പാസായതിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ അദേഹത്തെ കാണിക്കണം.