കൊച്ചി: നിലവിലെ സാഹചര്യങ്ങളില്‍ ഒരു കിലോഗ്രാം സ്വര്‍ണം കള്ളക്കടത്തായി എത്തിച്ചാല്‍ ലാഭമായി ലഭിക്കുക ഏഴ് ലക്ഷം രൂപയോളം. നികുതി വെട്ടിപ്പിലൂടെയാണു കള്ളക്കടത്തുകാര്‍ ഇത്രയേറെ തുക ലാഭിക്കുന്നത്.
നിലവില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതിച്ചുങ്കം 12.5 ശതമാനമാണ്. ഇതിനു പുറമേ മൂന്ന് ശതമാനം ജിഎസ്ടിയും നല്‍കണം. ദുബായില്‍നിന്നു കടത്തുന്നവര്ക്കാകട്ടെ ലാഭം വീണ്ടും വര്‍ധിക്കും. അവിടെ സ്വര്ണവിലകുറവായതാണ് കാരണം.
സ്വര്‍ണത്തിന്റെ ഇറക്കുമതി ഓരോ വര്‍ഷവും 800 മുതല്‍ 1,000 ടണ്‍ വരെയാണെന്നാണു കണക്കുകള്‍. ഇതിന്റെ പലമടങ്ങാണ് കള്ളക്കടത്തായി എത്തുന്നതെന്നു പറയുന്നു.
ഒരു കിലോ സ്വര്‍ണക്കട്ടിക്ക് ഇന്നലത്തെ നിലവാരമനുസരിച്ച് 50 ലക്ഷം രൂപയ്ക്കു മുകളിലാണു വില. കേരളത്തില്‍ ജിഎസ്ടിയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള പന്തീ രായിരത്തോളം വരുന്ന സ്വര്‍ണ വ്യാപാരികളുടെ വാര്‍ഷിക വിറ്റുവരവ് ഏകദേശം 30,000 മുതല്‍ 40,000 കോടി വരെ രൂപയുടേതാണ്.
സമാന്തര മേഖലയെ തൊടാതെ രജിസ്ട്രേഷനുള്ള വ്യാപാരികളെ ഉദ്യോഗസ്ഥര്‍ പീഡിപ്പിക്കുന്ന അവസ്ഥയാണുള്ളതെന്ന് ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ് അസോസിയേഷന് സംസ്ഥാന ട്രഷറര്‍ അഡ്വ. എസ്. അബ്ദുല്‍ നാസര്‍ പറയുന്നു. 2004 ല്‍ ഇറക്കുമതിച്ചുങ്കം വെറും രണ്ടു ശതമാനം മാത്രമായിരുന്നു. ഇവിടെനിന്നാണ് നികുതി ഇത്രയേറെ വര്‍ധിച്ചത്.
കള്ളക്കടത്ത് അനാകര്‍ഷകമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇറക്കുമതിച്ചുങ്കം എടുത്തു കളയുകയോ, നികുതി രണ്ട് ശതമാനമാക്കുകയോ വേണമെന്നാണു വ്യാപാരികളുടെ പക്ഷം.
എയര്‍പോര്‍ട്ടുകളിലൂടെയും കടല്‍മാര്‍ഗവും രാജ്യാതിര്‍ത്തികള്‍ വഴിയുമാണ് പ്രധാനമായും കള്ളക്കടത്തു സ്വര്‍ണം വരുന്നത്. വിമാനത്താവളങ്ങള്‍ വഴി വരുന്നത് മാത്രമാണു വല്ലപ്പോഴും പിടിക്കപ്പെടുന്നത്.
റോബിന് ജോര്‍ജ്