കൊല്ലം :നികുതി വിഹിതം നല്‍കാതെ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ച് വികസനം മുരടിപ്പിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നീക്കം കേരളത്തില്‍ വിലപ്പോകില്ലെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. കിഫ്ബി പോലുള്ള ബദല്‍ മാര്‍ഗത്തിലൂടെ സാമ്പത്തിക സമാഹരണം നടത്തി വാഗ്ദാനങ്ങള്‍ നിറവേറ്റുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച ലൈഫ് മിഷന്കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി .
ഭവന നിര്‍മാണം, അടിസ്ഥാന സൗകര്യ വികസനം, റോഡുകള്‍ തുടങ്ങി എല്ലാ വാഗ്ദാനങ്ങളും നിറവേറ്റാന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്. 56 കോടി രൂപയാണ് കശുവണ്ടി തൊഴിലാളികളുടെ പെന്ഷന് വിതരണത്തിനായി ചെലവഴിച്ചത്. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്തില്‍ ലൈഫ് പദ്ധതി പ്രകാരം ഏറ്റെടുത്ത 881 വീടുകളില്‍ 766 വീടുകളും പൂര്‍ത്തീകരിച്ചു.
ലൈഫ് ഒന്നാംഘട്ടം ഭവന നിര്‍മാണ പദ്ധതിയില്‍ അഞ്ച് ഗ്രാമപഞ്ചായത്തുകളിലുമായി പട്ടികജാതി വിഭാഗത്തില്‍ 152 ഗുണഭോക്താക്കളും ജനറല്‍ വിഭാഗത്തില്‍ 26 ഗുണഭോക്താക്കളും ഉള്‍പ്പെടെ ആകെ 178 പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ 177 പേരുടെ ഭവനനിര്‍മാണം പൂര്‍ത്തിയായി. 2016-17 വര്‍ഷത്തില്‍ അനുവദിച്ച 53 വീടുകളില്‍ 50 എണ്ണം പൂര്‍ത്തീകരിച്ചു.
2017-18 വര്‍ഷത്തില്‍ 21 ഗുണഭോക്താക്കള്‍ ഉള്ളതില്‍ 20 പേരും ഭവന നിര്‍മാണം പൂര്‍ത്തിയാക്കി. പട്ടികജാതി വികസന വകുപ്പ് വഴി ലൈഫ് ഒന്നാംഘട്ടത്തില്‍ 46 വീടുകള്‍ പൂര്‍ത്തീകരിച്ചു. ഒന്നാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 4,44,85,918 രൂപ ചിലവഴിച്ചതായും മന്ത്രി പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് ശശികുമാര്‍, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഷൈല സലിംലാല്‍, അബ്ദുല്‍ റഹ്മാന്, ഹംസ റാവുത്തര്‍, അംബിക സുരേന്ദ്രന്, കെ പി ശ്രീകല, ജില്ലാ പഞ്ചായത്തംഗങ്ങളായ കെ ജഗദമ്മ, എസ് പുഷ്പാനന്ദന്, സി പി പ്രദീപ്, ഗിരിജകുമാരി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീബ സുരേഷ്, കെ സുമ, എല്‍ ബാലഗോപാല്‍, ആര് വേണുഗോപാല്‍, തുടങ്ങിയവർ പ്രസംഗിച്ചു.