ഹരിപ്പാട്: കരുനാഗപ്പള്ളിയിലെ ഭർത്തൃഗൃഹത്തിൽ വച്ച് ദുരൂഹ സാഹചര്യത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കരുനാഗപ്പള്ളി കോഴിക്കോട് അയണികുളങ്ങര സുനാമി കോളനിയിൽ രാജേഷ് (30) ആണ് അറസ്റ്റിലായത്. രാജേഷിന്റെ ഭാര്യ നിള (24) കഴിഞ്ഞ ദിവസമാണ് മരിച്ചത്.
കഴിഞ്ഞ 21ന് വൈകുന്നേരം രാജേഷിന്റെ വീട്ടിൽ വച്ച് പരിക്കേറ്റ നിള ദിവസങ്ങളോളം അബോധാവസ്ഥയിൽ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഭർത്താവ് രാജേഷുമായി സ്വരചേർച്ചയില്ലാതിരുന്ന നിള കഴിഞ്ഞ 13 മാസമായി തൃക്കുന്നപ്പുഴയിലെ കുടുംബ വീട്ടിലായിരുന്നു താമസം.
പരിക്കേല്‍ക്കുന്നതിന് ഒരാഴ്ച മുന്‍പാണ് തർക്കങ്ങൾ പറഞ്ഞു തീർത്ത് രാജേഷും ബന്ധുക്കളും ചേർന്ന് നിളയെ കൂട്ടിക്കൊണ്ടുപോയത്. നിള കൊടുത്തിരുന്ന കേസിൽ നിന്ന് ഒഴിവാകുന്നതിനും മറ്റൊരു സ്ത്രീയമായിട്ടുള്ള രഹസ്യ ബന്ധത്തെ നിള എതിർക്കുകയും ചോദ്യം ചെയ്തതിലുമുള്ള വൈരാഗ്യത്തെ തുടർന്ന് രാജേഷ് നടത്തിയ മർദ്ദനത്തെ തുടർന്നാണ് നിള മരിച്ചതെന്നാണ് ബന്ധുക്കളുടെ പരാതി.
ഇവരുടെ നാലുവയസ്സുള്ള മകൾ നിളയെ പിതാവ് മർദിച്ചിരുന്നതായി പറഞ്ഞിരുന്നു. ആസൂത്രിതമായ കൊലപാതകമാണ് നടന്നതെന്ന് കാണിച്ച് നിളയുടെ പിതാവ് പ്രകാശ് കരുനാഗപ്പള്ളി ഡിവൈഎസ്പിയ്ക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് രാജേഷിനെ പോലീസ് അറസ്റ്റ് ചെയ്തത്.