ഹരിപ്പാട്: ഭർത്തൃഗൃഹത്തിൽ വച്ച് പരിക്കേറ്റ് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരേ ബന്ധുക്കൾ പരാതി നല്കി. തൃക്കുന്നപ്പുഴ പളളിപ്പാട്ട് പുണിശ്യം പറന്പിൽ പ്രകാശ് – ഡാർലി ദന്പതികളുടെ മകൾ നിള (24) യുടെ മരണവുമായി ബന്ധപ്പെട്ടാണ് ഭർത്താവ് രാജേഷി(ദീപേഷ് )നെതിരെ ബന്ധുക്കൾ പരാതി നൽകിയത്.
കഴിഞ്ഞ 21 ന് ഭർത്തൃവീടായ കരുനാഗപ്പള്ളി കോഴിക്കോട് സുനാമി കോളനിയിലെ തൈമൂട്ടിൽ വീട്ടിൽ വച്ചാണ് നിളയ്ക്ക് പരിക്കേറ്റത്. കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും സ്ഥിതി ഗുരുതരമായതിനാൽ തുടർന്നു വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലും അബോധാവസ്ഥയിൽ ദിവസങ്ങളോളം ചികിത്സയിലായിരുന്നു നിള. ജീവനൊടുക്കാൻ ശ്രമിച്ചെന്നും അതിനെ തുടർന്നുണ്ടായ പരിക്കാണെന്നുമാണ് ഭർത്താവ് ആശുപത്രിയിൽ പറഞ്ഞിരുന്നത്.
ശരീരം മുഴുവൻ മർദ്ദനമേറ്റ് കരുവാളിച്ച പാടുകളും വലത് കൈ ഒടിഞ്ഞനിലയിലുമായിരുന്നെന്ന് നിളയുടെ ബന്ധുക്കൾ പറഞ്ഞു. രാജേഷും നിളയും തമ്മിലുള്ള വിവാഹം കഴിഞ്ഞിട്ട് ആറുവർഷമായി. ഇവർക്ക് നാലുവയസ്സുള്ള പെണ്കുട്ടിയുമുണ്ട്. അഭിപ്രായ വ്യത്യാസം കാരണം കഴിഞ്ഞ ഒരു വർഷമായി തൃക്കുന്നപ്പുഴയിലുള്ള കുടുംബവീട്ടിലായിരുന്നു മകളുമായി നിള താമസിച്ചിരുന്നത്.
വിവാഹമോചനത്തിന് നിയമനടപടികളുമായി മുന്നോട്ടു പോകുന്നതിനിടെ രാജേഷിന്റെ ബന്ധുക്കളെത്തി സംസാരിച്ച് ഒത്തുതീർപ്പാക്കി നിളയെ ഭർത്തൃഗൃഹത്തിലേക്ക് വിളിച്ചു കൊണ്ടു പോകുകയായിരുന്നു. ഗാർഹികപീഡനത്തിന് നിള ഹരിപ്പാട് കോടതിയിൽ കൊടുത്തിരുന്ന മറ്റൊരു കേസ് പിൻവലിപ്പിച്ചിരുന്നു.
ക്ഷേത്രങ്ങളിലെ ശാന്തിയായ രാജേഷിന് സ്ഥിരം ജോലിയുണ്ടായിരുന്നില്ല. കരുനാഗപ്പള്ളി കന്നേറ്റിയിലെ ഭദ്രകാളി ക്ഷേത്രത്തിലെ ബിംബത്തിലെ സ്വർണാഭരണം കാണാതായത് സംബന്ധിച്ച് ഇയാളുടെ പേരിൽ കേസുണ്ട്. ആർഭാട ജീവിതം നയിച്ചിരുന്ന ഇയാൾക്ക് പണത്തിന് ആവശ്യം വരുന്പോഴൊക്കെ നിളയെ സ്വന്തം വീട്ടിലേക്ക് പറഞ്ഞു വിടുകയായിരുന്നു പതിവ്.
ബോട്ട് തൊഴിലാളിയായ നിളയുടെ പിതാവ് മകൾ ആവശ്യപ്പെടുന്ന തുക കൊടുത്തു വിടുകയും ചെയ്തിരുന്നു. മറ്റൊരു സ്ത്രീയുമായി രാജേഷിനുള്ള അടുപ്പം നിള ചോദ്യം ചെയ്തിരുന്നു. ഇതിനെ ചൊല്ലി നിരന്തരം ഇവർ തമ്മിൽ കലഹിച്ചിരുന്നതായും സംഭവ ദിവസം രണ്ടു ബിരിയാണി വാങ്ങിക്കൊണ്ടു വന്നുവെന്നും ഒരെണ്ണം നിളക്ക് കൊടുത്തെങ്കിലും നിള കഴിച്ചിരുന്നില്ല.
തുടർന്ന് രാജേഷ് തന്റെ അടുപ്പക്കാരിയോടൊപ്പം പോയിരുന്ന് കഴിക്കുന്നത് നിള കണ്ടതിനെ തുടർന്നുണ്ടായ വഴക്കാണ് മർദ്ദനത്തിൽ കലാശിച്ചതെന്നും, അച്ഛൻ അമ്മയെ തല്ലുന്നത് കണ്ടെന്ന് കുട്ടി പറഞ്ഞതായും ബന്ധുക്കൾ പറഞ്ഞു. കേസിൽ നിന്ന് രക്ഷപ്പെടുവാനും നിളയെ ഒഴിവാക്കുവാക്കുന്നതിനുമായി നടത്തിയ ശ്രമമാണ് മരണത്തിനു കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം.
നിളയുടെ മൃതദേഹം തൃക്കുന്നപ്പുഴയിലെ വീട്ടിലാണ് സംസ്കരിച്ചത്. സംസ്കാര ചടങ്ങിൽ ഭർത്താവോ ബന്ധുക്കളോ പങ്കെടുത്തില്ല. വിവാഹമോചന കേസ് പിൻവലിക്കുവാൻ ഒപ്പിട്ടു നൽകിയ ദിവസമാണ് നിളയ്ക്ക് മർദ്ദനമേറ്റതും തുടർന്ന് മരണത്തിൽ കലാശിച്ചതും. ഇത് സംബന്ധിച്ച് മനുഷ്യാവകാശ കമ്മീഷൻ, നിർഭയ, കരുനാഗപ്പള്ളി ഡിവൈഎസ്പി എന്നിവർക്ക് പരാതി നൽകി. മനുഷ്യാവകാശ കമ്മീമീഷൻ നിളയുടെ ബന്ധുക്കളിൽ നിന്ന് മൊഴിയെടുത്തു.