കളമശേരി: ദക്ഷിണേന്ത്യയിലെ ആദ്യ വനിതാ മറൈൻ എൻജിനിയർ എന്ന ബഹുമതി കാസർഗോഡ് ബദിയടുക്ക സ്വദേശിനി നിള ജോണിന്. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) നിന്ന് ഇന്നലെ ബിരുദ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയ നിള താമസിയാതെ ലക്ഷദ്വീപിൽ ജോലിയിൽ പ്രവേശിക്കും. അധ്യാപക ദന്പതിമാരായ ജോണിന്റെയും ഷേർളിയുടെയും മകളാണ്.
ആണ്‍കുട്ടികൾ മാത്രം ചേരുന്ന മറൈൻ എൻജിനിയറിംഗ് കോഴ്സിനെ വെല്ലുവിളിയായി സ്വീകരിച്ചാണു നിള ജോൺ നാലുവർഷത്തെ ബിടെക് കോഴ്സ് വിജയകരമായി പൂർത്തിയാക്കിയത്. ദേശീയ എൻട്രൻസ് പരീക്ഷയിലൂടെയാണു പ്രവേശനം ഉറപ്പാക്കിയത്. തുടക്കത്തിൽ വീട്ടുകാരിൽനിന്നും ബന്ധുക്കളിൽനിന്നും എതിർപ്പുണ്ടായെങ്കിലും നിള ഉറച്ചുനിന്നു.
കപ്പലുകളുടെ എൻജിൻ കൈകാര്യം ചെയ്യാനുള്ള വൈദഗ്ധ്യത്തെക്കാളുപരി കടൽ ജീവിതം ഒരു പെണ്‍കുട്ടിക്കാകുമോയെന്ന ആശങ്കയായിരുന്നു പലർക്കും. കടന്പകൾ ഓരോന്നും താണ്ടിയ നിള ഒടുവിൽ ബിരുദം കൈപ്പിടിയിലൊതുക്കി.
നിളയിൽനിന്നു പ്രചോദനം ഉൾക്കൊണ്ട് എട്ടു പെണ്‍കുട്ടികൾ നിലവിൽ മറൈൻ കോഴ്സിൽ ചേർന്നിട്ടുണ്ട്. കുസാറ്റിൽ നടന്ന ചടങ്ങിൽ വൈസ്ചാൻസലർ ഡോ. ജെ. ലത സർട്ടിഫിക്കറ്റ് വിതരണം നടത്തി. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ഫറൂഖ് ഖാൻ മുഖ്യാതിഥിയായിരുന്നു.