തൃശൂർ: നദികളുടെ പുനരുജ്ജീവനം ലക്ഷ്യമാക്കിയുള്ള ദേശീയ നദീമഹോത്സവം അടുത്ത മാസം രണ്ടിന് ചെറുതുരുത്തി നിളാ തീരത്ത് നടത്തും. രണ്ടു മുതൽ അഞ്ചു വരെയാണ് നദീമഹോത്സവം. രണ്ടിന് വൈകീട്ട് അഞ്ചിന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ മന്ത്രി വി.എസ്.സുനിൽകുമാർ, പി.കെ.ബിജു എംപി, മഹാകവി അക്കിത്തം, യു.ആർ.പ്രദീപ് എംഎൽഎ, ജസ്റ്റിസ് ചേറ്റൂർ ശങ്കരൻ നായർ എന്നിവർ പങ്കെടുക്കും. ഇത്തവണത്തെ നിള പുരസ്കാരം മാധ്യമ പ്രവർത്തകനായ എം.പി.സുരേന്ദ്രനു നൽകും.
മൂന്നിന് “നദികളുടെ നാട് ഇന്ത്യ’ എന്ന വിഷയത്തിൽ ഡോ. ബി.മീനാകുമാരി, ഡോ. ധ്വനി ശർമ, ഡോ. വി.എസ്.വിജയൻ തുടങ്ങിയവർ പങ്കെടുക്കും. നാലിനു പശ്ചിമഘട്ടം, അതിരപ്പിള്ളി, പ്ലാച്ചിമട വിഷയങ്ങളിൽ നടക്കുന്ന ചർച്ചയ്ക്കു ഡോ. എ.ലത, വിളയോടി വേണുഗോപാൽ തുടങ്ങിയവർ നേതൃത്വം നൽകും. ലോക പരിസ്ഥിതി ദിനമായ അഞ്ചിനു വിവിധ പരിസ്ഥിതി പ്രവർത്തകരെ ആദരിക്കും. ദിവസവും വൈകീട്ട് കലാപരിപാടികളും അരങ്ങേറുമെന്നു ഭാരവാഹികളായ വിപിൻ കുടിയേടത്ത്, പാഞ്ഞാൾ നാരായണൻ, കെ.കെ.കൃഷ്ണകുമാർ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു