ഷൊർണൂർ: നിളാനദിയിൽ ജലപ്രവാഹം. നഷ്ടപ്രതാപം വീണ്ടെടുത്ത് ഇരുകരകളും മുട്ടിയൊഴുകി നിള. കഴിഞ്ഞദിവസങ്ങളിൽ ശക്തമായി പെയ്ത മഴയിലാണ് ഭാരതപ്പുഴയിൽ നീരൊഴുക്ക് വർധിച്ചത്.കാടുമൂടി കിടന്നിരുന്ന പുഴ ഇതിനകംതന്നെ ജലസമൃദ്ധമാണ്. മുൻവർഷങ്ങളിൽ ഇതിനകം ഭാരതപ്പുഴ നിറഞ്ഞ് കവിഞ്ഞിരുന്നു. എന്നാൽ ഇത്തവണ മഴ കുറഞ്ഞതും കാലവർഷം ദുർബലമായതുമാണ് ഭാരതപ്പുഴക്കും ജലസമൃദ്ധി അന്യമാകാൻ കാരണമായത്.
ഭാരതപ്പുഴയിൽ നീരൊഴുക്ക് കുറഞ്ഞതോടെ പരിസരങ്ങളിലെ മുഴുവൻ പഞ്ചായത്തുകളിലും അതി രൂക്ഷമായ കുടിവെള്ളക്ഷാമം നേരിട്ടിരുന്നു. സംസ്കാരകർമങ്ങൾക്കും മരണാനന്തര ചടങ്ങുകൾക്കും പ്രസിദ്ധമായ പാന്പാടി ഐവർമഠം ഭാരതഖണ്ഡം പ്രദേശത്ത് ബലികർമങ്ങൾ ചെയ്യുന്നതിനും മരണാനന്തര ചടങ്ങുകൾ നടത്തുന്നതിനും ഭാരതപ്പുഴയിലെ ജലക്ഷാമം വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഭാരതപ്പുഴയുടെ ഇരുകരകളും മുട്ടിയിട്ടുണ്ടെങ്കിലും ജലസമൃദ്ധി കുറവാണ്. ഇരുകരകളുംമുട്ടി കുലംകുത്തി പരന്നൊഴുകുന്ന നിളാനദി അതിമനോഹരമായ കാഴ്ചയാണ്.
ചുഴികളും അഗാധഗർത്തങ്ങളും ഭാരതപ്പുഴയുടെ മടിത്തട്ടിൽ ഉണ്ടെങ്കിലും ഇന്നേവരെ ഭാരതപ്പുഴ ആരെയും ചതിച്ചിട്ടില്ലെന്ന് പഴമക്കാർ പറയുന്നു. പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളുടെ പ്രധാന കുടിവെള്ളസ്രോതസ് കൂടിയാണ് ഭാരതപ്പുഴ. ചെറുതും വലുതുമായി നൂറ്റിയന്പതോളം കുടിവെള്ളപദ്ധതികളും ഭാരതപ്പുഴയിൽ നിലനില്ക്കുന്നുണ്ട്.