നിലയ്ക്കൽ (പത്തനംതിട്ട): തുലാംമാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട ഇന്നു വൈകുന്നേരം തുറക്കാനിരിക്കെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് നിലയ്ക്കലിൽ ഉടലെടുത്ത സംഘർഷാവസ്ഥ തുടരുന്നു. നിലയ്ക്കലിൽ ഇന്നലെ മുതൽ ഒരു വിഭാഗം സംഘടനകൾ നടത്തിവന്ന വാഹനപരിശോധന ഇന്നു രാവിലെ പോലീസ് ഇടപെട്ട് നിർത്തിവയ്പിച്ചു.
ഇതേത്തുടർന്നുണ്ടായ സംഘർഷത്തേ തുടർന്ന് നിലയ്ക്കലിൽ ആചാരസംരക്ഷണസമിതിയുടെ സമരപന്തൽ പോലീസ് പൊളിച്ചുനീക്കി. സമരപന്തലിലെ കസേരകളും പോലീസ് എടുത്തുമാറ്റി. എന്നാൽ, കുറച്ചു സമയത്തിനു ശേഷം സമരക്കാർ അതു പുനർനിർമിച്ചു. ഇതു പോലീസിനു തടയാനായില്ല.
നിലയ്ക്കൽ ഇടത്താവളത്തിനു മുന്പിൽ ഇന്നലെ പകൽ ഉടലെടുത്ത സംഘർഷാവസ്ഥ രാത്രി വൈകിയും തുടർന്നു. രാത്രിയിൽ പോലീസ് വാഹനം തടയുന്ന ഘട്ടംവരെ എത്തിയതോടെ പോലീസ് നടപടി ആരംഭിച്ചു. ആറു പേരെ സംഭവത്തിൽ പോലീസ് കസ്റ്റഡിയിലെടുത്തു. കനത്ത പോലീസ് കാവലിൽ മന്ത്രി കടകംപള്ളി സുരേന്ദ്രനെയും ദേവസ്വം ബോർഡ് പ്രസിഡന്റ്, മെംബർമാർ അടക്കമുള്ളവരെയും നിലയ്ക്കൽ വഴി കടത്തിവിട്ടു.
തുടർന്ന് രാത്രി ഒരുമണിയോടെ മാധ്യമപ്രവർത്തകരുമായി സമരക്കാർ സംഘർഷത്തിലായി. മാധ്യമ പ്രവർത്തകരെ തടയാനും വാഹനം നീക്കാനും ആവശ്യപ്പെട്ടതാണ് സംഘർഷത്തിനു കാരണമായത്. രാവിലെ ആറോടെയാണ് സംഘർഷം മൂർച്ഛിച്ചത്. സമരപന്തലിൽ നിന്നു പുറത്തിറങ്ങിയ ചിലർ റോഡിൽ വാഹനങ്ങൾ തടഞ്ഞു പരിശോധിക്കാൻ ശ്രമിച്ചതോടെ പോലീസ് ഇടപെട്ടു.
പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ടി. നാരായണൻ അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തുണ്ടായിരുന്നു. വാഹനം തടഞ്ഞവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇതിനിടെ പോലീസുമായി പ്രവർത്തകർ സംഘർഷമുണ്ടായേക്കുമെന്ന സൂചന ലഭിച്ചതോടെ സ്ഥലത്തുണ്ടായിരുന്നവരെ ലാത്തിവീശി ഓടിച്ചു. 50 ഓളം പ്രവർത്തകരാണ് സമരപന്തലിലുണ്ടായിരുന്നത്.
ഇവർ സമീപത്തെ കാടുകളിലേക്കും മറ്റും ഓടിമറഞ്ഞു. തുടർന്നായിരുന്നു പോലീസ് സമരപന്തൽ പൊളിച്ചത്. ആചാരസംരക്ഷണസമിതി കഴിഞ്ഞ 12 ദിവസമായി ഈ പന്തൽ കെട്ടി സമരത്തിലായിരുന്നു. ഇന്നലെയാണ് സ്ത്രീകളടക്കമുള്ള സമരക്കാർ റോഡിലിറങ്ങി വാഹനം തടയാൻ തുടങ്ങിയത്.
വാഹനങ്ങൾ തടഞ്ഞ് അതിൽ സ്ത്രീകളുണ്ടോയെന്നു പരിശോധിക്കുകയും യുവതികളെ ഇറക്കിവിടുകയുമായിരുന്നു. പന്പയിലേക്കു സ്വകാര്യ വാഹനങ്ങൾ പോകുന്നത് നിരോധിച്ചതോടെ കെഎസ്ആർടിസി ബസുകളും സമരക്കാർ തടഞ്ഞു പരിശോധന തുടങ്ങിയിരുന്നു.
ഇത്തരത്തിൽ രാത്രി ഒന്പതോടെ ഒരു കെഎസ്ആർടിസി ബസിൽ നിന്ന് തമിഴ്നാട് സ്വദേശി യുവതിയെ ഇറക്കി മർദിക്കുകയും ചെയ്തു. ഇന്നലെ പകൽ പന്പയിലേക്കു പോകാനെത്തിയ വനിതാ മാധ്യമപ്രവർത്തകരെ അടക്കം തടഞ്ഞിരുന്നു.കൂടുതൽ പോലീസ് ഇന്നുരാവിലെ മുതൽ നിലയ്ക്കലിലെ നിയന്ത്രണം ഏറ്റെടുത്തു.
വഴി തടയലും വാഹനപരിശോധനയും യാതൊരു കാരണവശാലും അനുവദിക്കില്ലെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. സ്വകാര്യവാഹനങ്ങൾ പന്പയിലേക്ക് കടത്തിവിടുകയുമില്ല. സ്വകാര്യ, ടൂറിസ്റ്റ് വാഹനങ്ങളിലെത്തുന്നവർ നിലയ്ക്കലിൽ നിന്ന് കെഎസ്ആർടിസി ബസിൽ യാത്ര തുടരണം.
തീർഥാടകരായെത്തുന്നവർ നിലയ്ക്കലിൽ തങ്ങരുതെന്ന നിർദേശവും പോലീസ് നൽകിയിട്ടുണ്ട്. നിലയ്ക്കലിലെ ദേവസ്വം ഭൂമിയിൽ അനുവാദമില്ലാതെ കെട്ടിയ പന്തലാണ് പൊളിച്ചുനീക്കയതെന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.നിലയ്ക്കലിൽ കോൺഗ്രസ് നേതൃത്വത്തിൽ സർവമത പ്രാർഥന ഇന്നു നടക്കുന്നുണ്ട്. ഇതിനു നിലവിൽ വിലക്കുകളില്ല.
പത്തനംതിട്ടയിൽ യുവതിയെ തടഞ്ഞു മർദിച്ചു
പത്തനംതിട്ട: ശബരിമലയിലേക്കു പോകാനെത്തിയ യുവതിയെ പത്തനംതിട്ട ബസ് സ്റ്റാൻഡിൽ ഒരു സംഘമാളുകൾ തടഞ്ഞു മർദിച്ചു. ഇന്നു രാവിലെ പത്തോടെയാണ് സംഭവം. ആലപ്പുഴ ചേർത്തല സ്വദേശിയായ ലിബി സിയസിനാണ് മർദനമേറ്റത്.
ആലപ്പുഴയിൽനിന്നു പത്തനംതിട്ട ബസ് സ്റ്റാൻഡിൽ ഇറങ്ങിയ യുവതിയെ പന്പ ബസിൽ കയറ്റിവിടാൻ പോലീസ് ഒരുങ്ങുന്പോഴാണ് ഒരു സംഘമാളുകൾ ഇവരെ തടഞ്ഞു ചോദ്യം ചെയ്തത്. താൻ ശബരിമലയിലേക്കു പോകുകയാണെന്ന് ഇവർ പറഞ്ഞു. ഇതിനിടെയിൽ ബഹളമുണ്ടാകുകയും ആൾക്കൂട്ടത്തിൽ നിന്നൊരാൾ മർദിച്ചതായും പരാതിയുണ്ട്.
ഇതേത്തുടർന്ന് പോലീസ് ഇവരെ പത്തനംതിട്ട സ്റ്റേഷനിലേക്കു കൂട്ടിക്കൊണ്ടുപോയി. ലിബിയടക്കം നാലുപേർ ചേർന്ന് ശബരിമലയിലേക്കു പോകാൻ തയാറെടുത്തിരുന്നതായും പറയുന്നു. വ്രതമെടുത്താണ് താൻ ശബരിമലയിലേക്ക് പോകുന്നതെന്നും പോലീസ് സംരക്ഷണം നൽകാമെന്ന് അറിയിച്ചിരുന്നതായും ലിബി പറഞ്ഞു. ഇക്കാര്യം അറിയിച്ച് ഇവർ നേരത്തെ ഫേസ്ബുക്ക് പേജിൽ കുറിപ്പും നൽകിയിരുന്നു.