പോള്‍ മാത്യു
തോക്കിനു ലൈസൻസ് വേണമെന്ന ആവശ്യവുമായി യുവതിയുടെ അപേക്ഷ കിട്ടിയപ്പോള്‍ പോലീസുകാര്‍ ആദ്യം അമ്പരന്നു. സാധാരണ തോക്ക് ലൈസൻസ് ചോദിച്ചു സ്ത്രീകൾ എത്താറില്ല.
എന്നാൽ, കാര്യമെന്തെന്ന് അന്വേഷിച്ചപ്പോഴാണ് പോലീസ് ഉദ്യോഗസ്ഥർ ശരിക്കും ഞെട്ടിയത്. മറ്റൊന്നിനുമല്ല, ഭര്‍ത്താവിനൊപ്പം ജീവിക്കാനാണ് തോക്ക്!. അത്രമേല്‍ ഉപദ്രവം സഹിച്ചു കഴിഞ്ഞത്രേ.
കേൾക്കുന്പോൾ വിദേശത്ത് എവിടെയെങ്കിലും നടന്നതായിട്ടു തോന്നും. എന്നാൽ, കേരളത്തിലെ ഏറ്റവും ചെറിയ ജില്ലയിലാണ് അടുത്ത കാലത്ത് ഈ സംഭവം.
പരസ്പരം ഇഷ്ടപ്പെട്ടായിരുന്നു വിവാഹം. എന്നാൽ, ഇപ്പോൾ ഭര്‍ത്താവിന്റെ ദേഹോപദ്രവം സഹിക്കാനാകുന്നില്ലെന്നാണ് പരാതി. ഇടയ്ക്കു പോലീസിൽ പരാതി നൽകി. എന്നാൽ, ആഴ്ചകൾ കഴിഞ്ഞതോടെ എല്ലാം പഴയപടിയായി.
മദ്യപിച്ചെത്തുന്ന ഭര്‍ത്താവ് രാത്രി വന്നാല്‍ പിന്നെ പാതിരാവരെയും ഇല്ലാത്ത കാരണങ്ങൾ ഉണ്ടാക്കിപ്പറഞ്ഞത് തല്ലും ബഹളവുമാണ്. സംഭവം രൂക്ഷമായതോടെ ഏതു നിമിഷവും താൻ കൊല്ലപ്പെട്ടേക്കും എന്ന ഭീതിയിലാണ് തോക്കു ലൈസൻസിനെക്കുറിച്ചു ചിന്തിച്ചുതുടങ്ങിയത്.
പോലീസ് വിരട്ടിയിട്ടും
ഇടയ്ക്കു ഭര്‍ത്താവിന്റെ ഉപദ്രവം കടുത്തതോടെ പിങ്ക് പോലീസിനു മുന്നിലെത്തി. ആദ്യം പോലീസ് മടിച്ചെങ്കിലും യുവതിയുടെ നിര്‍ബന്ധത്തിനു വഴങ്ങി വീട്ടിലെത്തി. അവർ ഭർത്താവിനെ ഒന്നു വിരട്ടി. എന്നാൽ, അതിന്റെ ചൂടു കഴിഞ്ഞപ്പോൾ എല്ലാം പഴയപടി.
ഇന്റർനെറ്റിൽ പരതി തോക്ക് ഉപയോഗരീതിയും ലഭിക്കുന്ന സ്ഥലവും ഒക്കെ മനസിലാക്കിയിട്ടാണ് ലൈസൻസ് തേടിയെത്തിയത്. ഒളിച്ചുവയ്ക്കാവുന്ന രീതിയിലുള്ള ചെറിയ പിസ്റ്റൾ ആയിരുന്നു ലക്ഷ്യം. അപേക്ഷ നല്‍കിയെങ്കിലും ലൈസൻസ് ലഭിക്കില്ല സൂചന ലഭിച്ചതോടെ മുഖ്യമന്ത്രിക്കും ഡിജിപിക്കും നിവേദനം നൽകി.
പത്രങ്ങളില്‍ വാര്‍ത്ത വന്നപ്പോഴാണ് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ കാര്യമറിയുന്നത്. തോക്ക് കണ്ടാലെങ്കിലും ഭർത്താവ് മർദനം നിർത്തുമെന്നാണ് യുവതിയുടെ പ്രതീക്ഷ. ഇനി തോക്ക് ലൈസൻസ് കിട്ടിയില്ലെങ്കിൽ സമാനമായ മറ്റെന്തെങ്കിലും ആയുധങ്ങൾ കിട്ടിയാലും മതിയെന്നാണ് അവരുടെ നിലപാട്.
കൂട്ടുകാരുടെ തമാശ
തൃശൂരിലെ ഒരു സര്‍ക്കാര്‍ ഓഫീസിലെ ജീവനക്കാരി. രണ്ടു കുട്ടികളുടെ അമ്മയായ ഈ യുവതി ഒരു വര്‍ഷത്തോളമായി സ്വസ്ഥമായി ഉറങ്ങിയിട്ട്. വിദേശത്തു ജോലിയുണ്ടായിരുന്ന ഭര്‍ത്താവ് ജോലി നഷ്ടപ്പെട്ടു വീട്ടിലെത്തിയതോടെയാണ് ദുരിതങ്ങളുടെ തുടക്കം. വിദേശത്തു വന്ന കാലത്തു നല്ല സ്നേഹമായിരുന്നു.
നാട്ടിലെത്തിയ ഭര്‍ത്താവ് സെക്യൂരിറ്റി ജോലിക്കു പോയിത്തുടങ്ങി. ഇടയ്ക്കു നാട്ടിലെ കൂട്ടുകാർക്കൊപ്പം മദ്യപാനം തുടങ്ങിയതോടെയാണ് കാര്യങ്ങൾ തകിടം മറിഞ്ഞത്. അധികമാരോടും സംസാരിക്കാത്ത ആളായിരുന്നു.
എന്നാൽ, മദ്യപാനം തുടങ്ങിയതോടെ രീതി മാറി. മദ്യപിച്ചു രാത്രി വീട്ടിലെത്തിയാല്‍ പിന്നെ നിരന്തരം ഉപദ്രവം തുടങ്ങി. നിന്നെക്കുറിച്ചു പലതും കേള്ക്കുന്നുണ്ടല്ലോടി….എന്നു പറഞ്ഞാണ് ഉപദ്രവം.
കൂട്ടുകാര്‍ ഭാര്യയെക്കുറിച്ചു പറഞ്ഞ ചില തമാശകൾ കാര്യമായെടുത്താണ് ഉപദ്രവം. താൻ വിദേശത്തായിരുന്നപ്പോള്‍ ഭാര്യ മറ്റു യുവാക്കള്‍ക്കൊപ്പം കറങ്ങി നടന്നുവെന്നാണ് കൂട്ടുകാർ പറഞ്ഞത്.
തങ്ങൾ പറയുന്ന കാര്യങ്ങൾ അയാൾ അപ്പടി വിഴുങ്ങുകയാണെന്നു കണ്ടതോടെ ചില കൂട്ടുകാർ കുടുംബം കലക്കാനുള്ള സകല അടവുകളും പയറ്റി.
മദ്യലഹരിയിലാകുന്പോൾ ഇല്ലാക്കഥകൾ വിളന്പും. തന്റെ ഭാര്യയുടെ നീലച്ചിത്രം പലരുടെയും കൈയിലുണ്ടെന്നു വരെ ചില കൂട്ടുകാര്‍ അയാളെ ധരിപ്പിച്ചു. സംഭവം വഷളായതോടെ നല്ല നിലയിൽ ജീവിച്ചിരുന്ന യുവതിക്കു പുറത്തിറങ്ങി നടക്കാൻ പോലും കഴിയാതെയായി.
ഒടുവിൽ പരാതി
ഭര്‍ത്താവിന്റെ ഉപദ്രവത്തെക്കുറിച്ചും വ്യാജപ്രചരണത്തെക്കുറിച്ചുമൊക്കെ യുവതി വീട്ടുകാരോടും ഭര്‍തൃ വീട്ടുകാരോടുമൊക്കെ പറഞ്ഞിട്ടും ആരും കൂടെ നിന്നില്ല. ഒടുവില്‍ ഗത്യന്തരമില്ലാതെ പോലീസിനു മുന്നിലെത്തി. പോലീസ് അന്വേഷണത്തിൽ ഭർത്താവിന്റെ കൂട്ടുകാരാണ് യഥാർഥ പ്രതികളെന്നു മനസിലായി.
പ്രശ്നം വഷളാക്കേണ്ടെന്നു കരുതി ബന്ധപ്പെട്ടവരെ താക്കീത് ചെയ്തു. ഇതോടെ കാര്യങ്ങൾ അവസാനിക്കുമെന്നാണ് കരുതിയതെങ്കിലും ഭർത്താവ് വീണ്ടും പഴയപടിയായി. വൈകാതെ യുവതി സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സിന് അപേക്ഷിച്ചു.
ഇപ്പോള്‍ പത്തും ആറും വയസുള്ള പെണ്മക്കളുമായി ക്വാര്‍ട്ടേഴ്സിലാണു താമസം. ഇടയ്ക്കു ഭര്‍ത്താവ് ഇവിടേക്കും എത്താറുണ്ടെങ്കിലും പോലീസില്‍ അറിയിക്കുമെന്ന ഭീഷണിയില്‍ പേടിപ്പിച്ചു നിര്‍ത്തിയിരിക്കുകയാണ്.
കൂട്ടുകാരുടെ നുണ പ്രചരണത്തില്‍ തകര്‍ന്ന കുടുംബ ജീവിതത്തെ ഓര്‍ത്തു കരയാത്ത ദിവസമില്ല. ഇങ്ങനെ ചെയ്യാത്ത കുറ്റത്തിന് ഇരകളായി മാറുന്ന നൂറുകണക്കിനു സ്ത്രീകളുടെ പ്രതിനിധിയാണിവർ.
ഭർത്താക്കന്മാരുടെ ക്രൂരത
ഗാര്‍ഹിക പീഡനമുള്‍പ്പെടെ സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമം പെരുകയാണ്. കേന്ദ്രമന്ത്രി സ്മൃതി ഇറാനി ലോക്സഭയില്‍ നല്കിയ കണക്കനുസരിച്ച് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കേരളമാണ് ഗാര്‍ഹിക പീഡന കേസുകളില്‍ മുന്‍പന്തിയില്‍.
ഭര്ത്താക്കന്മാരടെ ക്രൂരതയാണു കൂടുതലായി പുറത്തു വന്നുകൊണ്ടിരിക്കുന്നത്. സംസ്ഥാന ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് 2018ല്‍ സംസ്ഥാനത്തു 2,046 കേസുകളും 2019ല്‍ 2991 കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തത്. ഈ വര്‍ഷം കഴിഞ്ഞ മാര്‍ച്ച് വരെ മൂന്നു മാസങ്ങള്‍ക്കുള്ളില്‍ 865 കേസുകളും എടുത്തുകഴിഞ്ഞു.
കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ 44216 കേസ്. പല കേസുകളിലും പരാതിക്കാരികളായ സ്ത്രീകള്‍ പിന്മാറി,അല്ലെങ്കിൽ വിവാഹമോചനം നേടി.
കഴിഞ്ഞ വർഷം ഭര്‍തൃപീഡനം ഏറ്റവും കൂടുതൽ മലപ്പുറം ജില്ലയിലാണ്. 430 കേസുകള്‍. ഏറ്റവും കുറവ് വയനാട് ജില്ലയില്‍- 66 കേസുകള്‍. ഈ വര്‍ഷം മാര്‍ച്ച് വരെ മലപ്പുറത്ത് 153 കേസുകള്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു.
ഒാരോ രണ്ടു മിനിറ്റിലും
നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറേയുടെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ഒരോ രണ്ടു മിനിറ്റിലും ഒരു സ്ത്രീ അതിക്രമത്തിന് ഇരയാകുന്നു. മണിക്കൂറില്‍ 26 അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ 10 വര്‍ഷങ്ങളിലെ അതിക്രമം ഇങ്ങനെ:
ഉപദ്രവം (4,70,556), തട്ടികൊണ്ടുപോകല്‍ (3,15,074) ലൈംഗിക പീഡനം (2,43,051), അവഹേളിക്കല്‍ (1,04,151), സ്ത്രീധന മരണം (8,833). ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും പീഡനത്തിനിരയാകുന്ന സ്ത്രീകളുടെ എണ്ണം ഏകദേശം 9,07,713 കഴിഞ്ഞു. ഇതൊക്കെ രജിസ്റ്റർ ചെയ്യപ്പെടുന്ന സംഭവങ്ങൾ മാത്രം.
(നാളെ…ഭര്‍ത്താവോ കൊലയാളിയോ)
ഭര്‍ത്താവില്‍ നിന്നുള്ള അക്രമം-
ജില്ലതിരിച്ചുള്ള കണക്ക്
(2018 – 2019 മാര്‍ച്ച് വരെ, 2019 – 2020 മാര്‍ച്ച് വരെ)
തിരുവനന്തപുരം സിറ്റി – 89 – 25
തിരുവനന്തപുരം റൂറല്‍ – 204 – 61
കൊല്ലം സിറ്റി – 145 – 60
കൊല്ലം റൂറല്‍ – 150 – 36
പത്തനംതിട്ട – 68 – 23
ആലപ്പുഴ – 138 – 30
കോട്ടയം – 84 – 21
ഇടുക്കി – 87 – 15
എറണാകുളം സിറ്റി – 91 – 16
എറണാകുളം റൂറല്‍ – 109 – 27
തൃശൂര്‍ സിറ്റി – 171 – 42
തൃശൂര്‍ റൂറല്‍ – 156 – 43
പാലക്കാട് – 209 – 61
മലപ്പുറം – 430 – 53
കോഴിക്കോട് സിറ്റി – 65 – 52
കോഴിക്കോട് – 295 – 75
വയനാട് – 66 – 21
കണ്ണൂര്‍ -232 – 79
കാസര്‍ഗോഡ് – 102 – 25