പോള് മാത്യു
സ്ത്രീ സുരക്ഷയ്ക്കു നിയമങ്ങളുടെ കുറവില്ല. നിരവധി നിയമങ്ങള് നിലവിലുണ്ടെങ്കിലും പ്രതികളില് അധികവും ശിക്ഷിക്കപ്പെടുന്നില്ലെന്നതാണ് ദയനീയം. സ്ത്രീധന സമ്പ്രദായമെന്ന വലിയ സാമൂഹ്യ വിപത്തിന് അറുതിവരുത്താന് 1961ല് ”സ്ത്രീധന നിരോധന നിയമം” നിലവില് വന്നു.
സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും തടയുക എന്ന ഉദ്ദേശത്തോടെയാണ് നിയമങ്ങള്ക്കു രൂപം നല്കിയത്. 1985ല് കേന്ദ്രസര്ക്കാര് സ്ത്രീധന നിരോധന നിയമത്തിന്റെ പരിധിയില് അനുബന്ധചട്ടങ്ങളും നിര്മിച്ചു.
1990 ല് ഇന്ത്യന് പാര്ലമെന്റ് ”ദേശീയ വനിതാകമ്മീഷന് നിയമം” പാസാക്കി. സ്ത്രീകള്ക്കെതിരായി വര്ധിച്ചുവരുന്ന മനുഷ്യാവകാശ ധ്വംസനങ്ങളും ആക്രമണങ്ങളും തടഞ്ഞു പരമാവധി നീതി ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ നിയമം പാസാക്കിയത്.
ഏറ്റവും ഒടുവിലായി ഗാര്ഹികാതിക്രമങ്ങളില്നിന്നു സ്ത്രീകളെ സംരക്ഷിക്കുന്ന ”ഗാര്ഹിക പീഡന നിരോധന നിയമം” 2005ല് പാസാക്കി. ഇതൊന്നും കൂടാതെ വിവിധ ഏജന്സികള് സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിനു ബോധവത്കരണ ക്ലാസുകള്, സെമിനാറുകള്, ചര്ച്ചകള് എന്നിവ നടത്തുന്നുമുണ്ട്. എന്നിട്ടും പൂര്ണമായ സ്ത്രീ സുരക്ഷയും സ്വാതന്ത്ര്യവും സാധ്യമാകുന്നില്ല.
സ്ത്രീപീഡനവുമായി ബന്ധപ്പെട്ട കേസുകളില് അറുപതു ശതമാനത്തോളം കേസുകളിലാണ് പ്രതികള് അറസ്റ്റു ചെയ്യപ്പെടുന്നത്. എന്നാല്, നാലിലൊന്നു കേസുകളില് മാത്രമേ പ്രതികള് ശിക്ഷിക്കപ്പടുന്നുള്ളൂ എന്നതാണ് യാഥാർഥ്യം.
സര്ക്കാര് കൈവിടില്ലെന്നു മന്ത്രി
സ്ത്രീകള്ക്കും കുട്ടികള്ക്കുമെതിരെ വര്ധിച്ചുവരുന്ന അക്രമങ്ങളില്നിന്നു രക്ഷിക്കാൻ സര്ക്കാര് നിരവധി പദ്ധതികള് നടപ്പാക്കി വരുന്നുണ്ടെന്നു മന്ത്രി കെ.കെ.ശൈലജ. കഴിഞ്ഞ നിയമസഭയിലാണ് മന്ത്രി വിശദീകരണം നല്കിയത്.
ഗാര്ഹിക പീഡനത്തിനിരയായ സ്ത്രീകള്ക്കു സംരക്ഷണവും, നിയമ പരിരക്ഷയും നല്കുന്നതിന് വിവിധ ഹോമുകളും സര്വീസ് പ്രൊവൈഡിംഗ് സെന്ററുകളും പ്രവര്ത്തിച്ചുവരുന്നു.
ലൈംഗിക അതിക്രമത്തിന് ഇരയായ കുട്ടികൾക്കു സംസ്ഥാനത്ത് 13 വിമണ് ആന്ഡ് ചില്ഡ്രന്സ് ഹോമുകളും അതിക്രമത്തിന് ഇരയായ സ്ത്രീകള്ക്കും കുട്ടികള്ക്കുമായി വണ് സ്റ്റോപ്പ് സെന്റര്, കൗണ്സിലിംഗ്, നിയമ സഹായം, ഇടക്കാല സമാശ്വാസ നിധി എന്നിവയും നടപ്പിലാക്കി വരുന്നു.
ലൈംഗിക അതിക്രമങ്ങള് തടയാന് ഔട്ട് റീച്ച് പരിപാടികള്, കൗണ്സിലിംഗ് സ്കൂള്, കമ്യൂണിറ്റി, പഞ്ചായത്ത്, ജില്ലാതല ബോധവല്ക്കരണ പരിപാടികള് എന്നിവ സംയോജിത ശിശു സംരക്ഷണ പദ്ധതിയില് ഉള്പ്പെടുത്തി നടത്തിവരുന്നുണ്ടെന്നാണ് മന്ത്രിയുടെ വിശദീകരണം.
2020 സ്ത്രീ സുരക്ഷാ വര്ഷം
സ്ത്രീ സുരക്ഷയ്ക്കു മുന്ഗണന നല്കുന്ന പദ്ധതികളുമായി പോലീസ്. വനിത പോലീസുകാരെ ഉള്പ്പെടുത്തി നൈറ്റ് പട്രോളിംഗ് അടക്കമുള്ള സംവിധാനങ്ങളാണ് പദ്ധതിയില് ഉള്പ്പെടുത്തിയിരിക്കുന്നത്. വനിത പോലീസുകാര് ഉള്പ്പെട്ട പട്രോളിംഗ് ടീം നിരത്തിലിറങ്ങും.
രണ്ടു വനിത പോലീസുകാര് ഉള്പ്പെട്ട സംഘം ബസ് സ്റ്റോപ്പുകള്, ബസ് സ്റ്റാന്ഡുകള്, സ്കൂള്, കോളജ് പരിസരങ്ങള്, മാര്ക്കറ്റുകള്, മറ്റു പൊതുസ്ഥലങ്ങള് എന്നിവിടങ്ങളില് ഇരുചക്ര വാഹനങ്ങളില് പട്രോളിംഗ് നടത്തും.
കൂടാതെ വനിത പോലീസ് ഉദ്യോഗസ്ഥര് പഞ്ചായത്തുകള് സന്ദര്ശിച്ചു പരാതികള് സ്വീകരിക്കുന്ന നിലവിലുള്ള സംവിധാനം വിപുലീകരിക്കും. താലൂക്ക് ലീഗല് സര്വീസസ് അതോറിറ്റിയുമായി ചേര്ന്ന നിയമ അവബോധന ക്ലാസുകള് സംഘടിപ്പിക്കും.
വനിത സെല്ലുകളില് നിന്നുള്ള ഒരു വനിത ഇന്സ്പെക്ടറെ ഉള്പ്പെടുത്തി റേഞ്ച് തലത്തില് സ്ത്രീകള് ഉള്പ്പെടുന്ന അന്വേഷണ സംഘത്തിനു രൂപം നല്കും. സ്ത്രീകള്ക്കും കുട്ടികള്ക്കും എതിരെയുള്ള ഗുരുതരമായ കേസുകള് ഇനി മുതല് ഈ സംഘം അന്വേഷിക്കും.
വനിതകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനു സ്മാര്ട്ട് പോലീസ് സ്റ്റേഷനുകള് സ്ഥാപിക്കും. പോക്സോ കേസുകള്, ബാലനീതി നിയമം, സ്ത്രീകള്ക്ക് എതിരേയുള്ള അതിക്രമങ്ങള് എന്നിവയെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാനും പദ്ധതികള് തയാറാക്കും.
നിയമങ്ങളുടെ കുറവല്ല, കേസുകളുടെ നടപടി ക്രമങ്ങള് ഗൗരവമാക്കുകയും പ്രതികള് ശിക്ഷിക്കപ്പെടുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര് ഉറപ്പു വരുത്തുകയും ചെയ്യാത്തിടത്തോളം കാലം സ്ത്രീകളുടെ നിലവിളി നിലയ്ക്കില്ല, തുടരുക തന്നെ ചെയ്യും.
(അവസാനിച്ചു)