പത്തനംതിട്ട: പ്രളയത്തെ തുടർന്ന് പൂർണമായി നശിച്ചുപോയ അരയാഞ്ഞിലിമണ് ശുദ്ധജല വിതരണ പദ്ധതി പുനർനിർമിക്കുന്നതിന് അഞ്ചുകോടി രൂപ അനുവദിച്ചു. നിർമാണ പ്രവൃത്തികൾ പുരോഗമിക്കുന്ന കൊല്ലമുള ശുദ്ധജല വിതരണ പദ്ധതിയിൽനിന്നു ശുദ്ധീകരിച്ച വെള്ളം പൈപ്പ് വഴി അരയാഞ്ഞിലിമണ്ണിൽ എത്തിച്ച് പുതുതായി സ്ഥാപിക്കുന്ന വിതരണ ശൃംഖല വഴി ജലവിതരണം നടത്തുന്ന പദ്ധതിയാണ് തയാറാക്കിയിട്ടുള്ളത്.
ഈ പ്രവൃത്തികളുടെ എസ്റ്റിമേറ്റ് അനുമതിക്കായി ജല അഥോറിറ്റി ചീഫ് എൻജിനീയർക്ക് (ദക്ഷിണമേഖല) സമർപ്പിച്ചു. സീതത്തോട് പഞ്ചായത്തിനും ശബരിമല തീർഥാടകർക്കും ശുദ്ധജലം ലഭ്യമാക്കുന്നതിനായി സീതത്തോട് – നിലയ്ക്കൽ കുടിവെള്ള പദ്ധതി ആവിഷ്കരിച്ചു. പദ്ധതിയുടെ ഒന്നാം ഘട്ടത്തിന് നബാർഡിന്റെ ധനസഹായത്തോടുകൂടി 909 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. ഇൻടേക്ക് കിണർ, പന്പ് ഹൗസ്, 13 ദശലക്ഷം ലിറ്റർ ശേഷിയുള്ള ജലശുദ്ധീകരണശാല എന്നിവയുടെ നിർമാണം പൂർത്തിയാക്കി.
നിലയ്ക്കലും സമീപ പ്രദേശത്തുമുള്ള ഭൂജലത്തിന്റെ അപര്യാപ്തത കണക്കിലെടുത്ത് ശബരിമല തീർഥാടകർക്ക് ശുദ്ധജലം എത്തിക്കുന്നതിന് സ്ഥിരമായ സംവിധാനം ആവിഷ്കരിക്കുന്നതിന്റെ ഭാഗമായി സീതത്തോട് നിലയ്ക്കൽ കുടിവെള്ള പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് നബാർഡിന്റെ ധനസഹായത്തോടെ 220 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു.
നിലയ്ക്കലിൽ നിലവിലുള്ള 40 ലക്ഷം ലിറ്റർ കുടിവെള്ള സംഭരണശേഷിക്ക് പുറമേ 25 ലക്ഷം ലിറ്റർ അധികം ശുദ്ധജലം സംഭരിക്കുന്നതിന് വേണ്ടി അഞ്ച് ലക്ഷം ലിറ്റർ വീതമുള്ള മൂന്ന് സ്റ്റീൽ പാനൽ ടാങ്കുകളും സ്ഥാപിച്ചാണ് കഴിഞ്ഞ തീർഥാടനകാലത്ത് ജലവിതരണം പ്രാവർത്തികമാക്കിയത്. പന്പയിലെ ജലസംഭരണികളിൽ 215 എൽഎൽഡിപിഇ ടാങ്കുകളും സ്ഥാപിച്ചു. ഈ ജലസംഭരണികളിൽ പന്പ, സീതത്തോട് എന്നിവിടങ്ങളിൽനിന്നു ടാങ്കർ ലോറിയിൽ വെള്ളം എത്തിച്ച് സംഭരിച്ചു.
ജലസംഭരണികളിൽനിന്നു 17.50 കിലോമീറ്റർ ദൂരത്തിൽ 110 എംഎം, 90 എംഎം, 63 എംഎം പിവിസി പൈപ്പുകൾ സ്ഥാപിച്ച് ഇടത്താവളങ്ങളിലെ എല്ലാ പ്രദേശത്തും കുടിവെള്ളം എത്തിച്ചു. ആർഒ പ്ലാന്റുകളിൽ ശുദ്ധീകരിച്ച കുടിവെള്ളം എടുക്കുന്നതിന് നാല് ടാപ്പുകൾ വീതമുള്ള 78 കിയോസ്കുകളും രണ്ട് ടാപ്പുകൾ വീതമുള്ള 75 കിയോസ്കുകളും സ്ഥാപിച്ചു. കൂടാതെ മറ്റ് ആവശ്യങ്ങൾക്ക് കുടിവെള്ളം എടുക്കുന്നതിന് വേണ്ടി 420 പൊതുടാപ്പുകൾ ഇടത്താവളത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചു.
സീതത്തോട് ജലശുദ്ധീകരണ ശാലയ്ക്ക് സമീപത്തുനിന്നും ടാങ്കർ ലോറികളിൽ വെള്ളം എടുക്കുന്നതിന് കക്കാട് നദിയിൽ കിണർ നിർമിക്കുകയും ദിനംപ്രതി രണ്ട് ദശലക്ഷം ലിറ്റർ ശേഷിയുള്ള പ്രഷർഫിൽറ്ററും അനുബന്ധ ഉപകരണങ്ങളും സ്ഥാപിച്ചു. നിലയ്ക്കലെ ജലവിതരണത്തിന്റെ മേൽനോട്ടത്തിന് ക്യാന്പ് ഓഫീസ് നിർമിച്ചു. ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിന് 495.42 ലക്ഷം രൂപ വിനിയോഗിച്ചതായി ജലഅതോറിറ്റി അടൂർ പ്രോജക്ട് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ വൈ. സജീറ അറിയിച്ചു.