
പത്തനംതിട്ട: നിലയ്ക്കല്‍ മുതല്‍ ശബരിമല സന്നിധാനം വരെയുള്ള പാതയില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാരികള്‍ പ്രക്ഷോഭത്തില്‍. നഷ്ടക്കച്ചവടത്തിലായ തങ്ങള്‍ക്കു സംരക്ഷണം നല്‍കണമെന്നും കാലാവധി ദീര്‍ഘിപ്പിക്കണമെന്നുമാണ് അവരുടെ ആവശ്യം.
250ല്‍പ്പരം വ്യാപാര സ്ഥാപനങ്ങളാണ് 2019-2020 തീര്‍ഥാടന വര്‍ഷത്ത സര്‍ക്കാര്‍ ലേല വ്യവസ്ഥ പാലിച്ചു കൊണ്ട് പ്രവര്‍ത്തിക്കുന്നത്. ദേവസ്വം കലണ്ടര്‍ പ്രകാരമുളള 142 പ്രവൃത്തി ദിവസങ്ങളില്‍ 70 ദിവസം മാത്രമാണ് പ്രവര്‍ത്തിക്കാനായതെന്ന് വ്യാപാരികള്‍ പറഞ്ഞു.
കോവിഡ് മൂലം 72 പ്രവൃത്തി ദിവസങ്ങള്‍ നഷ്ടപ്പെട്ടു. 150 കോടി രൂപയാണ് കുത്തക ലേലത്തിലൂടെ ബോര്‍ഡിന് വ്യാപാരികളില്‍ നിന്ന് ലഭിച്ചത്. വ്യാപാര നഷ്ടംമൂലം വ്യാപാരികള്‍ കടക്കെണിയിലായി.
കടകള്‍ അടച്ചിടേണ്ടി വന്നതു മൂലം വില്ക്കാന് കഴിയാതെ വന്ന കാലാവധി കഴിഞ്ഞ സാധനങ്ങളുടെ നഷ്ടം, തൊഴില്‍ നഷ്ടപ്പെട്ട തൊഴിലാളികളുടെ കുടുംബസംരംക്ഷണചെലവ്,
വന്യമൃഗങ്ങളുടെ ആക്രമണത്തിലും പ്രതികൂലമായ കാലാവസ്ഥയിലുമുണ്ടായ നഷ്ടം ഇങ്ങനെ പ്രതികൂലമായ സാഹചര്യങ്ങള്‍ തരണം ചെയ്യാന്‍ കഴിയാതെ ആത്മഹത്യയുടെ വക്കിലാണെന്ന് വ്യാപാരികള്‍ പറഞ്ഞു.
ബോര്‍ഡ് നിശ്ചയിച്ചിട്ടുള്ള ഇ-ടെന്‍ഡര്‍ നടപടികളില്‍ നിന്നു പിന്മാറി നിലവിലുള്ള വ്യാപാരികള്‍ക്ക് ഒരു വര്‍ഷം കൂടി കരാര്‍ നീട്ടി നല്‍കണമെന്ന നിവേദനം സമര്‍പ്പിച്ചിട്ടും അനുകൂലമായ ഒരു നടപടിയും ഉണ്ടായിട്ടില്ല.
ഈ വിഷയങ്ങള്‍ ഉന്നയിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ശബരിമല യൂണിറ്റ് ഭാരവാഹികള്‍ ഇന്ന്് രാവിലെ തിരുവനന്തപുരം സെക്രട്ടേറിയറ്റിനു മുന്നില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ധര്‍ണ നടത്തുകയാണ്. സംസ്ഥാന, ജില്ലാ നേതാക്കള്‍ പങ്കെടുക്കും.