പോള്‍ മാത്യു
എറണാകുളത്തെ ഒരു നക്ഷത്ര ഹോട്ടലിലെ മുറിയില്‍നിന്നാണ് ഭര്‍ത്താവും പോലീസും ചേര്‍ന്നു വീട്ടമ്മയെ പിടികൂടിയത്. കാണാതായതിന്റെ മൂന്നാം ദിവസമാണ് വീട്ടമ്മ കുടുങ്ങിയത്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥയും രണ്ടു കുട്ടികളുടെ മാതാവുമായ നാല്‍പ്പത്താറുകാരി ചാറ്റിംഗിലൂടെ പരിചയപ്പെട്ട മുപ്പത്തിയാറുകാരനായ യുവാവുമായാണ് ഒളിച്ചോട്ടം നടത്തിയത്. സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കാരനായ കോഴിക്കോടുകാരനായ യുവാവിനു ഭാര്യയും രണ്ടു കുട്ടികളുമുണ്ട്.
രണ്ടു മാസത്തെ ചാറ്റിംഗിലൂടെ നഗ്നചിത്രങ്ങളടക്കം കൈമാറിയിരുന്നു. ഒടുവില്‍ നേരിട്ട് കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചതോടെ വീട്ടമ്മ എറണാകുളത്തേക്കു ക്ഷണിച്ചു. ജോലിയുടെ ഭാഗമായി ഒരാഴ്ച പ്രത്യേക പരിശീലനം തിരുവനന്തപുരത്തുണ്ടെന്നു ഭര്‍ത്താവിനോടു പറഞ്ഞായിരുന്നു വീട്ടമ്മയുടെ യാത്ര.
രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ഭാര്യയുടെ ഓഫീസിലെ ജീവനക്കാരനെ കണ്ടു. രണ്ടു ദിവസമായി മാഡത്തിനെ കാണുന്നില്ലല്ലോ, എന്തെങ്കിലും അസുഖമാണോയെന്ന് ജീവനക്കാരന് അന്വേഷിച്ചു. അല്ല, അവള്‍ക്ക് തിരുവനന്തപുരത്തു പരിശീലനം ഉണ്ടെന്നാണല്ലോ പറഞ്ഞതെന്നു ഭര്‍ത്താവ് മറുപടി കൊടുത്തു. പിന്നീട് കൂടുതലൊന്നും സംസാരിക്കാന്‍ നിന്നില്ല.
പല ദിവസങ്ങളിലും രാത്രിയില്‍ ഭാര്യയുടെ ഫോണ്‍ സംഭാഷണങ്ങളിലും ചാറ്റിംഗിലുമൊക്കെ സംശയം തോന്നിയിരുന്നെങ്കിലും അങ്ങനെയൊന്നും ഉണ്ടാകില്ലെന്നായിരുന്നു ബിസിനസുകാരനായ ഭര്‍ത്താവിന്റെ വിശ്വാസം. എന്നാലും സംശയം തോന്നിയതിനാല്‍ ഭാര്യയുടെ ഓഫീസിലെ സുഹൃത്തുക്കളോടു കാര്യങ്ങള്‍ രഹസ്യമായി തിരക്കി.
പരിശീലനമോ മറ്റു ടൂറോ ഒന്നുമില്ലെന്നായിരുന്നു മറുപടി. സുഹൃത്തുക്കളുമായി സ്വന്തം നിലയില്‍ അന്വേഷണം നടത്തിയെങ്കിലും ഫലമില്ലെന്നു കണ്ടതോടെ പോലീസില്‍ പരാതി നല്കി. പിന്നീട് പോലീസിന്റെ സഹായത്തോടെ സൈബര്‍ സെൽ വഴി ഭാര്യയുടെ ഫോണ്‍ നമ്പറിന്റെ ലൊക്കേഷന്‍ കണ്ടെത്തി.
എറണാകുളത്തുതന്നെ ഉണ്ടെന്നു മനസിലായി. പോലീസുകാരടക്കം വേഷം മാറി ഫോണ്‍ ലൊക്കേഷനിലുള്ള നക്ഷത്ര ഹോട്ടലിലെത്തി. ഹോട്ടല്‍ ജീവനക്കാരോടു കാര്യങ്ങള്‍ തിരക്കി. രണ്ടു ദിവസം മുമ്പ് ഒരു മാഡവും മറ്റൊരാളും സര്‍ക്കാര്‍ പരിശീലനത്തിനു വന്നതാണെന്നും പറഞ്ഞ് നാലു ദിവസത്തേക്കു മുറിയെടുത്തിട്ടുണ്ടെന്നും അറിഞ്ഞു. അതോടെ മുറി കണ്ടെത്തി ഭര്‍ത്താവും പോലീസുകാരും ചെന്നു വാതില്‍ മുട്ടിയതോടെ യുവാവ് പുറത്തുവന്നു.
യുവാവിനു ഭര്‍ത്താവിനെ അറിയില്ലാത്തതിനാല്‍ എന്താണ് കാര്യം, കൂടെയുള്ളത് തന്റെ ഭാര്യയാണെന്നു പറഞ്ഞു തട്ടിക്കയറാന്‍ തുടങ്ങി. ഇതിനിടെ, ബഹളം കേട്ടു പുറത്തേക്കു വന്ന വീട്ടമ്മ ഞെട്ടി. ഭര്‍ത്താവ് കണ്മുമ്പില്.
അബദ്ധം പറ്റിയതാണ്, ക്ഷമിക്കണമെന്നു പറഞ്ഞു ഭര്‍ത്താവിന്റെ കാല്ക്കല് വീണു. നേരെ രണ്ടു പേരെയും പോലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി. യുവാവിന്റെ ഭാര്യയെയും വിവരമറിയിച്ചു. കുടുംബങ്ങള്‍ തകരുമെന്നു കരുതി കേസെടുക്കാതെ പറഞ്ഞുതീർത്തു രണ്ടു കൂട്ടരെയും വിട്ടയച്ചു.
പണവും ബിസിനസും മാത്രം നോക്കി നടക്കുന്ന ഭര്‍ത്താവില്‍നിന്ന് ഒരു സ്നേഹവും തനിക്കു കിട്ടാറില്ല. അതാണ് താന്‍ മറ്റൊരു യുവാവുമായി സ്നേഹത്തിലായതും കാണാന്‍ പോയതെന്നുമായിരുന്നു വീട്ടമ്മയുടെ കുറ്റസമ്മതം.
എന്തായാലും, മറ്റൊരുത്തന്റെ പിന്നാലെ പോയ ഭാര്യയെ വീണ്ടും സ്വീകരിക്കാന്‍ അയാള്‍ തയാറായില്ല. ആവശ്യത്തിനു പണവും ജോലിയുമുള്ളതിനാല്‍ മറ്റൊരു വീട് വാടകയ്ക്കെടുത്താണ് ഇപ്പോൾ വീട്ടമ്മയുടെ താമസം.
ഇടയ്ക്കു മക്കളെ കാണാന്‍ ഭര്‍ത്താവില്ലാത്തപ്പോള്‍ വീട്ടിലെത്തും. ഓഫീസിലുള്ളവരെല്ലാം കാര്യങ്ങള്‍ അറിഞ്ഞതിനെത്തുടര്‍ന്നു മറ്റൊരു സ്ഥലത്തേക്കു സ്ഥലം മാറ്റവും വാങ്ങി. വീട്ടമ്മയോടൊപ്പം വന്ന യുവാവ് ഇപ്പോള്‍ വീട്ടു തടങ്കലിലാണത്രേ. ഫോണ്‍ ബന്ധവും മറ്റു കൂടിക്കാഴ്ചകളുമൊക്കെ അവസാനിച്ചു. ചുരുക്കത്തിൽ എല്ലാം നഷ്ടമായി.
ഫോട്ടോ നൽകി, പണവും പോയി
മിസ്ഡ് കോൾ വന്നതിലൂടെയാണ് യുവതി ചെറുപ്പക്കാരനെ പരിചയപ്പെട്ടത്. ആദ്യം റോംഗ് നമ്പര്‍ എന്നു പറഞ്ഞെങ്കിലും അയാള്‍ ഇരയെ ചൂണ്ടയിട്ടു പിടിക്കുകയായിരുന്നു. ഭര്‍ത്താവ് വിദേശത്തായതിനാല്‍ കുട്ടികളോടൊപ്പം തലസ്ഥാന ജില്ലയില്‍ ഉയര്‍ന്ന നിലയില്‍ തന്നെയാണ് ജീവിതം നയിച്ചിരുന്നത്. തുടര്‍ന്നു പല ദിവസങ്ങളിലും വിളിച്ചു.
രാത്രിയും പകലും സംസാരം മണിക്കൂറുകളോളം നീണ്ടു. സുമുഖനായിരുന്ന യുവാവ് കാറില്‍ യുവതിയുമായി പല തവണ കറങ്ങി. കംപ്യൂട്ടര്‍ എന്‍ജിനിയര്‍ എന്നാണ് യുവാവ് പരിചയപ്പെടുത്തിയിരുന്നത്. ഒടുവില്‍ അവളുടെ ഫോട്ടോ വേണമെന്നായി.
പ്രണയിക്കുന്ന ആളായതിനാല്‍ മറ്റൊന്നും നോക്കാതെ ഫോട്ടോ വാട്സ്ആപ്പ് ചെയ്തുകൊടുത്തു. അയാളുടെ ആവശ്യം തീര്‍ന്നില്ല. ചാറ്റിംഗും അടുപ്പവും മുറുകിയതോടെ നഗ്നചിത്രം അയയ്ക്കണമെന്നായിരുന്നു അടുത്ത ആവശ്യം. ഒടുവിൽ അവൾ അതിനും വഴങ്ങി.
അതോടെ സ്നേഹനിധിയെന്നു കരുതിയ കാമുകൻ തനി സ്വരൂപം പുറത്തെടുത്തു. പണം തന്നില്ലെങ്കില്‍ ചിത്രം ഇന്റർനെറ്റില്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിയെത്തി. ഭര്‍ത്താവ് അറിഞ്ഞാല്‍ ജീവിതം തകരുമെന്നു ഭയന്നു യുവതി പണം നൽകി. പക്ഷേ, ആവശ്യങ്ങൾ അവിടെനിന്നില്ല.
പല തവണയായിആറു ലക്ഷത്തോളം രൂപ അയാൾ കൈക്കലാക്കി. കൊടുക്കാനില്ലാതെ വന്നപ്പോൾ അവൾ മാതാപിതാക്കളെ അറിയിക്കാൻ തീരുമാനിച്ചു. പോലീസില്‍ പരാതി നല്കി. യുവാവിനെ പോലീസ് പൊക്കി.
ഒടുവില്‍ ഭര്‍ത്താവിനെ മാതാപിതാക്കള്‍തന്നെ വിവരമറിയിച്ചു വരുത്തി. പണം നഷ്ടമായെങ്കിലും ഭാര്യ ചതിക്കുഴിയില്‍ പെട്ടതാണെന്നു ബോധ്യപ്പെട്ടതോടെയാണ് കുടുംബം തകരാതെ രക്ഷപ്പെട്ടത്. സാമ്പത്തികവും ജോലിയുമുള്ള വീട്ടമ്മമാരെ കുരുക്കി വാട്സ്ആപ്പില്‍ ഫോട്ടോ കൈമാറി ബ്ലാക്ക്മെയില്‍ ചെയ്യുന്ന സംഭവങ്ങൾ പെരുകുകയാണെന്നു പോലീസ് പറയുന്നു.
ഒളിച്ചോട്ടം കൂടുതലും കേരളത്തില്‍
സ്ത്രീകളെ കാണാതാവുന്നതില്‍ 60 ശതമാനവും കേരളത്തില്‍. 18നും 40നും മധ്യേ പ്രായമുള്ള സ്ത്രീകളാണ് കാണാതാവുന്നതില്‍ ഭൂരിഭാഗവും. 2017ല്‍ കാണാതായ 9,250 പേരില്‍ ആറായിരം പേരും ഈ പ്രായത്തിലുള്ള സ്ത്രീകളാണ്. ഇതില്‍ 5,836 പേരെ കണ്ടെത്തുകയോ മടങ്ങി വരികയോ ചെയ്തു.
2018ല്‍ 11,536 പേരെ കാണാതായതില്‍ 7,536 പേര് സ്ത്രീകളായിരുന്നു. ഇതില്‍ 7,400 പേരെ കണ്ടെത്തി. 2019ല്‍ 12,814 പേരെ കാണാതായതില്‍ 8,300 പേര് സ്ത്രീകളായിരുന്നു. ഇതില്‍ 8,150 പേരെ കണ്ടെത്തി. ഏറ്റവും കൂടുതല്‍ ഒളിച്ചോട്ടം തിരുവനന്തപുരത്താണ്. 791 സ്ത്രീകളെ കാണാതായി. ഇതില്‍ 277 പേരെ കണ്ടെത്തി. ഏറ്റവും കുറവ് വയനാട്. 116 സ്ത്രീകളെയാണ് കാണാതായത്.
പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ കണക്കുകള്‍ മാത്രമാണിത്. സ്ത്രീകളെ കണ്ടെത്തിയാല്‍ പിന്നെ ആ കേസുകള്‍ അവസാനിപ്പിക്കും. മാനഹാനി ഭയന്നു പോലീസിനെ അറിയിക്കാതെ തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുന്ന വീട്ടുകാര്‍ നിരവധിയാണ്. ഇതു കൂടി കണക്കിലെടുത്താല്‍ കാണാതായവരുടെ എണ്ണം ഇരട്ടിക്കും.
2018ല്‍ 1,085 പെണ്‍കുട്ടികളെ കാണാതായി. ഇതില്‍ എട്ടു പേരെ ഒഴിച്ച് മറ്റുള്ളവരെ കണ്ടെത്തി. 2019ല്‍ 1071 പെണ്‍കുട്ടികളെയാണ് കാണാതായത്. ഇതില്‍ 21 പേരെ ഇനിയും കണ്ടെത്താനായില്ല.
വാട്സ് ആപ്പ്, ഫേസ് ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ പരിചയങ്ങളും പ്രണയ ബന്ധങ്ങള വീട്ടുകാരുമായുള്ള സ്വരചേര്‍ച്ചയില്ലായ്മ, ദാമ്പത്യ ബന്ധങ്ങളിലെ പ്രശ്നങ്ങള്‍ തുടങ്ങിയവയെല്ലാമാണ് സ്ത്രീകളെയും പെണ്‍കുട്ടികളെയും കാണാതാകുന്നതിനു പിന്നിൽ.
പെണ്‍വാണിഭ റാക്കറ്റ്
സ്കൂളുകളും കോളജുകളും വട്ടമിട്ടു പറക്കുന്ന പെണ്‍വാണിഭ സംഘങ്ങള്‍ വ്യാപകമാണ്. ഇത്തരമൊരു റാക്കറ്റിന്റെ ബ്ലാക്ക്മെയില്‍ കാരണമാണ് സംസ്ഥാനത്തെ ഒരു സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനി ജീവനൊടുക്കുകയും പ്ലസ് വണ്ണിനു പഠിക്കുന്ന മറ്റൊരുവിദ്യാര്ഥിനി ജീവനൊടുക്കാൻ ശ്രമിക്കുകയും ചെയതതെന്നു കണ്ടെത്തിയിട്ടുണ്ട്.
ഈ സ്കൂളിലെ തന്നെ എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ നിരവധി പെണ്‍കുട്ടികള്‍ റാക്കറ്റിന്റെ വലയില്‍ അകപ്പെട്ടതായി പെണ്‍കുട്ടി വെളിപ്പെടുത്തിയിരുന്നു. വിദ്യാര്‍ഥിനികളെ പ്രണയം അഭിനയിച്ചു വശത്താക്കുന്ന സംഘം, പിന്നീട് അവരെ വന്‍കിട റാക്കറ്റുകള്‍ക്കു കൈമാറുകയാണ് ചെയ്യുന്നത്.
ഹൈദരാബാദില്‍ കഴിഞ്ഞ ഡിസംബറില്‍ പിടിയിലായ, സെക്സ് റാക്കറ്റിലെ പ്രമുഖ കണ്ണി മുഹമ്മദ് മുസ്തഫയില്‍ നിന്നു ഞെട്ടിക്കുന്ന വിവരങ്ങളാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു ലഭിച്ചത്. ഇയാളുടെ സംഘം കേരളീയരടക്കമുള്ള മുന്നൂറോളം യുവതികളെ വേശ്യാവൃത്തിക്കായി വിദേശ രാജ്യങ്ങളിലേക്ക് കയറ്റിവിട്ടിട്ടുണ്ടത്രേ.
ഇത്തരം കടത്തുകള്‍ക്കു വിമാനത്താവള ഉദ്യോഗസ്ഥരുടെയും നിയമപാലകരുടെയും സഹകരണവും ലഭിക്കാറുണ്ടെനനു നെടുമ്പാശേരി വിമാനത്താവളം കേന്ദ്രീകരിച്ചു നടന്ന മനുഷ്യക്കടത്തിന്റെ അന്വേഷണത്തില്‍ വ്യക്തമായിരുന്നു.
( നാളെ….നിയമങ്ങളുണ്ട്…പക്ഷേ)