പോള്‍ മാത്യു
മധുവിധുവിനു വെറും പതിനഞ്ച് ദിവസത്തെ ആയുസേ ഉണ്ടായിരുന്നുള്ളൂ. നവവധു കുഴഞ്ഞുവീണു മരിച്ചു. ആര്‍ക്കും ഒരു സംശയവും തോന്നിയില്ല. ഭര്‍തൃവീട്ടിലെ ബാത്ത്റൂമിലാണു കുഴഞ്ഞു വീണത്. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചു. 2020 ജനുവരി ആറിനു രാത്രി 9.30നായിരുന്നു തൃശൂര്‍ ജില്ലയില്‍ ആ ദുഃഖകരമായ സംഭവം.
വീട്ടുകാരും നാട്ടുകാരുമൊക്കെ ഓടിയെത്തി. സ്വാഭാവിക മരണമെന്ന നിലയില്‍ സംസ്കാരവും നടത്തി. മരിക്കുന്നതിനു തൊട്ടുമുമ്പ് വീട്ടില്‍ വന്നു രണ്ടു പേരും ഭക്ഷണവും കഴിച്ചു സന്തോഷമായി മടങ്ങിയ ശേഷം രാത്രി ഒമ്പതരയോടെ കേട്ട വാര്‍ത്ത വധുവിന്റെ വീട്ടുകാർക്കു വിശ്വസിക്കാനേ കഴിഞ്ഞില്ല.
അതേസമയം, കല്യാണം കഴിഞ്ഞു വെറും രണ്ടാഴ്ച കഴിഞ്ഞതേയുള്ളതിനാൽ ആർക്കും മറ്റു സംശയങ്ങളൊന്നും തോന്നിയിരുന്നുമില്ല. എന്നാല്‍, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെ ശ്രുതിയുടെ മാതാപിതാക്കള്‍ ഞെട്ടി.
പ്രണയദുരന്തം
പ്രണയം ഉണ്ടായിരുന്നിട്ടും വീട്ടുകാരുടെ ഇഷ്ടം അനുസരിച്ചാണ് തൃശൂര്‍ മുല്ലശേരി സ്വദേശിനിയായ ശ്രുതി മറ്റൊരു വിവാഹത്തിനു സമ്മതം മൂളിയത്. ശ്രുതിയുമായി ഏഴു വര്‍ഷം പ്രണയത്തിലായിരുന്നു പെരിങ്ങോട്ടുകര സ്വദേശിയായ യുവാവ്.
എന്നാൽ, വിവാഹത്തെക്കുറിച്ചു ചോദിക്കുന്പോൾ വേണ്ടത്ര താത്പര്യം കാണിക്കാതെ വന്നതോടെയാണ് ശ്രുതിയുടെ വീട്ടുകാർ മറ്റൊരു വിവാഹം ഉറപ്പിച്ചത്. എന്നാൽ, വിവാഹം ഉറപ്പിച്ചു കഴിഞ്ഞപ്പോൾ ഇയാൾ ഭീഷണിയുമായെത്തി. ശ്രുതിയെ വിളിക്കുകയും വിവാഹത്തിനു നിര്‍ബന്ധിക്കുകയും ചെയ്തു.
മറ്റൊരു വിവാഹം ഉറപ്പിച്ച സ്ഥിതിക്കു സാധ്യമല്ലെന്നു വാദിച്ചെങ്കിലും മകളുടെ സമ്മര്‍ദത്തിനും കാമുകന്റെ ഭീഷണിക്കും മുമ്പില്‍ വഴങ്ങേണ്ടിവന്നു. തങ്ങളുടെ സാമ്പത്തിക സ്ഥിതിയേക്കാൾ വളരെ ഉയര്ന്നവരായതിനാല് ബന്ധം ശരിയാവില്ലെന്നു പറഞ്ഞു നോക്കിയെങ്കിലും കാമുകന് വഴങ്ങിയില്ല.
ഒടുവില്‍ കാമുകനുതന്നെ വിവാഹം ചെയ്തുകൊടുക്കാൻ വീട്ടുകാർ തീരുമാനിച്ചു. ഇതോടെ ആദ്യത്തെ പ്രതിശ്രുത വരനും വീട്ടുകാരും നഷ്ടപരിഹാരത്തിനു കേസ് കൊടുത്തു. നാലു ലക്ഷം രൂപ നല്‍കിയാണ് ആ പ്രശ്നം അവസാനിപ്പിച്ചത്.
വൈകാതെ കാമുകന്റെ വീട്ടുകാരും ബന്ധുക്കളുമൊക്കെ വീട്ടിലെത്തി വിവാഹം നടത്താനുള്ള തീരുമാനത്തിലെത്തി. 2019 ഡിസംബര്‍ 22നായിരുന്നു വിവാഹം. പക്ഷേ, ആ സന്തോഷത്തിന് ഒരു മാസത്തെ ആയുസു പോലുമുണ്ടായില്ല. പതിനഞ്ച് ദിവസത്തിനു ശേഷം ആ വാര്‍ത്ത കേട്ടു. മകള്‍ ബാത്ത് റൂമില്‍ കുഴഞ്ഞുവീണു മരിച്ചു!
മകള്‍ സാമ്പത്തിക സ്ഥിതിയുള്ള വീട്ടിലേക്കാണ് പോകുന്നതെന്നതു കണക്കിലെടുത്തു കൊടുക്കാവുന്നതിലേറെ സ്വര്‍ണവും പണവുമൊക്കെ നല്കാന് പിതാവ് ശ്രമിച്ചിരുന്നു. ബാങ്കില്‍നിന്നു ലോണെടുത്താണ് പണം കണ്ടെത്തിയത്. വിവാഹം കഴിഞ്ഞു കാമുകന്റെ വീട്ടിലെത്തിയപ്പോള്‍ ആദ്യ ദിനങ്ങൾ സന്തോഷകരമായിരുന്നു.
എന്നാൽ, താന്‍ വേറെ വിവാഹം കഴിച്ചിരുന്നെങ്കില്‍ ഇതിലും കൂടുതല്‍ പണം കിട്ടുമെന്നാണു വീട്ടുകാര്‍ പറയുന്നതെന്നു ഇയാൾ ശ്രുതിയോടു പറഞ്ഞിരുന്നു. അവൾ ഇക്കാര്യം മാതാപിതാക്കളോടും പങ്കുവച്ചു. തങ്ങള്‍ക്കു പറ്റാവുന്നതു തരാമെന്നു പറഞ്ഞു അവർ മകളെ സമാധാനിപ്പിച്ചിരുന്നു. ശ്രുതിയുടെ മരണശേഷം പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതോടെയാണ് മാതാപിതാക്കൾ ഞെട്ടിയത്.
ശ്രുതിയുടെ കഴുത്തില്‍ ബലം പ്രയോഗിച്ചതിന്റെ പാടുകള്‍ ഉണ്ടെന്നായിരുന്നു പോസ്റ്റമോർട്ടം റിപ്പോർട്ട്. സുരക്ഷിത കരങ്ങളെന്നു കരുതി മകളെ എല്പിച്ചത് ദുരന്തത്തിലേക്കാണെന്ന് അവർ മനസിലാക്കി. മകളുടെ ഘാതകരെ ശിക്ഷിക്കാനുള്ള നിയമ പോരാട്ടം മരണം വരെ തുടരുമെന്നാണ് മാതാപിതാക്കളുടെ പ്രതിജ്ഞ.
ഈ പോരാട്ടത്തിനു പ്രാദേശിക ക്ലബിന്റെ ഭാരവാഹികളും പിന്തുണയുമായി എത്തിയിട്ടുണ്ട്. മരണത്തില്‍ അന്വേഷണത്തിൽ വീഴ്ച വരുത്തിയ രണ്ട് പോലീസ് ഓഫീസര്‍മാരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഇതോടെ പോലീസും നടപടികൾ ഊർജിതമാക്കിയിട്ടുണ്ട്.
“പാമ്പാകുന്ന’ ഭര്ത്താക്കന്മാർ
രാത്രിയില്‍ പാമ്പായി വരുന്ന നിരവധി ഭര്ത്താക്കന്മാരെ ഭാര്യമാര്‍ കണ്ടിട്ടുണ്ടെങ്കിലും ഒറിജിനല്‍ പാമ്പുമായി വരുന്ന ഭര്‍ത്താവിനെ ആദ്യമായാണ് കേരളവും കാണുന്നത്.
കേരള പോലീസിന്റെ അന്വേഷണ ചരിത്രത്തില്‍ ഇത്രയും സങ്കീര്‍ണമായ ഒരു കേസ് കണ്ടെത്തി പിടിച്ചതുതന്നെ അനേകം വെല്ലുവിളികൾ നേരിട്ടാണ്. ഭാര്യയുടെ മരണത്തില്‍ പാമ്പും പ്രതിയാകുന്ന കേസ്. പാമ്പിനെ പണം കൊടുത്തു വാങ്ങി കടിപ്പിച്ച് ഭാര്യയെ കൊലപ്പെടുത്തിയ കേസിന്റെ കുറ്റപത്രം ഇതാദ്യമാകും കോടതിയില്‍ എത്തുന്നത്.
മകളുടെ സന്തോഷത്തിനായി ആവശ്യപ്പെട്ടതൊക്കെ നല്കാന് മാതാപിതാക്കളും തയാറായി. സ്വര്‍ണവും പണവും കാറുമൊക്കെ നല്കി മകൾ ഉത്രയെയും മരുമകനെയും സന്തോഷിപ്പിച്ചു.
പക്ഷേ, ഏതു നിമിഷവും തിരിഞ്ഞു കൊത്താന്‍ നോക്കിയിരുന്ന ഉഗ്രവിഷമുള്ള ഭര്‍ത്താവിനൊപ്പമായിരുന്നു മകൾ കിടന്നുറങ്ങിയിരുന്നതും നടന്നിരുന്നതും. ഒരു ഭാര്യയ്ക്കും സ്വപ്നത്തില്‍ പോലും ചിന്തിക്കാന്‍ കഴിയാത്ത കാര്യം.
കഴിഞ്ഞ മേയ് ഏഴിനാണ് അഞ്ചലിലെ ഉത്രയുടെ വീട്ടില്‍ വച്ചു മൂര്‍ഖന്‍ പാമ്പിനെക്കൊണ്ടു സ്വന്തം ഭര്‍ത്താവ് സൂരജ് കടിപ്പിച്ചതായി കേസുള്ളത്. ഇതിനായി മൂര്‍ഖന്‍ പാമ്പിനെ വിലകൊടുത്തു വാങ്ങി. ഇതിനും മാസങ്ങള്‍ക്കു മുമ്പ് ഫെബ്രുവരിയിലും മാര്‍ച്ചിലും പാമ്പിനെ കൊണ്ടുവന്നിരുന്നു.
ആദ്യ ശ്രമം പരാജയപ്പെട്ടതോടെ മാര്‍ച്ച് രണ്ടിന് അണലിയെകൊണ്ടു കടിപ്പിച്ചു. പക്ഷേ, ചികിത്സയിലൂടെ ഉത്ര രക്ഷപ്പെട്ടു. അണലി പോരെന്നു മനസിലാക്കിയാണ് മൂര്‍ഖനെ വാങ്ങാന്‍ തീരുമാനിച്ചത്. മേയ് ഏഴിനു രാത്രി ഉത്രയുടെ വീട്ടില്‍ ഉറങ്ങി കിടക്കുമ്പോള്‍ മൂര്‍ഖനെകൊണ്ട് കടിപ്പിച്ചു.
മരണം ഉറപ്പാക്കാൻ എല്ലാ. പാരസൈറ്റമോള്‍ ഗുളികകളും അലര്‍ജിക്ക് ഉപയോഗിക്കുന്ന ഗുളികകളും അമിത അളവില്‍ പഴച്ചാറില്‍ കലര്‍ത്തി നല്കിയതിനുശേഷമായിരുന്നു പാമ്പിനെ ഉത്രയുടെ ദേഹത്തേക്ക് വിട്ടത്. രാവിലെ മകള്‍ എഴുന്നേല്‍ക്കാതെ വന്നപ്പോഴാണ് പന്തികേട് തോന്നി വീട്ടുകാര്‍ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചു.
വീടിന്റെ രണ്ടാം നിലയില്‍ എങ്ങനെ പാമ്പു വന്നുവെന്ന ചിന്തയാണ് ഇതു കൊലപാതകമാണെന്ന സംശയമുണർത്തിയത്. ഭര്‍ത്താവിന്റെ കൈയില്‍ സുരക്ഷിതയല്ലെങ്കില്‍ പിന്നെവിടെ സ്ത്രീയ്ക്കു സുരക്ഷിതത്വം കിട്ടുമെന്ന ചോദ്യം ബാക്കി. ഈ കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.
ഭർത്താവിന്റെ വീട്
ഭാര്യയെ കൊലപ്പെടുത്തിയതിനു ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും പ്രതികളാകുന്ന കേസുകള്‍ സംസ്ഥാനത്തു വീണ്ടും കൂടിവരികയാണ്. ഈ വര്‍ഷം ആരംഭിച്ചപ്പോഴേക്കും സ്ത്രീധനത്തിന്റെ പേരില്‍ മൂന്നു സ്ത്രീകളാണ് കൊല്ലപ്പെട്ടത്.
മാര്‍ച്ച് വരെ മൂന്നു മാസത്തിനുള്ളില്‍ മൂന്നു മരണങ്ങൾ. തിരുവനന്തപുരം റൂറലില്‍ ഒരു യുവതിയും പാലക്കാട് രണ്ട് യുവതികളുമാണു കൊല്ലപ്പെട്ടത്. ദുരൂഹസാഹചര്യത്തിൽ വേറെയും യുവതികൾ മരിച്ചിട്ടുണ്ട്.
സംസ്ഥാന ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ചു കേരളത്തില്‍ കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ സ്ത്രീധനത്തിന്റെ പേരില്‍ മരിച്ചത് 207 യുവതികൾ. കഴിഞ്ഞ വര്‍ഷം ആറു പേർ മരിച്ചു. നിയമവും അന്വേഷണവും ശക്തമായതോടെ കൊലപാതകത്തിനു പുതിയ വഴികൾ തേടുന്നവരുമുണ്ട്.
കൊല്ലാതെ കൊല്ലുക എന്ന തന്ത്രമാണ് പലരും സ്വീകരിച്ചിരിക്കുന്നത്. ഒരേ വീട്ടില്‍ ഭർത്താവുമായി യാതൊരു അടുപ്പവുമില്ലാതെ കഴിയേണ്ടി വരുന്ന യുവതികള്‍ നിരവധിയുണ്ടെന്നു സംസ്ഥാന വനിതാ കമ്മീഷനു ലഭിച്ച പരാതികൾ ചൂണ്ടിക്കാട്ടുന്നു.
ആത്മഹത്യയ്ക്കു പിന്നിലും
കേരളത്തില്‍ നടക്കുന്ന ആത്മഹത്യയില്‍ 95 ശതമാനവും കുടുംബ പ്രശ്നങ്ങള്‍ കാരണമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ 4,172 വീട്ടമ്മമാരാണ് ജീവനൊടുക്കിയത്.
ഇങ്ങനെ ജീവനൊടുക്കുന്നവരിൽ പലരും കുട്ടികളെയുംകൂടി കൊലപ്പെടുത്തിയിട്ടാണ് ജീവൻ അവസാനിപ്പിക്കുന്നത്. ഇങ്ങനെ ആത്മഹത്യയിലേക്കു പോകുന്നവർ ശരിക്കും യഥാർഥ കുറ്റവാളികൾക്കു രക്ഷപ്പെടാനുള്ള വഴിയാണ് ഒരുക്കിക്കൊടുക്കുന്നതെന്നതാണ് സത്യം.
നിയമമുണ്ട്, കടലാസില്‍
ഉത്രയെ പോലുള്ളവരുടെ ജീവനുകള്‍ പൊലിയുമ്പോഴാണ് സ്ത്രീധനത്തിനെതിരെ പലരും ശബ്ദമുയര്‍ത്തുന്നത്. സ്ത്രീധനത്തിന്റെ പേരില്‍ ലോകത്തുതന്നെ ഏറ്റവും കൂടുതല്‍ പേര് മരിക്കുന്നത് ഇന്ത്യയിലാണെന്നാണ് കണക്കുകള്‍. ഇതുവരെ കൊലപാതകത്തിനു മാരകായുധങ്ങളും കിണറും കയറും പെട്രോളും ഗ്യാസുമൊക്കെ ആയിരുന്നുവെങ്കില്‍ ഈ യുഗത്തിൽ അതു പാന്പിലേക്കു വരെ എത്തി.
1961ല്‍ നിലവില്‍ വന്ന സ്ത്രീധന നിരോധന നിയമം, 1986ല്‍ വീണ്ടും ഭേദഗതി വരുത്തി കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. എന്നാല്‍, മരണത്തിനു കാരണക്കാരായ കുറ്റവാളികൾ പലപ്പോഴും രക്ഷപ്പെടുകയാണ്.
(നാളെ ഭര്‍തൃബലാത്സംഗം)