പോള്‍ മാത്യു
തൃശൂരിനടുത്തു ട്രെയിനില്‍നിന്നു തള്ളിയിട്ടു മാനഭംഗപ്പെടുത്തി ക്രൂരമായി കൊലചെയ്യപ്പെട്ട സൗമ്യയെ ആരും മറന്നിട്ടുണ്ടാകില്ല. ഈ ക്രൂരകൃത്യം ചെയ്ത ഗോവിന്ദച്ചാമിമാരെ ഇല്ലാതാക്കുമെന്ന് ഉറച്ചു കോടതികളടക്കം രംഗത്തുവന്നിട്ടും ഇപ്പോഴും ഇത്തരക്കാര്‍ വിലസുന്നു.
നവോത്ഥാനത്തിന്റെ പേരില്‍ മേനിപറച്ചിലല്ലാതെ ഗോവിന്ദച്ചാമിയുടെ കാലത്തില്‍നിന്ന് ഒരിഞ്ചു പോലും മാറ്റം വന്നിട്ടില്ലെന്നാണ് സ്ത്രീകള്‍ തങ്ങളുടെ അനുഭവങ്ങളിലൂടെ വ്യക്തമാക്കുന്നത്.
സ്ത്രീകളുടെ മാനവും ജീവനും കവരുന്ന കേസുകളുടെ എണ്ണം ദിനംപ്രതിയെന്നോണം വര്‍ധിക്കുന്നു. തൊഴിലിടങ്ങളിലും ട്രെയിനിലും ബസിലും ഓട്ടോറിക്ഷകളിലും എന്തിനു വീടുകളിലും വരെ സ്ത്രീകള്‍ സുരക്ഷിതരല്ലെന്നാണു കണക്കുകള്‍ വിളിച്ചു പറയുന്നത്.
കടലാസിലെ നിയമങ്ങള്‍ എന്ന് പ്രാവര്‍ത്തികമാകുമെന്നത് ഇനിയും ഉത്തരം കിട്ടാത്ത ചോദ്യം. സ്ത്രീ സ്വാതന്ത്ര്യം യാഥാര്‍ഥ്യമാകുന്നത് അര്‍ധരാത്രിയില്‍ എവിടെയും ഭയം കൂടാതെ സ്ത്രീകള്‍ക്കു നടക്കാന്‍ കഴിയുന്ന ഒരു സാഹചര്യം ഉണ്ടാകുമ്പോഴാണ്.
അര്‍ധരാത്രി നടത്തം പ്രഖ്യാപിച്ചു പോലീസുകാരുടെ സാന്നിധ്യത്തില്‍ സ്ത്രീകളിറങ്ങി നടക്കലല്ല സ്വാതന്ത്ര്യം. സാധാരണ സാഹചര്യത്തില്‍ രാത്രിയിലും സ്ത്രീകള്‍ക്ക് അധികമാരുമില്ലാത്തയിടങ്ങളിലൂടെ സുരക്ഷിതയായി നടക്കാന്‍ കഴിയണം. അതിന് ഇനി എത്ര ദൂരം സഞ്ചരിക്കണമെന്നതാണ് ചോദ്യം.
കൊല്ലപ്പെട്ട പോലീസുകാരി
മാസങ്ങള്‍ക്കു മുമ്പു നടന്ന വനിത സിവില്‍ പോലീസ് ഓഫീസര്‍ സൗമ്യയുടെ മരണം ആര്‍ക്കും മറക്കാനാകില്ല. സ്കൂട്ടറെടുത്തു വീട്ടില്‍നിന്നു വഴിയിലേക്കിറങ്ങിയ സൗമ്യയെ കാറിടിച്ചും വടിവാളുകൊണ്ടു വെട്ടിയും പെട്രോളൊഴിച്ചു തീകൊളിത്തിയും അയാള്‍ മരണം ഉറപ്പാക്കി. മാവേലിക്കരയില്‍ അജാസ് എന്ന സഹപ്രവര്‍ത്തകനായ പോലീസുകാരനാണ് വനിത സിവില്‍ പോലീസ് ഓഫീസര്‍ സൗമ്യയെ പട്ടാപ്പകല്‍ ദാരുണമായി കൊലപ്പെടുത്തിയത്.
തൃശൂര്‍ രാമവര്‍മപുരം പോലീസ് ട്രെയിനിംഗ് അക്കാദമിയില്‍ പരിശീലനം അവസാനിക്കുന്നതിനു പത്തു ദിവസം മുമ്പാണ് അജാസ് എത്തിയത്. ഈ പരിചയം ഒടുവില്‍ കൊലപാതകത്തിലെത്തിച്ചു. പിന്നീട് സഹപ്രവര്‍ത്തകനായി ജോലിക്കെത്തിയപ്പോള്‍ കൂടുതല്‍ അടുത്തു.
വാശിയോടെ പഠിച്ചാണ് സൗമ്യ പോലീസില്‍ ജോലി നേടിയത്. ആദ്യം പോലീസില്‍ ജോലി കിട്ടിയെങ്കിലും ടെസ്റ്റും ഇന്റര്‍വ്യൂവും പാസായെങ്കിലും ഫിസിക്കല്‍ ടെസ്റ്റില്‍ പരാജയപ്പെട്ടു. ഇതോടെ പോലീസിലെ ജോലി എന്ന സ്വപ്നം ആദ്യം പൊലിഞ്ഞു.
പിന്നീട് കഠിന പ്രയത്നം നടത്തി അടുത്ത പരീക്ഷയെഴുതി വിജയിച്ചു. ഫിസിക്കല്‍ ടെസ്റ്റില്‍ ഒന്നാമതായി പാസായി. കണ്ടക്ടര്‍ ജോലി കിട്ടിയിട്ടും അതിനു പോകാന്‍ മടിച്ചു പോലീസാകാന്‍ തീരുമാനിക്കുകയായിരുന്നു. സൗമ്യക്കു ജോലി കിട്ടിയതോടെ ഭര്‍ത്താവ് സജീവ് ജോലിയുപേക്ഷിച്ചു കുട്ടികളെ നോക്കാന്‍ ലിബിയയില്‍ നിന്നെത്തി.
സൗമ്യ തൃശൂരിലെ പോലീസ് ക്യാമ്പില്‍ പരിശീലനത്തില്‍ ചേര്‍ന്നു. എല്ലാ ആഴ്ചയിലും ഭര്‍ത്താവ് സജീവ് തൃശൂരിലേക്കു സൗമ്യയെ കാണാന്‍ എത്തിയിരുന്നു. ഇവിടെ വരുമ്പോള്‍ പഠിപ്പിച്ചിരുന്ന ഓഫീസര്‍മാരെയും മറ്റുള്ളവരെയെല്ലാം പരിചയപ്പെടുത്തിയിട്ടുണ്ട്.
എന്നാല്‍, അക്കൂട്ടത്തിലൊന്നും അജാസ് എന്ന കൊലയാളിയെ പരിചയപ്പെട്ടിട്ടില്ലെന്നു ഭര്‍ത്താവ് പറയുന്നു. ട്രെയിനിംഗ് അവസാനിക്കുന്നതിനു പത്തു ദിവസം മുമ്പായിരുന്നു അജാസ് എത്തിയത്.
ആലപ്പുഴയിലാണ് ആദ്യം നിയമനം ലഭിച്ചത്. കടമുണ്ടായിരുന്നതിനാല്‍ ഭര്‍ത്താവ് വീണ്ടും വിദേശത്തേക്കു പോകാന്‍ തീരുമാനിച്ചു. സൗമ്യയുടെ മരണത്തിന് 24 ദിവസം മുമ്പാണ് ഭര്‍ത്താവ് ലിബിയയിലേക്കു വീണ്ടും പോയത്.
എന്നാല്‍, അജാസിന്റെ കൈയില്‍നിന്നു പണം കടം വാങ്ങിയ കാര്യം ഭര്‍ത്താവ് അറിഞ്ഞിരുന്നില്ല. കൊലയാളി അജാസുമായി പണമിടപാട് ഉണ്ടായിരുന്നുവെന്നാണ് പിന്നീട് അറിയാന്‍ കഴിഞ്ഞതത്രേ.
ഭാര്യയെ ദിവസവും വിളിച്ചിരുന്ന ഭര്‍ത്താവ് ഉച്ചയ്ക്ക് ഒന്നിനു ഭക്ഷണം കഴിക്കാന്‍ കമ്പനിയുടെ മെസില്‍ വരുമ്പോഴാണ് വാട്സ്ആപ്പ് നോക്കുന്നത്.
പ്രവാസികളും നാട്ടിലെ കൂട്ടുകാരും എല്ലാവരും ചേര്‍ന്നുള്ള ഗ്രൂപ്പില്‍ നോക്കിയപ്പോള്‍ കുറേ മെസേജുകള്‍ ഡിലീറ്റ് ചെയ്തിരിക്കുന്നു. എന്താണ് കാര്യമെന്നു മനസിലായില്ല. സ്ക്രോള്‍ ചെയ്ത് വന്നപ്പോള്‍ അവസാനം ഒരു മെസേജു മാത്രം മാഞ്ഞുപോകാതെ കിടക്കുന്നു.
ഭാര്യ സൗമ്യയുടെ മരണ വാര്‍ത്തയായിരുന്നു അത്. സൗമ്യയെ സഹപ്രവര്‍ത്തകനായ പോലീസുകാരന് ക്രൂരമായി കൊലപ്പെടുത്തിയെന്നായിരുന്നു മെസേജ്. അതു സൗമ്യയാണെന്ന് വിശ്വസിക്കാനായില്ല. ഉടൻ നാട്ടിലെ സുഹൃത്തിനെ വിളിച്ചു. നീ ഫോണ്‍ വയ്ക്ക്, ഞാന്‍ കുറച്ചു കഴിഞ്ഞു വിളിക്കാം എന്നു പറഞ്ഞ് അവന് ഫോണ്‍ കട്ട് ചെയ്തു.
പിന്നീട് വല്യച്ഛന്റെ മകനെ വിളിച്ചു. അവനാണ് ആ ഞെട്ടിക്കുന്ന വിവരങ്ങള്‍ പറഞ്ഞത്. സൗമ്യയെ കൊലപ്പെടുത്തിയെന്നും അജാസ് എന്ന ആളില്‍നിന്നു പണം വാങ്ങിയിരുന്നുവെന്നും പറഞ്ഞു. വെറും പത്തു ദിവസത്തെ പരിചയം.
പിന്നീടു പണമിടപാടിലേക്കും ഒടുവില്‍ കൊലപാതകത്തിലും കലാശിച്ചു. പണത്തിനപ്പുറം പലതും അയാള്‍ സൗമ്യയില്‍നിന്നു പ്രതീക്ഷിച്ചിരുന്നുവത്രേ.
അതു ലഭിക്കില്ലെന്നു കണ്ടതോടെയാണ് ഒടുവില്‍ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നാണു കേസിലെ വിശദീകരണം. പോലീസായതിനാല്‍ ഒറ്റയ്ക്കു താമസിച്ചാലും ഒന്നും പേടിക്കണ്ടെന്നായിരിക്കാം ഒരുപക്ഷേ, അവൾ കരുതിയിരിക്കുക. പക്ഷേ, പോലീസുകാരിക്കും ഇവിടെ സുരക്ഷയില്ല.
(നാളെ – നിയമം ഒന്നല്ല, പതിനൊന്ന്)