ചെങ്ങന്നൂർ: അനധികൃത മണ്ണെടുപ്പിനും നിലം നികത്തലിനുമെതിരെ കർശന നടപടി സ്വീകരിക്കുന്നതിന് എംഎൽഎ സജി ചെറിയാൻ വില്ലേജ് ഓഫീസർമാർ, പഞ്ചായത്ത് സെക്രട്ടറിമാർ, തഹസിൽദാർ, ആർ ഡി ഒ, ഡപ്യൂട്ടി തഹസിൽദാർമാർ, മറ്റ് റവന്യൂ ഉദ്യോഗസ്ഥർ പോലീസ് എന്നിവരുടെ അടിയന്തര യോഗം കഴിഞ്ഞ മാസം ചെങ്ങന്നൂർ ഐഎച്ച് ആർ ഡി.എൻജിനിയറിംഗ് കോളജിൽ വിളിച്ച് ചേർത്തിരുന്നു. യോഗത്തിൽ ഉദ്യോഗസ്ഥർക്ക് അനധികൃത മണ്ണടിക്കെതിരെ കർശനമായി നടപടി എടുക്കുവാൻ നിേർദശം നൽകിയിരുന്നു.
കൂടാതെ നിലം ഉടമയ്ക്ക് നൽകുന്ന സ്റ്റോപ്പ് മെമ്മോയുടെ പകർപ്പ് ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥൻ, ആർഡിഒ, കളക്ടർ എന്നിവർക്കും നൽകണമെന്നും പ്രത്യേക നിേർദശമുണ്ടായിരുന്നു. മാത്രമല്ല വൈകുന്നേരം ആറു മുതൽ പുലർച്ചെ ആറു വരെ അനധികൃതമായി മണ്ണടിക്കുന്ന വണ്ടികൾ കർശനമായും പിടികൂടണമെന്നും പോലീസ് ഉദ്യോഗസ്ഥർക്ക് ആർഡിഒ മുന്നറിയിപ്പ് നൽകിയിരുന്നു.
എന്നാൽ അടിയന്തര യോഗം കഴിഞ്ഞ് മണിക്കൂറൂകൾ കഴിയുന്നതിന് മുന്പ്തന്നെ മണ്ണ് മാഫിയ അവരുടെ ജോലിയിൽ മുഴുകിയതായാണ് നാട്ടുകാരുടെ ആക്ഷേപം.
മണ്ണ് കടത്ത് വാഹനങ്ങൾ പിടിക്കുന്നത് പ്രഹസനം
മണ്ണ് കടത്താനുള്ള വാഹനങ്ങളും മണ്ണുമാന്തിയന്ത്രവും പിടികൂടുന്നത് ചെങ്ങന്നൂരിൽ പ്രഹസനമായി മാറുന്നതായാണ് നാട്ടുകാരുടെ ആക്ഷേപം. പരാതികൾ വർധിക്കുന്പോൾ രണ്ടു വാഹനങ്ങൾ പിടിക്കുകയും അതിനുശേഷവും മണ്ണ് കടത്ത് വ്യാപകമായി നടക്കുകയുമാണ് പതിവെന്നാണ് പ്രദേശവാസികൾ പറയുന്നത്. പുലർച്ചെ ഒരു മണിമുതൽ ആരംഭിക്കുന്ന ഖനനവും കടത്തും അവസാനിപ്പിക്കാൻ ഇത്തരത്തിലുള്ള നടപടികൾ പര്യാപ്തമല്ലായെന്നും നാട്ടുകാർ പറയുന്നു.
ചെങ്ങന്നൂർ ആർഡിഒയുടെ നിർദ്ദേശമനുസരിച്ച് താലൂക്കിൽ രൂപീകരിച്ച പ്രത്യേക സ്ക്വാഡ് കഴിഞ്ഞ ദിവസം നടത്തിയ മിന്നൽ പരിശോധനയിൽ കൊഴുവല്ലൂർ, കാരയ്ക്കാട് എന്നിവിടങ്ങളിൽ നിന്നും മണ്ണ് ഖനനം ചെയ്ത രണ്ട് ജെ.സി ബി പിടികൂടി. ഡെപ്യൂട്ടി തഹസിൽദാർ ജോബിന്റെ നേതൃത്വത്തിലുള്ള സംഘം ജെസിബി പിടികൂടിയിരുന്നു. അനധികൃതമായി മണ്ണുകടത്താൻ ഉപയോഗിച്ച 5 ടിപ്പർ ലോറികളും രണ്ട് മണ്ണ് മാന്തി യന്ത്രങ്ങളും മാന്നാർ സി.ഐ ജോസ് മാത്യുവും ചെങ്ങന്നൂരിൽ നിന്നും പിടികൂടി.
എന്നാൽ നൂറ് കണക്കിന് ലോഡ് മണ്ണ് ദിനം പ്രതി മുളക്കുഴ, കൊഴുവല്ലൂർ , കോടുകുളഞ്ഞി കരോട്, പെണ്ണുക്കര എന്നീ ഭാഗങ്ങളിൽ നിന്ന് മണ്ണ് മാഫിയകൾ കടത്തുന്നുവെന്നും ഇവിടേക്ക് ഒരു പരുശാധനയും എത്തുന്നില്ലെന്നും പ്രദേശവാസികൾ പറയുന്നു.
കുടിവെള്ള ക്ഷാമവും രൂക്ഷം
കുടിവെള്ളത്തിന് യാതൊരു ബുദ്ധിമുട്ടും ഇല്ലാതിരുന്ന മേഖലകളിൽ പോലും ഇന്ന് കടുത്ത കുടിവെള്ള ക്ഷാമമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നാണ് പ്രദേശവാസികൾ പറയുന്നത്. മല ഇടിച്ച മുളക്കുഴ, കൊഴുവല്ലൂർ , കോടുകുളഞ്ഞി കരോട്, പെണ്ണുക്കര എന്നീ പ്രദേശങ്ങളിലെ ജനങ്ങൾ കുടിവെള്ളത്തിനായി ആർഡിഒ ഓഫീസ് തഹസിൽദാർ ഓഫീസ് എന്നിവിടങ്ങളിൽ കയറിയിറങ്ങുന്ന കാഴ്ച പതിവാണെന്നും പ്രദേശവാസികൾ പറയുന്നു.
പരാതിക്കു പോയാൽ ഭീഷണിയും ആക്രമണവും
മണ്ണ് ഖനനവുമായി ബന്ധപ്പെട്ട് പരാതിപ്പെട്ടാൽ ആദ്യഘട്ടത്തിൽ ഭീഷണിയും പിന്നീട് ആക്രമണവുമാണ് മണ്ണ് മാഫിയകളുടെ പതിവെന്നാണ് നാട്ടുകാർ പറയുന്നത്. നിരവധി പേരാണ് ഇത്തരത്തിൽ ഇവരുടെ ആക്രമണങ്ങൾക്ക് ഇരയായിരിക്കുന്നതെന്നും എന്നാൽ ജീവനിൽ ഭയമുള്ളതുകൊണ്ട് ഇത് പുറത്തുപറയാതിരിക്കുകയാണ് പലരുമെന്നും പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു.
രഹസ്യമായി പരാതി നൽകുകയോ വിളിച്ചു പറയുകയോ ചെയ്താൽപോലും മണ്ണ് മാഫിയയ്ക്ക് വിവരം ലഭിക്കുന്നതായും അവർ ആരോപിക്കുന്നു. ഉന്നത തലത്തിലുള്ള രാഷ്്ട്രീയ ബന്ധമുള്ളവരാണ് ഇത്തരത്തിലുള്ള മണ്ണ് മാഫിയ സംഘങ്ങളെന്നും നാട്ടുകാർ പറയുന്നു