കുമരകം: തണ്ണീർത്തട നിയമം കർശനമായി നടപ്പിലാക്കാൻ വിട്ടുവീഴ്ച ഇല്ലാത്ത നിലപാട് സ്വീകരിച്ചുവരുന്ന കുമരകം വില്ലേജ് ഓഫീസറെ സ്ഥലംമാറ്റാൻ ഭൂമാഫിയയുടെ നീക്കം.ജില്ലയിലെ ചില പ്രമുഖ നേതാക്കളുടെ ഒത്താശയോടെയാണ് വില്ലേജ് ഓഫീസർക്കെതിരെ നീക്കം ആരംഭിച്ചിരിക്കുന്നത്.
കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ അനധികൃത നിലംനികത്തലിനെതിരേ കർശന നിലപാടെടുത്ത ഓഫീസർ നിരവധി ടിപ്പർ ലോറികളും ജെസിബികളും പിടികൂടിയിരുന്നു. കൂടാതെ മീൻ കൃഷിയുടെ പേരിൽ നിലംകുത്തി കുളം കുഴിക്കുന്നതിനെതിരെ വിട്ടുവീഴ്ചയില്ലാതെ നടപടികൾ സ്വീകരിച്ചതും ഭുമാഫിയയുടെ അനിഷ്ടത്തിന് കാരണമായി.
റിസോർട്ടുകളുടെ നിലം നികത്തലിനെതിരെയും ശക്തമായ നപടികളാണ് വില്ലേജ് ഓഫീസർ സ്വീകരിച്ചിരുന്നത്. വെള്ളപ്പൊക്ക കെടുതികളിൽ നടത്തിയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ വില്ലേജ് ഓഫീസർ നാട്ടുകാരുടെ പ്രശംസ നേടി. കുമരകം വില്ലേജ് ഓഫീസറായി രണ്ടു വർഷം പിന്നിടുന്ന കർക്കശക്കാരനായ വില്ലേജ് ഓഫീസറെ മാറ്റാനുള്ള നീക്കത്തിനെതിരെ പരിസ്ഥിതി സംഘടനകളും നാട്ടുകാരും സമരത്തിനൊരുങ്ങുകയാണ്.