നിലന്പൂർ: നിലന്പൂർ നിയോജകമണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ നിര്‍ണയിക്കാന്‍ സര്‍വേയുമായി കോണ്‍ഗ്രസ് നേതൃത്വം. ആര്യാടൻ ഷൗക്കത്ത്, വി.എസ്. ജോയി എന്നിവരുടെ പേരുകളാണ് നിലവില്‍ നേതൃത്വത്തിന് മുന്നിലുള്ളത്.
തെരഞ്ഞെടുപ്പിന്റെ ചുമതലയുള്ള കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവും വണ്ടൂർ എംഎൽഎയുമായ എ.പി. അനിൽകുമാർ അഞ്ചിന് നിലന്പൂരിൽ പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്. മുസ്ലിം ലീഗിന്റെ നിലപാടും സ്ഥാനാർഥി നിർണയത്തിൽ നിർണായകമാകും. മലപ്പുറം ജില്ലയിൽ കോണ്‍ഗ്രസിന്റെ സുരക്ഷിതമണ്ഡലം എന്നു പറയാവുന്ന സീറ്റുകളിൽ ഒന്നാണ് നിലന്പൂർ. 2016 ലാണ് 30 വർഷത്തെ കോണ്‍ഗ്രസ് കോട്ട ആദ്യമായി തകർന്നത്.
എൽഡിഎഫ് സ്വതന്ത്രനായി വിജയിച്ച പി.വി. അൻവർ യുഡിഎഫ് അനുകൂല നിലപാടിലേക്ക് വന്ന നിലവിലെ സാഹചര്യത്തിൽ വിജയം ഉറപ്പാണെന്ന് കോണ്‍ഗ്രസും യുഡിഎഫും കരുതുന്നു. മണ്ഡലത്തിൽ സീറ്റ് ഉറപ്പിക്കാൻ ഡിസിസി പ്രസിഡന്റ് വി.എസ്. ജോയിയും കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്തും സജീവമായി രംഗത്തുണ്ട്. കോണ്‍ഗ്രസ് നേതൃത്വത്തെ സംബന്ധിച്ച് ഇതിൽ ഒരാളെ തള്ളി രണ്ടാമത്തെ ആളെ സ്ഥാനാർഥിയാക്കുകയെന്നത് ഏറെ വിഷമം പിടിച്ച കടന്പയാകും.
2016 ലും 2021 ലും കോണ്‍ഗ്രസ് സ്ഥാനാർഥികൾ പരാജയപ്പെട്ടത് സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ടുണ്ടായ ഭിന്നതയിൽ ഒരു വിഭാഗം വോട്ടുകൾ പി.വി. അൻവറിന് അനുകൂലമായി പോൾ ചെയ്തതിന്റെ ഫലമായിരുന്നു. അതിന്റെ മുറിവ് ഇനിയും പൂർണമായി ഉണങ്ങിയിട്ടില്ല. പി.വി. അൻവറിന്റെ പിന്തുണ ഇതിൽ ആർക്കാകുമെന്നതും നിർണായകമാകും.