നിലന്പൂർ: കുടിവെള്ളവും കുളിക്കാനുള്ള വെള്ളവും ചോദിച്ച് നിലന്പൂർ സിഎച്ച് കോളനിക്കാർ വാർഡംഗം കൂടിയായ നിലന്പൂർ നഗരസഭാ വൈസ് ചെയർമാനെ ഉപരോധിച്ചു. കഴിഞ്ഞ 15 ദിവസമായി മുമ്മുള്ളി വാർഡിലുൾപ്പെടുന്ന സിഎച്ച് കോളനിയിലെ നൂറോളം വരുന്ന താമസക്കാർക്ക് കുടിക്കാനും കുളിക്കാനും വെള്ളമില്ലാതെ ദുരിതത്തിലാണ്.
വാർഡംഗത്തിന്റെ അടുത്ത് പരാതി പറഞ്ഞെങ്കിലും പരിഹാരമായില്ലെന്ന പരാതിയുമായാണ് ഇരുപതോളം വരുന്ന സ്ത്രീകളുൾപ്പെടെയുള്ളവർ നഗരസഭയിലെത്തിയത്. വാർഡംഗവും നഗരസഭാ വൈസ് ചെയർമാനുമായ പി.വി.ഹംസ ജനങ്ങളുടെ പരാതി കേട്ട് വെള്ളം വിതരണം ചെയ്യുന്ന കരാറുകാരനെ വിളിച്ചുവരുത്തി പ്രശ്നപരിഹാരത്തിനുള്ള സാധ്യതകൾ ആരാഞ്ഞു. തുടർന്ന് ആഴ്ചയിൽ രണ്ടുതവണയെങ്കിലും വെള്ളം വിതരണം ചെയ്യുമെന്നുറപ്പ് നൽകി.
പല സ്ത്രീകളും ആവശ്യപ്പെട്ടത് കുടിവെള്ളമില്ലെങ്കിലും കിണറിൽ നിന്ന് കിട്ടുന്നത് കൊണ്ട് പ്രശ്നം തീർത്തുകൊള്ളാം എന്നാൽ കുളിക്കാനുള്ള വെള്ളമെങ്കിലും എത്തിച്ചുതരണമെന്നാണ്. പലരും ഓട്ടോറിക്ഷയിൽ നൂറുരൂപ നൽകി മൈലാടി പുഴക്കടവിൽ പോയാണ് കുളിക്കുന്നതും അലക്കുന്നതും. ഇതിനൊരു പരിഹാരമാണ് അത്യാവശ്യം വേണ്ടതെന്നും അപേക്ഷിച്ചു.
നിലന്പൂർ നഗരസഭയിൽ കുടിവെള്ള ക്ഷാമമുള്ള പ്രദേശങ്ങളിൽ ഏറ്റവും കൂടുതൽ വെള്ളം വിതരണം ചെയ്യുന്നത് മുമ്മുള്ളി വാർഡിലാണെന്ന് വൈസ് ചെയർമാൻ പി.വി.ഹംസ പറഞ്ഞു. വാട്ടർ അതോറിറ്റിയിൽ നിന്ന് ദിവസം 25000 ലിറ്റർ വെള്ളമാണ് നഗരസഭ നിലന്പൂർ ടൗണിൽ മാത്രം വിതരണം ചെയ്യാൻ വില നൽകി വാങ്ങുന്നത്.ഇതിനായി മാത്രം കഴിഞ്ഞ രണ്ടുമാസത്തിനുള്ളിൽ നിലന്പൂർ നഗരസഭ പത്തുലക്ഷം രൂപയോളം ചെലവഴിച്ചതായും ഹംസ പറഞ്ഞു.ു