നിലന്പൂർ: നിലന്പൂർ ഉപ ജില്ലയിൽ ഇരുപത് സർക്കാർ സ്കൂളുകൾ അപകടഭീഷണിയിൽ. മുക്കട്ട ഗവണ്മെന്റ് എൽപി സ്കൂളും കരുളായി ഗവണ്മെന്റ് യുപി സ്കൂളും ഇഴജന്തുക്കളുടെ ഭീഷണിയിലാണ്. വിദ്യാർഥിനി പാന്പുകടിയേറ്റു മരിച്ച സംഭവത്തെ തുടർന്നു നിലന്പൂരിലെ സ്കുളുകളിൽ അപകടകരമായ സാഹചര്യങ്ങൾ ഉണ്ടെങ്കിൽ ഉടൻ അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ പി.വി.അൻവർ എംഎൽഎ എഇഒയോടു ആവശ്യപ്പെട്ടിരുന്നു.
ഇതേതുടർന്നു പ്രധാനാധ്യാപകർ നൽകിയ റിപ്പോർട്ടിലാണ് ഇരുപത് സ്കൂളുകൾ അപകടരമായ അവസ്ഥയിലാണെന്നു കണ്ടെത്തിയത്. മുക്കട്ട ഗവണ്മെന്റ് എൽപി സ്കൂൾ 85 വർഷമായി വാടക കെട്ടിടത്തിലാണ്. കാലപഴക്കം കാരണം ഏതു സമയത്തും നിലംപൊത്താവുന്ന നിലയിലാണിത്. ജനലുകളിലും വാതിലുകളിലും വിള്ളലുകൾ വ്യാപകമാണ്.
പല ജനലുകളും അടയ്ക്കാൻ പോലും കഴിയുന്നില്ല. ഏറെ ആശങ്കയോടെയാണ് അധ്യാപകരും വിദ്യാർഥികളും സ്കൂളിൽ കഴിയുന്നതെന്നു പ്രധാനാധ്യാപകൻ പി.എസ്.രഘുറാം പറഞ്ഞു.
നിലന്പൂർ ഉപജില്ലയിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഏക സർക്കാർ സ്കൂളാണിത്. പാന്പുകൾ ഉൾപ്പെടെയുള്ള ഇഴജന്തുകൾ ഏതു സമയവും കടന്നു വരാവുന്ന അവസ്ഥയുണ്ട്. വാടക കെട്ടിടത്തിലായതിനാൽ ഒരു രൂപയുടെ പോലും സർക്കാർ സഹായവുമില്ല.
ആശങ്ക കാരണം 29ന് അടിയന്തര പിടിഎ വിളിച്ചിട്ടുണ്ടെന്നു പിടിഎ വൈസ് പ്രസിഡന്റ് സുനിലും പറഞ്ഞു. സ്കൂൾ പരിസരങ്ങളിൽ പാന്പുകളെ കാണാറുണ്ടെന്നു കുട്ടികളും പറയുന്നു.
കരുളായി പുള്ളിയിൽ ഗവണ്മെന്റ് എൽപി സ്കൂളിന്റെ അവസ്ഥയും ദയനീയമാണ്. 12 ക്ലാസ് മുറികൾക്കു വാതിൽ ഇല്ലെന്നു മാത്രമല്ല അര ഭിത്തിയിലാണ് നിൽപ്. കാലപ്പഴക്കം കൊണ്ടു ഭിത്തികൾ അടർന്നു വീഴാവുന്ന തരത്തിലാണ്. നാലു ജനലുകൾ അടക്കാൻ കഴിയില്ല.
ഭിത്തികളിൽ വള്ളലുകളുമുണ്ട്. വിദ്യാഭ്യാസ വകുപ്പിന്റെ ഒരു കോടി എട്ടു ലക്ഷം രൂപയുടെയും കിഫ്ബിയുടെ ഒരു കോടിയുടെയും നവീകരണം നടത്താൻ ഫണ്ട് പ്രഖ്യാപിച്ചിട്ടുണ്ടെക്കിലും ഒന്നര വർഷം കഴിഞ്ഞിട്ടും നടപടിയില്ല. അര ഭിത്തിയിൽ നിൽക്കുന്ന 12 ക്ലാസുമുറികളുടെ നിർമാണത്തിനാണ് ഒരു കോടി എട്ടു ലക്ഷം രൂപ അനുവദിച്ചിട്ടുള്ളത്.
ഇതു യഥാർഥ്യമായാൽ ഒരു പരിധി വരെ ആശങ്ക ഒഴിയുമെന്നു പ്രധാനാധ്യാപകൻ ജയകുമാർ പറഞ്ഞു. അമരന്പലം ഗവണ്മെന്റ് യുപി സ്കൂളിന്റെ കെട്ടിടം കാലപഴക്കം കൊണ്ടു പൊട്ടിവീഴാവുന്ന അവസ്ഥയിലാണ്, എരഞ്ഞിമങ്ങാട് ഗവണ്മെന്റ് യുപി സ്കൂളിൽ ജനൽ ഇല്ലാത്ത അര ഭിത്തിയിലുള്ള ക്ലാസു മുറികളുണ്ട്. കുറുന്പലങ്ങോട് ഗവണ്മെന്റ് യുപി സ്കൂളിൽ ജനലും വാതിലുമില്ല.
പള്ളിക്കുത്ത് ഗവണ്മെന്റ് യുപി, മൈലാടി ഗവണ്മെന്റ് യുപി എന്ന സ്കൂളുകളിൽ ജനൽ ഇല്ലാത്ത ക്ലാസ് മുറികളാണ്. നിലന്പൂർ ഗവ. എംയുപിഎസിൽ ജനലും വാതിലുമില്ല. ചോളമുണ്ട ഗവണ്മെന്റ് എൽപി സ്കൂളിനും കരിന്പുഴ ജിഎംഎൽപി സ്കൂളിനും മതിലില്ല.
ഇടിവണ്ണ ഗവണ്മെന്റ് എസ്റ്റേറ്റ് എൽപി സ്കൂളിൽ വാതിലും ജനലുമില്ലാത്ത ക്ലാസ് മുറികളാണ്.
വനാതിർത്തിയോടു ചേർന്നു കിടക്കുന്ന സ്കൂളുകളാണ് നിലന്പൂർ മേഖലയിൽ ഏറെയും. അതിനാൽ ഇഴജന്തുകളുടെ സാന്നിധ്യം ഉണ്ടാകാനുള്ള സാധ്യതയും ഏറെയാണ്. സർക്കാർ സ്കൂളുകളുടെ വികസനത്തിനായി കോടികളുടെ ഫണ്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പലതും കടലാസിൽ മാത്രം ഒതുങ്ങി.