നിലന്പൂർ: വന്യമൃഗശല്യം രൂക്ഷമായ നിലന്പൂർ മേഖലയിൽ കർഷകർക്കു പ്രതീക്ഷയേകി സർക്കാർ ഇടപെടൽ. ശല്യക്കാരായ കാട്ടുപന്നികളെ വെടിവയ്ക്കാൻ കഴിഞ്ഞ യുഡിഎഫ്് സർക്കാരിന്റെ കാലത്ത് നിയമം കൊണ്ടുവന്നെങ്കിലും അതിലെ വ്യവസ്ഥകൾ പൂർണമായും കർഷക വിരുദ്ധമായിരുന്നു.
പന്നികളെ വെടിവയ്ക്കും മുന്പു അവ ഗർഭിണികളാണോയെന്നു ഉറപ്പു വരുത്തണം, കൂടാതെ പന്നികൾ കാട്ടിലേക്കാണോ തിരഞ്ഞു നിൽക്കുന്നതെന്നു ശ്രദ്ധിക്കണം. എങ്കിൽ വെടിവയ്ക്കാൻ പാടില്ല. വെടിവയ്ക്കും മുന്വു വനം വകുപ്പ് ജീവനക്കാരുടെ അനുമതി വാങ്ങണം.
ഈ നൂലമാലകൾ മൂലം മലപ്പുറം ജില്ലയിൽ ഏറ്റവും കൂടുതൽ കാട്ടുപന്നികൾ കൃഷി നശിപ്പിക്കുന്ന നിലന്പൂർ, വണ്ടൂർ, ഏറനാട് മണ്ഡലങ്ങളിൽ നിന്നു ഒരു അപേക്ഷ പോലും കർഷകർ നൽകിയില്ല. കാട്ടുപന്നികളെ വെടിവയ്ക്കാനുള്ള ഈ വ്യവസ്ഥകൾ നീക്കം ചെയ്താണ് സർക്കാർ പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്. കർഷകർ നൽകുന്ന പരാതിയുടെ അടിസ്ഥാനത്തിൽ ശല്യക്കാരായ പന്നികളെ വനപാലകർക്ക് വെടിവയ്ക്കാമെന്ന നിർദേശം കർഷകർക്കു ഗുണപ്രദമാകും.
സംസ്ഥാനത്ത് കാട്ടുപന്നികൾ കൃഷി നശിപ്പിക്കുന്നതിന്റെ അളവ് ഓരോ വർഷവും വർധിച്ചുവരുന്ന സാഹചര്യത്തിലാണ് നിയമത്തിൽ ഇളവ് വരുത്തിയിരിക്കുന്നത്. അതേസമയം മലപ്പുറം ജില്ലയിൽ വന്യമൃഗശല്യം അടക്കം കർഷകർ നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള അദാലത്ത് നീളുന്നത് ജനങ്ങൾക്കു തിരിച്ചടിയാകുകയാണ്.
കഴിഞ്ഞ ഓഗസ്റ്റ് 12ന് നിലന്പൂർ നോർത്ത്, സൗത്ത് ഡിവിഷനുകളുടെ പരിധിയിലുള്ള ജില്ലയിലെ കർഷകർക്കായി ഒക്ടോബർ 19ന് വനം വകുപ്പ് അദാലത്ത് നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും മറ്റൊരു തിയതി പോലും അറിയിക്കാതെ മാറ്റിവച്ചിരിക്കുകയാണ്.